Accident | കർണാടക കുന്ദാപുരത്ത് കാറും ലോറിയും കൂട്ടിയിടിച്ച് 7 മലയാളികൾക്ക് പരുക്ക്; അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
● ഗുരുതരമായി പരുക്കേറ്റ നാല് പേർ ഐസിയുവിൽ.
● പയ്യന്നൂർ, അന്നൂർ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.
● ലോറി ഡ്രൈവർക്കും പരുക്കേറ്റു.
മംഗ്ളുറു: (KasargodVartha) കുന്ദാപുരം കുംഭാശിക്ക് സമീപം ദേശീയപാത 66ൽ ഇന്നോവ കാറും ലോറിയും കൂട്ടിയിടിച്ച് ഏഴ് മലയാളികൾക്ക് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ നാല് പേർ ഐസിയുവിൽ ചികിത്സയിലാണ്. മറ്റുള്ളവരെ കുന്ദാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂകാംബിക ക്ഷേത്രദർശനത്തിനായി പുറപ്പെട്ടവരാണ് അപകടത്തിൽപ്പെട്ടത്.
പയ്യന്നൂർ സ്വദേശികളായ നാരായണൻ, ഭാര്യ വത്സല, അയൽവാസി കൗസ്തുഭത്തിൽ മധു, ഭാര്യ അനിത, അന്നൂർ സ്വദേശി ഭാർഗവൻ, ഭാര്യ ചിത്രലേഖ, കാർ ഡ്രൈവർ ഫാസിൽ എന്നിവർക്കാണ് പരുക്കേറ്റത്. ലോറി ഡ്രൈവറെയും പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ചണ്ഡിക ദുർഗാ പരമേശ്വരി ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം.
കാർ ക്ഷേത്രത്തിലേക്ക് തിരിയാനായി പിറകോട്ട് എടുക്കുന്നതിനിടെ പിന്നിൽ നിന്ന് വരികയായിരുന്ന മീൻ ലോറി ഇടിക്കുകയായിരുന്നു. ഗോവയിൽ നിന്ന് കേരളത്തിലേക്ക് മീനുമായി പോവുകയായിരുന്നു ലോറി. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകരുകയും ലോറി മറിയുകയും ചെയ്‌തു. അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കുന്ദാപുരം ട്രാഫിക് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
#KarnatakaAccident #CarAccident #LorryAccident #KeralaNews #RoadSafety