Maoists killed | ലോക്‌സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കെ ഛത്തീസ്ഗഡിൽ ബസ്തർ മേഖലയിൽ ഏറ്റുമുട്ടലിൽ 29 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
* 2024ൽ ഇതുവരെ 61 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
റായ്പൂർ: (KasargodVartha) ഛത്തീസ്ഗഡിൽ ബസ്തർ മേഖലയിലെ കാങ്കർ ജില്ലയിൽ മാവോയിസ്റ്റുകളും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 29 മാവോയിസ്റ്റുകൾ കൊല്ലപ്പെടുകയും മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു. ഏപ്രിൽ 19 ന് ബസ്തറിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സംഭവ വികാസം. ജില്ലയിൽ 60,000-ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്ന് ബസ്തർ ഇൻസ്പെക്ടർ ജനറൽ സുന്ദർരാജ് പി അറിയിച്ചു.
പ്രത്യേക രഹസ്യാന്വേഷണത്തിന്റെ ഭാഗമായി, ബിഎസ്എഫ് (സിഒബി ഛോട്ടേബെട്ടിയ), ഡിആർജി സംഘങ്ങളുടെ സംയുക്ത ഓപ്പറേഷൻ ഏപ്രിൽ 16നാണ് ആരംഭിച്ചതെന്ന് ബിഎസ്എഫ് വക്താവ് പറഞ്ഞു. ഇതിനിടെ സിപിഐ മാവോയിസ്റ്റ് അംഗങ്ങളിൽ നിന്ന് വെടിവയ്പുണ്ടായി. ഇവർക്കെതിരെ ബിഎസ്എഫ് സേന ശക്തമായി തിരിച്ചടിച്ചു. ഒരു ബിഎസ്എഫ് ഉദ്യോഗസ്ഥൻ്റെ കാലിൽ വെടിയുണ്ട ഏറ്റിട്ടുണ്ട്. ഇദ്ദേഹം അപകടനില തരണം ചെയ്തു. ഓപ്പറേഷൻ ഇപ്പോഴും പുരോഗമിക്കുകയാണ്. ഏറ്റുമുട്ടലിൽ 18 പേർ മരിച്ചതായാണ് ആദ്യ റിപോർട്ടുകൾ എങ്കിലും ഏറ്റവുമൊടുവിൽ ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഇതുവരെ 29 സിപിഐ മാവോയിസ്റ്റ് കേഡറുകളുടെ മൃതദേഹങ്ങൾ സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തതായും വക്താവ് പറഞ്ഞു.
പ്രദേശത്ത് സുരക്ഷാസേന തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഛോട്ടേബെട്ടിയ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഏറ്റുമുട്ടൽ നടന്നതെന്നാണ് പ്രാഥമിക വിവരം. ഏഴ് എകെ സീരീസ് തോക്കുകളും മൂന്ന് ലൈറ്റ് മെഷീൻ ഗണ്ണുകളും കണ്ടെടുത്തതായി ഉദ്യോഗസ്ഥൻ വ്യക്തമാക്കി. കഴിഞ്ഞ വർഷം നവംബർ ഏഴിന്, സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ, ഛോട്ടേബെട്ടിയ പൊലീസ് സ്റ്റേഷൻ പരിധിയിലെ പോളിംഗ് ബൂത്തിലേക്ക് പോവുകയായിരുന്ന ഉദ്യോഗസ്ഥരെ അനുഗമിക്കുകയായിരുന്ന ബിഎസ്എഫ് ജവാന് സ്‌ഫോടനത്തിൽ പരിക്കേറ്റിരുന്നു. ഒരു ദിവസത്തിന് ശേഷം അദ്ദേഹം മരണത്തിന് കീഴടങ്ങി. സ്‌ഫോടനത്തിൽ രണ്ട് പോളിംഗ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റിരുന്നു.
ഞായറാഴ്ച, ആഭ്യന്തരമന്ത്രി അമിത് ഷാ ഛത്തീസ്ഗഡിലെ ഖൈരാഗഡിൽ നടത്തിയ സന്ദർശനത്തിൽ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ നക്സലിസം അവസാനിപ്പിക്കുമെന്ന് പറഞ്ഞിരുന്നു. സുരക്ഷാ സേന ഈ വർഷം നക്‌സൽ വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. 2024ൽ ഇതുവരെ 61 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കൂടാതെ, ഈ വർഷം മാവോയിസ്റ്റ് അക്രമത്തിൽ 18 സാധാരണക്കാരും ആറ് സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിട്ടുണ്ട്.
(Updated)