Accident | കടയിലേക്ക് പച്ചക്കറി എത്തിച്ച ട്രക് പിറകോട്ട് എടുക്കുന്നതിനിടെ ബൈകിൽ ഇടിച്ചു; യുവാവിന് ദാരുണാന്ത്യം; അപകടം സുഹൃത്തിനെ ജോലിസ്ഥലത്ത് കൊണ്ടുവിടുന്നതിനിടെ
Feb 25, 2024, 18:58 IST
മംഗ്ളുറു: (KasargodVartha) ട്രകും ബൈകും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഞായറാഴ്ച പുലർച്ചെ അഞ്ചര മണിയോടെ ബിസി റോഡിലെ കൈകമ്പയിലായിരുന്നു സംഭവം. മംഗ്ളുറു ബണ്ട് വാൾ ആലഡ്ക സ്വദേശി അശ്റഫ് (32) ആണ് മരിച്ചത്. കൈക്കമ്പയിലെ പച്ചക്കറി കടയിൽ ജോലി ചെയ്യുന്ന സുഹൃത്ത് തൻവീറിനെ ബൈകിൽ ജോലിസ്ഥലത്ത് കൊണ്ടുവിട്ട് സഹായിക്കാൻ എത്തിയപ്പോഴാണ് അശ്റഫ് അപകടത്തിൽ പെട്ടത്.
അശ്റഫ് തൻവീറിനെ പച്ചക്കറിക്കടയിൽ ഇറക്കാൻ പോകുന്നതിനിടെ കടയിലേക്ക് പച്ചക്കറി എത്തിച്ച ട്രക് പിറകോട്ട് എടുക്കുകയും ബൈകിൽ ഇടിക്കുകയുമായിരുന്നു. അപകടത്തിൽ അശ്റഫിനും തൻവീറിനും പരുക്കേറ്റു. പരുക്ക് ഗുരുതരമായതിനെ തുടർന്ന് അശ്റഫിനെ ഉടൻ തന്നെ മംഗ്ളൂറിലെ യൂണിറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അശ്രദ്ധമായി ട്രക് പിറകോട്ട് എടുത്തതാണ് അപകടത്തിന് കാരണമായതെന്നാണ് ആക്ഷേപം.