Corruption | പേര് ചേർക്കാൻ ആവശ്യപ്പെട്ടത് 4 ലക്ഷം; ലോകായുക്തയുടെ കെണിയിൽ റവന്യൂ ഇൻസ്‌പെക്ടർ കുടുങ്ങി; കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിൽ
● മംഗളൂരുവിലെ റവന്യൂ ഇൻസ്‌പെക്ടർ കൈക്കൂലി വാങ്ങി പിടിയിലായി.
● വസ്തുവിൽ പേര് ചേർക്കുന്നതിന് 4 ലക്ഷം രൂപ ആവശ്യപ്പെട്ടു.
● ലോകായുക്ത പൊലീസിന്‍റെ കെണിയിൽ വീണു.
മംഗ്ളുറു: (KasargodVartha) ഒരു വസ്തുവിൽ അവകാശികളുടെ പേര് ചേർക്കുന്നതിനായി നാലു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ മുൽക്കി റവന്യൂ ഇൻസ്‌പെക്ടർ ജിഎസ് ദിനേശിനെ ലോകായുക്ത പൊലീസ് കയ്യോടെ പൊക്കി.
തന്റെ മുത്തശ്ശി മരിച്ചതിനെത്തുടർന്ന് സൂറത്കൽ ജംഗ്ഷനു സമീപമുള്ള വസ്തുവിൻ്റെ ആർടിസിയിലെ അവകാശികളുടെ പേരുകൾ അപ്ഡേറ്റ് ചെയ്യുന്നതിനായി പരാതിക്കാരൻ കഴിഞ്ഞ വർഷം മുൽക്കി താലൂക്ക് തഹസിൽദാറുടെ ഓഫീസിൽ അപേക്ഷ സമീപിച്ചിരുന്നു.
എന്നാൽ, ഒരു വർഷത്തിലേറെയായിട്ടും നടപടിയെടുക്കാൻ റവന്യൂ ഇൻസ്‌പെക്ടർ തയ്യാറായില്ല.
ഈ മാസം ഒമ്പതിന് പരാതിക്കാരൻ റവന്യൂ ഇൻസ്‌പെക്ടറുടെ ഓഫീസിൽ അപേക്ഷയുടെ നിജസ്ഥിതി അന്വേഷിക്കാൻ എത്തിയപ്പോൾ ദിനേശ് നാല് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് പരാതി.
ഇത് സംബന്ധിച്ച് പരാതിക്കാരൻ ലോകായുക്ത പൊലീസിൽ പരാതിപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ സൂറത്കൽ ജംങ്ഷനു സമീപം പരാതിക്കാരനിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ ലോകായുക്ത പൊലീസ് കെണിയൊരുക്കുകയും ദിനേശിനെ കൈയോടെ പിടികൂടുകയുമായിരുന്നു.
കർണാടക ലോകായുക്ത മംഗളൂരു എസ്പി എംഎ നടരാജിൻ്റെ മേൽനോട്ടത്തിലായിരുന്നു ഓപ്പറേഷൻ. എഎസ്പി ഡോ.ഗണ പി കുമാർ, ഇൻസ്പെക്ടർമാർ അമാനുല്ല എ, സുരേഷ് കുമാർ പി, ചന്ദ്രശേഖർ കെഎൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
#bribery #corruption #India #Karnataka #Mangalore #arrest #government #revenue #Lokayukta