Rescue | അർജുനെ തിരഞ്ഞ് ഷിരൂരിൽ സൈന്യവും; കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ദുരന്തസ്ഥലത്തെത്തി
മംഗ്ളുറു: (KasargodVartha) ഉത്തരകന്നഡ ജില്ലയിൽ ദേശീയപാത 66ൽ അങ്കോളയ്‌ക്കടുത്ത് ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുന് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുന്നതിനിടെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സംഭവസ്ഥലത്തെത്തി. ദുരന്തനിവാരണ സേനാംഗങ്ങളും ഉദ്യോഗസ്ഥരുമായി സംസാരിച്ച അദ്ദേഹം തിരച്ചിൽ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ നിർദേശം നൽകി. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി അപകടം സ്ഥലം സന്ദർശിച്ചത്.
ഞായറാഴ്ച ഉച്ചയോടെ സൈന്യവും രക്ഷാപ്രവർത്തനങ്ങൾക്കായി ഷിരൂരിലെത്തിയിട്ടുണ്ട്. ബെലഗാവിയിൽ നിന്നുള്ള 40 അംഗ സംഘമാണ് അത്യാധുനിക ഉപകരണങ്ങളുമായി എത്തിയിരിക്കുന്നത്. റഡാറില്‍ സിഗ്നല്‍ലഭിച്ച പ്രദേശം കേന്ദ്രീകരിച്ചാണ് നിലവില്‍ തിരച്ചില്‍ നടത്തുന്നത്. സൈന്യത്തിന്റെ സഹായത്തോടെ രക്ഷാപ്രവർത്തനം കൂടുതൽ ഊർജിതമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അപകടത്തിന്റെ ആറാം ദിനത്തിലാണ് കാര്യക്ഷമമായ പ്രവർത്തങ്ങൾ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത്.
#Karnataka CM @siddaramaiah inspects the landslide site at Shirur in Ankola in #UttaraKannada dist today.@NewIndianXpress@XpressBengaluru @santwana99 @Cloudnirad @ns_subhash pic.twitter.com/HbD7SfVj2o
— Ramu Patil (@ramupatil_TNIE) July 21, 2024
ഷിരൂരിലെ രക്ഷാപ്രവർത്തനത്തിന് തുടർച്ചയായി പെയ്യുന്ന മഴ വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്
നിലവിൽ ഷിരൂരിലെ രക്ഷാപ്രവർത്തനം നടക്കുന്നത് എൻഡിആർഎഫ്, ദേശീയ പാത അതോറിറ്റി, നാവികസേന, കോസ്റ്റ് ഗാർഡ്, അഗ്നിരക്ഷാസേന, പൊലീസ് എന്നിവരുടെ ഏകോപനത്തിലാണ്. അപകടം നടന്ന സ്ഥലത്തുനിന്ന് കൂടുതൽ മണ്ണ് നീക്കം ചെയ്യുന്നത് പുരോഗമിക്കുകയാണ്. തിരച്ചിൽ വേഗത്തിലാക്കുന്നതിന് ഐഎസ്ആർഒയുടെ സഹായവും തേടിയിട്ടുണ്ട്. ഗംഗാവാലി പുഴയിലും തിരച്ചിൽ നടത്തി വരുന്നുണ്ട്.
ബെംഗ്ളൂറിൽ നിന്ന് രാവിലെ പ്രത്യേക വിമാനത്തിൽ ഗോവയിലേക്ക് പുറപ്പെട്ട മുഖ്യമന്ത്രി അവിടെ നിന്ന് റോഡ് മാർഗമാണ് ഷിരൂരിലെത്തിയത്. റവന്യു മന്ത്രി കൃഷ്ണ ബൈരഗൗഡ നേരത്തെ ഇവിടെയുണ്ട്. മഴക്കെടുതിയിൽ ദുരിതത്തിലായ പ്രദേശത്തെ കുടുംബാംഗങ്ങളെയും അദ്ദേഹം സന്ദർശിക്കും. കഴിഞ്ഞ പത്ത് ദിവസമായി ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ഉഡുപ്പി, കൊടഗ് തുടങ്ങിയ ജില്ലകളിൽ കനത്ത മഴ തുടരുകയാണ്.