Accident | സ്‌കൂട്ടർ റോഡിലെ കുഴിയിൽ വീണ് യാത്രക്കാരി തെറിച്ചുവീണു; ലോറികയറി ദാരുണമായി മരിച്ചു; പാത ഉപരോധിച്ച് പ്രദേശവാസികൾ
● പ്രദേശവാസികൾ റോഡ് ഉപരോധിച്ചു.
● പൊലീസ് സംഘം സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തി.
മംഗ്ളുറു: (KasargodVartha) തൊക്കോട്ട്-മംഗ്ളുറു യൂണിവേഴ്സിറ്റി റോഡിലുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരി ദാരുണമായി മരിച്ചു. ദേർളക്കട്ടയിലെ ആശുപത്രി ജീവനക്കാരനായ കെ റാഷിദിന്റെ ഭാര്യ റഹ്മത്ത് (47) ആണ് മരിച്ചത്.
ദമ്പതികൾ ദേർളക്കട്ടയിൽ നിന്ന് തൊക്കോട്ട് ഭാഗത്തേക്ക് സ്കൂട്ടറിൽ വരുമ്പോഴാണ് അപകടം സംഭവിച്ചത്. റോഡിലെ കുഴികളിൽ വീണ സ്കൂട്ടറിൽ നിന്ന് തെറിച്ചുവീണ റഹ്മത്തിന്റെ ദേഹത്ത് പിന്നാലെ വന്ന ടാങ്കർ ലോറി കയറിയിറങ്ങിയതായി ദൃക്‌സാക്ഷികൾ പറഞ്ഞു.
ഈ ദുരന്തത്തിന് കാരണം റോഡിലെ നിരവധി കുഴികളാണെന്ന് ആരോപിച്ച് പ്രദേശവാസികൾ റോഡ് ഉപരോധിച്ചു. സംഭവ സ്ഥലത്തെത്തിയ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ദിനേശ് കുമാർ, അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ നജ്മ ഫാറൂഖി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നാട്ടുകാരുമായി ചർച്ച നടത്തി രംഗം ശാന്തമാക്കി.
തൊക്കോട്ട് റോഡ് നവീകരണം: 30 കോടി രൂപ അനുവദിച്ചു
തൊക്കോട്ട്-ചെമ്പുഗുഡ്ഡെ റോഡ് നവീകരണത്തിന് സർക്കാർ 30 കോടി രൂപ അനുവദിച്ചതായി മംഗളൂരു എംഎൽഎയും കർണാടക നിയമസഭ സ്പീക്കറുമായ യു ടി ഖാദർ അറിയിച്ചു. മഴയെത്തുടർന്ന് പ്രവൃത്തി ആരംഭിക്കാൻ കഴിയാതിരുന്നതായി അദ്ദേഹം വ്യക്തമാക്കി.
സ്‌കൂട്ടർ അപകടത്തിൽ മരിച്ച റഹ്മത്തിന്റെ മരണത്തിൽ കുടുംബത്തോട് യു ടി ഖാദർ അനുശോചനം അറിയിച്ചു. ഓസ്‌ട്രേലിയയിലെ സിഡ്നിയിൽ നടക്കുന്ന കോമൺവെൽത്ത് സമ്മേളനത്തിൽ പങ്കെടുക്കുന്നതിനിടെയാണ് അദ്ദേഹം ഈ വിവരം പങ്കുവച്ചത്. റോഡിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടത്താൻ താൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നതായി ഖാദർ പറഞ്ഞു.
#MangaluruAccident #Pothole #RoadSafety #Protest #JusticeForRahmath #Traffic #Karnataka