Covaxin | കൊവിഷീല്‍ഡിന് പിന്നാലെ ഇന്‍ഡ്യയില്‍ വ്യാപകമായി ഉപയോഗിച്ച കോവാക്‌സിനും പാര്‍ശ്വഫലമുണ്ടെന്ന് കണ്ടെത്തല്‍; റിപോര്‍ട് പുറത്ത്
*2022 ജനുവരി മുതല്‍ 2023 ഓഗസ്റ്റ് വരെയായിരുന്നു പഠനം.
*291 മുതിര്‍ന്നവരിലും 635 കൗമാരക്കാരിലുമായി ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്.
*ജര്‍മനി ആസ്ഥാനമായുള്ള സ്പ്രിംഗര്‍ ഇങ്ക് എന്ന ജേര്‍ണലില്‍ റിപോര്‍ട് പ്രസിദ്ധീകരിച്ചു.
ന്യൂഡെല്‍ഹി: (KasargodVartha) കൊവിഷീല്‍ഡ് വാക്സിനും പാര്‍ശ്വഫലങ്ങളുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇത് വാക്സിന്‍ നിര്‍മാതാക്കളായ ആസ്ട്രാസെനക സമ്മതിക്കുകയും ചെയ്തിരുന്നു. ചില സന്ദര്‍ഭങ്ങളില്‍ കൊവിഷീല്‍ഡ് എടുത്തവരില്‍ തലച്ചോറിലോ മറ്റ് ശരീരഭാഗങ്ങളിലോ രക്തം കട്ടപിടിക്കാനും പ്ലേറ്റ്ലെറ്റുകളുടെ എണ്ണം കുറയ്ക്കാനും വാക്സിന്‍ കാരണമാകുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചത്. ബ്രിടീഷ് കോടതിയില്‍ സമര്‍പിച്ച രേഖയിലാണ് ആസ്ട്രസെനക ഇക്കാര്യം സമ്മതിച്ചത്.
2020ലെ കോവിഡ്-19 വ്യാപനത്തിന് ശേഷം കോവിഡിനെ പ്രതിരോധിക്കാന്‍ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയോടൊപ്പം ചേര്‍ന്ന് ആസ്ട്രസെനക വികസിപ്പിച്ചെടുത്തതാണ് AZD1222 എന്നറിയപ്പെടുന്ന വാക്സിന്‍. ഇന്‍ഡ്യയില്‍ സെറം ഇന്‍സ്റ്റിറ്റിയൂട് ആണ് കൊവിഷീല്‍ഡ് എന്ന പേരില്‍ ഈ വാക്സിന്‍ നിര്‍മിച്ച് വിതരണം ചെയ്തത്.
ഈ വാക്സിന്‍ രക്തം കട്ടപിടിക്കുന്നതിനും പ്ലേറ്റ്ലെറ്റ് കൗണ്ട് കുറയുന്നതിനും കാരണമാകുന്ന ടിടിഎസ് ഉള്‍പെടെയുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്കും മരണത്തിനും വരെ കാരണമാകുമെന്ന് അന്നേ ആരോപണം ഉയര്‍ന്നിരുന്നു. വിഷയത്തില്‍ കേസ് നടന്നു കൊണ്ടിരിക്കെയാണ് ചുരുങ്ങിയ കേസുകളില്‍ ഇത്തരത്തില്‍ സംഭവിക്കാമെന്ന് ആസ്ട്രസെനക കോടതിയില്‍ സമ്മതിച്ചത്. എന്നാല്‍ ഇതിന്റെ കാരണം എന്തെന്ന് വ്യക്തമല്ല. ടിടിഎസ് പോലുള്ള പ്രശ്നങ്ങള്‍ വാക്സിന്‍ സ്വീകരിക്കാത്തവരിലും വരാമെന്നും ആസ്ട്രസെനക പറഞ്ഞു.
ഇതിന് പിന്നാലെ കോവിഡ് പ്രതിരോധ വാക്സിനായ കോവാക്‌സിനും പാര്‍ശ്വഫലമുണ്ടെന്ന ഞെട്ടിപ്പിക്കുന്ന റിപോര്‍ട് പുറത്തുവന്നു. കോവാക്‌സിന്‍ എടുത്ത മൂന്നിലൊരാള്‍ക്ക് പാര്‍ശ്വഫലങ്ങളുണ്ടായിട്ടുണ്ടെന്നാണ് പഠന റിപോര്‍ട്. 2022 ജനുവരി മുതല്‍ 2023 ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. ജര്‍മനി ആസ്ഥാനമായുള്ള സ്പ്രിംഗര്‍ ഇങ്ക് എന്ന ജേര്‍ണലില്‍ പഠന റിപോര്‍ട് പ്രസിദ്ധീകരിച്ചു.
291 മുതിര്‍ന്നവരിലും 635 കൗമാരക്കാരിലുമായി ആകെ 926 പേരിലായിരുന്നു പഠനം. ഒരുവര്‍ഷം കഴിഞ്ഞശേഷം 926 പേരില്‍ 50 ശതമാനത്തോളം പേര്‍ക്ക് അണുബാധയുണ്ടായതായി സ്ഥിരീകരിച്ചു. മുതിര്‍ന്നവരില്‍ നാലുപേര്‍ മരിച്ചു. ഈ നാലുപേരും പ്രമേഹബാധിതരായിരുന്നു. മൂന്നുപേര്‍ക്കു ഹൈപര്‍ ടെന്‍ഷനും ഉണ്ടായിരുന്നെന്ന് റിപോര്‍ടില്‍ പറയുന്നു.