Investigation | 'ഒരു കുടുംബത്തിലെ 4 പേരെ കുത്തിക്കൊലപ്പെടുത്താൻ പ്രതി ഉപയോഗിച്ച കത്തി കണ്ടെത്തി'; തിരച്ചിലിനിടെ പൊലീസിനെ കബളിപ്പിച്ച് പ്രവീൺ; ആദ്യം പുഴയിലേക്ക് വലിച്ചെറിഞ്ഞെന്ന് മൊഴി, പിന്നീട് കുഴിച്ചിട്ടെന്ന് പറഞ്ഞു; ഒടുവിൽ ലഭിച്ചത് ഫ്‌ലാറ്റിൽ നിന്ന്
Nov 19, 2023, 20:11 IST
മംഗ്ളുറു: (KasargodVartha) ഉഡുപി മൽപെക്കടുത്ത് നെജാരുവിൽ ഒരു കുടുംബത്തിലെ നാല് പേരെ കുത്തിക്കൊലപ്പെടുത്താൻ പ്രതി ഉപയോഗിച്ച കത്തി കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. പ്രതിയും എയർ ഇൻഡ്യയിൽ കാബിൻ ക്രൂവുമായ മഹാരാഷ്ട്ര സാംഗ്ലി സ്വദേശി പ്രവീൺ അരുൺ ചൗഗുലെ (39) യുമായി പൊലീസ് ഇയാളുടെ മംഗ്ളൂറിലെ ഫ്‌ലാറ്റിൽ നടത്തിയ അന്വേഷണത്തിലാണ് കത്തി കണ്ടെടുത്തത്.
പ്രവീൺ കുറ്റകൃത്യം നടത്താൻ ഉപയോഗിച്ചതായി കരുതുന്ന കാർ, മാസ്ക്, രക്തക്കറ പുരണ്ട വസ്ത്രങ്ങൾ, മറ്റ് വസ്തുക്കൾ എന്നിവയും പിടികൂടിയിട്ടുണ്ട്. ഇതോടെ, കൂട്ടക്കൊല സമയത്ത് പ്രതി ഉപയോഗിച്ചിരുന്ന വസ്തുക്കളെല്ലാം കണ്ടെത്തിയതായി ഉഡുപി എസ്പി കെ അരുണ്‍ മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണം തുടരുകയാണെന്നും വരുംദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ അറിയിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കൊലയ്ക്ക് ഉപയോഗിച്ച കത്തി കണ്ടെത്താനുള്ള അന്വേഷണത്തിൽ മതിയായ വിവരങ്ങൾ നൽകാതെ പ്രവീൺ പൊലീസിനെ തെറ്റിദ്ധരിപ്പിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ഉഡുപിയിൽ നിന്ന് മംഗ്ളൂറിലേക്ക് പോകുമ്പോൾ പാലത്തിൽ നിന്ന് പുഴയിലേക്ക് കത്തി എറിഞ്ഞെന്നാണ് ഇയാൾ ആദ്യം മൊഴി നൽകിയത്. പിന്നീട് മംഗ്ളൂറിലെ വീടിന് സമീപം കുഴിച്ചിട്ടതായി പറഞ്ഞു.
ഇതിന്റെ അടിസ്ഥാനത്തിൽ വീട്ടിലും പരിസരത്തും ആയുധങ്ങൾക്കായി തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. വീണ്ടും നടത്തിയ ചോദ്യംചെയ്യലിനൊടുവിലാണ് മംഗ്ളുറു ബെജായിയില്‍ സ്ഥിതി ചെയ്യുന്ന ഫ്‌ലാറ്റില്‍ നിന്ന് കത്തി കണ്ടെത്തിയതെന്ന് ഉഡുപി പൊലീസ് പറഞ്ഞു. നേരത്തെ ഈ ഫ്‌ലാറ്റിൽ താമസിച്ചിരുന്ന പ്രവീണും കുടുംബവും അടുത്തിടെയാണ് സൂറത്കലിലെ വീട്ടിലേക്ക് മാറിയത്. ഫ്‌ലാറ്റും മംഗ്‌ളൂറിൽ രണ്ട് ഭൂമിയും സൂറത്കലിൽ സ്വന്തം വീടും ഉൾപെടെ വൻ ആസ്തികളാണ് പ്രവീണിന് ഉളളതെന്ന് റിപോർടുണ്ട്.
നവംബർ 12 ന് രാവിലെ 8.30 മണിയോടെയാണ്, സഊദി അറേബ്യയിൽ ജോലി ചെയ്യുന്ന കെമ്മണ്ണു ഹമ്പൻകട്ടയിലെ നൂർ മുഹമ്മദിന്റെ ഭാര്യ ഹസീന (46), മക്കളായ അഫ്നാൻ (23), എയർഇൻഡ്യയിലെ എയർഹോസ്റ്റസ് ട്രെയിനി അയ്നാസ് (21), അസീം (12) എന്നിവർ കൊല്ലപ്പെട്ടത്. നവംബർ 15 ന് ബെൽഗാമിലെ കുടച്ചിയിൽ നിന്നാണ് പ്രവീൺ ചൗഗുലെയെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.അതേസമയം കൊലക്കേസിൽ അറസ്റ്റിലായതിനെ തുടർന്ന് പ്രവീൺ അരുൺ ചൗഗുലെയെ ജോലിയിൽ നിന്ന് പുറത്താക്കിയതായി വിമാന കംപനി അറിയിച്ചു.
Keywords: Killed, Mangalore, Crime, Udupi, News, Top-Headlines, Mangalore, Mangalore-News, Crime, Udupi murder case: Weapon and other materials recovered








