Railway | മണ്ണിടിച്ചിൽ മൂലം തടസപ്പെട്ട മംഗ്ളുറു-ബെംഗ്ളുറു പാതയിലെ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു
മണ്ണിടിച്ചിൽ സംഭവിച്ച സ്ഥലത്ത് വേഗനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ട്രെയിനുകൾ നിശ്ചിത സമയത്ത് തന്നെ സഞ്ചരിക്കും
മംഗ്ളുറു: (KasargodVartha) ഹാസൻ ജില്ലയിലെ ബല്ലുപേട്ട്-സകലേഷ്പുർ സ്റ്റേഷനുകൾക്കിടയിൽ അചങ്കി-ദോഡ്ദനഗരയിൽ ഉണ്ടായ മണ്ണിടിച്ചിൽ മൂലം തടസ്സപ്പെട്ടിരുന്ന മംഗ്ളുറു-ബെംഗ്ളുറു പാതയിലെ ട്രെയിൻ സർവീസുകൾ തിങ്കളാഴ്ച വൈകീട്ടോടെ പൂർണമായും പുനഃസ്ഥാപിച്ചു. ദക്ഷിണ-പശ്ചിമ റെയിൽവേയാണ് ഈ വിവരം അറിയിച്ചത്.
നിർത്തിവെച്ചിരുന്നു എല്ലാ ട്രെയിൻ സർവീസുകളും ഇപ്പോൾ പുനരാരംഭിച്ചതായി റെയിൽവേ വ്യക്തമാക്കി. മണ്ണിടിച്ചിൽ സംഭവിച്ച സ്ഥലത്ത് വേഗനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ട്രെയിനുകൾ നിശ്ചിത സമയത്ത് തന്നെ സഞ്ചരിക്കും.
ഓഗസ്റ്റ് 16 ന് മലയിൽ നിന്ന് മണ്ണ് പാളങ്ങളിൽ വീണതിനെ തുടർന്ന് ട്രെയിൻ സർവീസുകൾ ആദ്യം നിർത്തിയിരുന്നു. മണ്ണ് നീക്കാനുള്ള ശ്രമങ്ങൾ ഉടനെ ആരംഭിച്ചെങ്കിലും തുടർച്ചയായ മണ്ണിടിച്ചിൽ പ്രവർത്തനങ്ങളെ ബാധിച്ചു. ഇപ്പോൾ പാളങ്ങളിൽ നിന്ന് മണ്ണ് പൂർണമായും നീക്കം ചെയ്തിട്ടുണ്ട്.
ട്രെയിൻ സർവീസ് പുനസ്ഥാപിച്ചത് മംഗ്ളുറു-ബെംഗ്ളുറു പാതയിൽ യാത്ര ചെയ്യുന്നവർക്ക് വലിയ ആശ്വാസമായി. ഏറെനാളായി ട്രെയിൻ സർവീസ് തടസ്സപ്പെട്ടതിനാൽ അവർക്ക് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു.
#train #landslide #mangaluru #bengaluru #Karnataka #India #travel #transportation