Prajwal Revanna | പ്രജ്വല്‍ രേവണ്ണ എംപി പ്രത്യേക അന്വേഷണ സംഘത്തെ വീണ്ടും കബളിപ്പിച്ചു; നേരത്തെ നിശ്ചയിച്ചിരുന്ന വിമാനത്തില്‍ കയറിയില്ല
*മ്യുനിചില്‍ നിന്ന് ബുധനാഴ്ച പുറപ്പെട്ട വിമാനത്തിലാണ് എംപി യാത്ര ചെയ്യേണ്ടിയിരുന്നത്.
*അശ്ലീല വീഡിയോ വന്‍തോതില്‍ പ്രചരിച്ചിരുന്നു.
*ഇന്റര്‍പോള്‍ ബ്ലൂകോര്‍നര്‍ നോടീസ് പുറത്തിറക്കി.
മംഗ്‌ളൂറു: (KasargodVartha) കര്‍ണാടകയില്‍ ജെ ഡി എസിനേയും എച് ഡി ദേവഗൗഡ കുടുംബത്തേയും മുള്‍മുനയില്‍ നിര്‍ത്തിയ ലൈംഗികാതിക്രമക്കേസ് പ്രതി പ്രജ്വല്‍ രേവണ്ണ എംപി പ്രത്യേക അന്വേഷണ സംഘത്തെ (എസ് ഐ ടി) വീണ്ടും കബളിപ്പിച്ചു. ബുധനാഴ്ച (15.05.2024) അര്‍ധരാത്രി 12.30ന് ബെംഗ്‌ളൂറില്‍ വിമാനം ഇറങ്ങുമെന്ന സൂചനയില്‍ അറസ്റ്റ് ചെയ്യാന്‍ സന്നാഹം ഒരുക്കിയ പൊലീസ് നിരാശരായി മടങ്ങി.
ജര്‍മനിയില്‍ നിന്ന് ലുഫ്താന്‍സ എയര്‍ലൈന്‍സ് വിമാനത്തില്‍ 3.50 ലക്ഷം രൂപയുടെ ബിസിനസ് ടികറ്റ് ബിഹാറിലെ ട്രാവല്‍ ഏജന്‍സി മുഖേന പ്രജ്വല്‍ ബുക് ചെയ്തിരുന്നു. മ്യുനിചില്‍നിന്ന് ബുധനാഴ്ച ഉച്ചയ്ക്ക് 12.05 ന് പുറപ്പെട്ട വിമാനത്തിലാണ് എംപി യാത്ര ചെയ്യേണ്ടിയിരുന്നത്.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി 'കൂട്ട ബലാല്‍സംഗ കേസ് പ്രതി' എന്ന് വിശേഷിപ്പിച്ച പ്രജ്വല്‍ രേവണ്ണ എംപി ഉള്‍പെട്ട അശ്ലീല വീഡിയോ വന്‍തോതില്‍ പ്രചരിച്ചിരുന്നു. പ്രജ്വലും പിതാവ് മുന്‍ മന്ത്രി എച് ഡി രേവണ്ണ എ എല്‍ എയും നൂറുകണക്കിന് സ്ത്രീകളെ ലൈംഗികാതിക്രമത്തിന് വിധേയരാക്കിയ ദൃശ്യങ്ങളാണ് പ്രചരിച്ചത്.
ഹാസന്‍ മണ്ഡലത്തില്‍ വീണ്ടും ജനവിധി തേടിയ സിറ്റിംഗ് എംപി പ്രജ്വല്‍ കഴിഞ്ഞ മാസം 26ന് തിരഞ്ഞെടുപ്പ് നടന്നതിനെത്തുടര്‍ന്ന് നയതന്ത്ര പാസ്‌പോര്‍ട് ഉപയോഗിച്ച് ജര്‍മനിയിലേക്ക് കടക്കുകയായിരുന്നു. പ്രജ്വലിനെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ (എസ് ഐ ടി) സര്‍കാര്‍ നിയോഗിച്ചിരുന്നു.
എസ് ഐ ടി അഭ്യര്‍ഥനയെത്തുടര്‍ന്ന് ഇന്റര്‍പോള്‍ ബ്ലൂകോര്‍നര്‍ നോടീസ് പുറത്തിറക്കുകയും 196 അംഗരാഷ്ട്രങ്ങളിലും വലവിരിക്കുകയും ചെയ്തിട്ടുണ്ട്.