Murder Case | 'പ്രവീൺ മിക്ക സമയവും എന്റെ അനുജത്തിയെ ശല്യം ചെയ്തിട്ടുണ്ടാവും', തൊഴിലിടങ്ങളിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സംവിധാനം വേണമെന്ന് കൊല്ലപ്പെട്ട അയ്നാസിന്റെ സഹോദരൻ; അതിവേഗ കോടതിയിൽ വിചാരണ വേണമെന്ന് കുടുംബം സർകാരിനോട്; മരിച്ചയാളെ കുറിച്ച് തെറ്റായ പ്രചരണം നടത്തരുതെന്നും അഭ്യർഥന
Nov 17, 2023, 19:21 IST
മംഗ്ളുറു: (KasargodVartha) ഉഡുപി മൽപെക്കടുത്ത് നെജാരുവിൽ ഒരു കുടുംബത്തിലെ നാല് പേർ ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ അതിവേഗ കോടതിയിൽ അന്വേഷണം നടത്തണമെന്ന് കുടുംബം സർകാരിനോട് ആവശ്യപ്പെട്ടു. ദാരുണ സംഭവം നടന്ന വീട്ടിൽ വെള്ളിയാഴ്ച രാവിലെ സന്ദർശനത്തിനെത്തിയ ഉഡുപ്പി ജില്ലയുടെ ചുമതലയുള്ള മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കറിനോടാണ് കുടുംബം ഈ ആവശ്യം ഉന്നയിച്ചത്.
പ്രവീൺ മിക്ക സമയവും തന്റെ അനുജത്തിയെ ശല്യം ചെയ്തിട്ടുണ്ടാവുമെന്ന് നൂർ മുഹമ്മദിന്റെ മൂത്ത മകൻ അസദ് പറഞ്ഞു, 'ഇന്നത്തെ കാലത്ത് സ്ത്രീകളിൽ വലിയ പുരോഗതി കാണാനാവും. അവർക്ക് സുരക്ഷ ഒരുക്കേണ്ടതുണ്ട്. ഹിന്ദുക്കളും മുസ്ലീങ്ങളും ഉൾപ്പെടെ എല്ലാ സ്ത്രീകൾക്കും സുരക്ഷ നൽകണം. ജോലിസ്ഥലത്ത് സ്ത്രീകൾക്ക് അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സംവിധാനം വേണം. ജോലിസ്ഥലത്തെ പീഡനങ്ങൾ സ്ത്രീകൾ പുറത്തുപറയാറില്ല. തൊഴിലിടങ്ങളിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ വനിതാ സെൽ രൂപവത്കരിക്കണം.
മിക്കവാറും, പ്രവീൺ എന്റെ അനുജത്തിയെ ശല്യം ചെയ്തിരിക്കണം. സഹോദരി അയാളുടെ മൊബൈൽ ഫോൺ നമ്പർ ബ്ലോക് ചെയ്തിട്ടുണ്ടാവാം. അവൾ അത് വീട്ടിൽ വെളിപ്പെടുത്തിയിരുന്നെങ്കിൽ, ഞങ്ങൾ എന്തെങ്കിലും നടപടി എടുക്കുമായിരുന്നു. ജോലിയിൽ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്ന് പിതാവ് അറിഞ്ഞിരുന്നെങ്കിൽ, ജോലി ഉപേക്ഷിക്കാൻ അവളോട് ആവശ്യപ്പെടുമായിരുന്നു. സ്ത്രീകൾക്ക് അവരുടെ പരാതികൾ അറിയിക്കാൻ ഒരു ഫോറം വേണ്ടതുണ്ട്. സ്ത്രീകളെ വീട്ടിൽ ഇരുത്തി വിവാഹം കഴിപ്പിച്ചയാക്കാൻ മാത്രമുള്ളതല്ല. അവർക്ക് ജോലി ചെയ്യാനുള്ള അവസരം ലഭിക്കണം', അസദ് കൂട്ടിച്ചേർത്തു.
എത്രയും വേഗം നീതി ലഭ്യമാക്കണമെന്ന് ബന്ധു ഫാത്വിമ അസ്ബയും ആവശ്യപ്പെട്ടു. നീതി ലഭിച്ചാലേ ഞങ്ങൾക്ക് ആശ്വാസം ലഭിക്കൂ. സ്ത്രീകൾക്ക് സുരക്ഷ വേണം. സാക്ഷികളും അയൽക്കാരും ഇപ്പോഴും ഭീതിയിലാണ്. പൊലീസ് ഞങ്ങൾക്ക് സുരക്ഷ നൽകണം. കൊലയാളി പകൽ വെളിച്ചത്തിൽ വന്ന് നാല് പേരെ കൊലപ്പെടുത്തി. മരിച്ചവരോട് ആദരവ് കാണിക്കുക. സോഷ്യൽ മീഡിയയിൽ കിംവദന്തികൾ പ്രചരിപ്പിക്കരുത്. മരിച്ചയാളെ കുറിച്ച് തെറ്റായ പ്രചരണം നടത്തരുതെന്നും അവർ അഭ്യർഥിച്ചു.
നവംബർ 12 ന് രാവിലെ 8.30 മണിയോടെയാണ് എയർഇൻഡ്യയിലെ എയർഹോസ്റ്റസ് ട്രെയിനി അയ്നാസ് മുഹമ്മദ് (21), മാതാവ് എം ഹസീന (47), മൂത്ത സഹോദരി അഫ്നാൻ (23), സഹോദരൻ അസീം (14) എന്നിവർ കൊല്ലപ്പെട്ടത്. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന ഹസീനയുടെ ഭർതൃമാതാവ് ഹാജറ (70) യ്ക്ക് പരുക്കേറ്റിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ ബെലഗാവി റായ്ബാഗ് താലൂകിലെ കുടുച്ചിയിൽ നിന്നാണ് പ്രതിയും എയർ ഇൻഡ്യയിൽ കാബിൻ ക്രൂവുമായ മഹാരാഷ്ട്ര സാംഗ്ലി സ്വദേശി പ്രവീൺ അരുൺ ചൗഗുലെയെ (39) പൊലീസ് പിടികൂടിയത്.
വീട്ടിലെത്തിയ മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കർ കുടുംബത്തെ അനുശോചനം അറിയിച്ചു. കുടുംബത്തോട് നീതി ലഭ്യമാക്കുമെന്നും സന്ദർശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ഹെബ്ബാൾക്കർ പറഞ്ഞു. സമാധാനം ഇഷ്ടപ്പെടുന്ന ജില്ലയാണ് ഉഡുപി. ഈ സംഭവം എല്ലാവരെയും ഞെട്ടിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കണം. മുൻകരുതൽ നടപടികളും ക്രമസമാധാനപാലനവും നടത്തും. കുറ്റവാളിയെ കുറിച്ച് ആർക്കും ഒരു വിവരവും ഉണ്ടായിരുന്നില്ല. ഒരു സൈകോയെപ്പോലെയാണ് ഇയാൾ പെരുമാറിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു. പ്രാദേശിക കോൺഗ്രസ് നേതാക്കളും മന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു.
Keywords: News, Mangalore, Crime, Family, Murder, Udupi, Track, Court, Case, Police, Jilla, Muslim, Mobile Phone, Udupi Quadruple Murder: Family demands trial at fast track court
< !- START disable copy paste -->