Shirur landslide | ശക്തമായ സമ്മർദം; ആറാം ദിനത്തിൽ അർജുന് വേണ്ടിയുള്ള രക്ഷാപ്രവർത്തനം കാര്യക്ഷമമായി; സഹായത്തിന് ഐഎസ്ആര്‍ഒയും; ഗംഗാവാലി നദിയിലും തിരച്ചിൽ
മംഗ്ളുറു: (KasargodVartha) ഉത്തരകന്നഡ ജില്ലയിൽ അങ്കോള താലൂകിലെ ഷിരൂരിൽ മണ്ണിടിഞ്ഞു കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള രക്ഷാപ്രവർത്തനം ഊർജിതമായി. മുഖ്യമന്ത്രി സിദ്ധരാമയ്യ ഉച്ചയോടെ അപകടസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തും. ദുരന്തസ്ഥലത്ത് തിരയൽ ഊർജിതമാക്കുന്നതിനായി ഐഎസ്ആർഒയുടെ സഹായവും തേടിയിട്ടുണ്ട്.
രക്ഷാപ്രവർത്തനം കൂടുതൽ ഊർജിതമാക്കുന്നതിനായി കൂടുതൽ സംവിധാനങ്ങൾ എത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളേക്കാൾ കൂടുതൽ ടിപ്പർ ലോറികൾ ദുരന്തസ്ഥലത്തെത്തിയിട്ടുണ്ട്. അർജുന്റെ ലോറി ഉണ്ടെന്ന് കരുതുന്ന സ്ഥലത്തെ മണ്ണ് നീക്കം ചെയ്യുന്ന പ്രവർത്തനം ത്വരിതഗതിയിൽ പുരോഗമിക്കുകയാണ്. പ്രദേശത്ത് കാലാവസ്ഥ വെല്ലുവിളി സൃഷ്ടിക്കുന്നതും ലോറി ഉണ്ടെന്ന് കരുതുന്ന സ്ഥലത്ത് വീണ്ടും മണ്ണിടിച്ചിലിന് സാധ്യതയുള്ളതും ആശങ്ക പടർത്തിയിട്ടുണ്ട്.
#WATCH | Uttara Kannada, Karnataka: Restoration work underway following a massive landslide on NH 66 near Shirur village in Ankola taluk. pic.twitter.com/Y4XvAllOIl
— ANI (@ANI) July 21, 2024
മലയാളി രക്ഷാപ്രവർത്തകൻ രഞ്ജിത്ത് ഇസ്രായേലിന്റെയും സ്ഥലം എംഎൽഎ സതീഷ് കൃഷ്ണ സെയിലിന്റെയും നേതൃത്വത്തിലാണ് തിരച്ചിൽ പുരോഗമിക്കുന്നത്. സമീപത്തുള്ള ഗംഗാവാലി നദിയിലും തിരച്ചിൽ നടത്തുന്നുണ്ട്. മണ്ണിടിച്ചിൽ മൂലം അർജുന്റെ ലോറി നദിയിലേക്ക് തള്ളപ്പെട്ടിരിക്കാമെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്. ഗംഗാവാലി പുഴയിൽ വീണ പാചകവാതകം നിറച്ച ടാങ്കർ ലോറി ഏഴ് കിലോമീറ്റർ അകലെ സഗഡ്ഗേരി ഗ്രാമത്തിൽ നിന്നാണ് കണ്ടെത്താനായത്.
രാവിലെയോടെ സൈന്യവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിൽ ഭാഗമാകും. മണ്ണിനടിയിൽ അര്‍ജുൻ അടക്കം മൂന്ന് പേര് കുടുങ്ങിയതായാണ് സംശയിക്കുന്നത്. ബെംഗ്ളൂറിൽ നിന്ന് വിമാനത്തിൽ ഗോവയിലെത്തുന്ന മുഖ്യമന്ത്രി ഉച്ചയ്ക്ക് ശേഷം കാർവാർ വഴി ഷിരൂർ സന്ദർശിക്കുമെന്നാണ് അറിയിപ്പ്. തുടർന്ന് അദ്ദേഹം വീണ്ടും കാർവാറിലെത്തി സാഹചര്യങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും.
റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡ, കോൺഗ്രസ് എംഎൽഎയും മുൻ മന്ത്രിയുമായ ആർ വി ദേശ്പാണ്ഡെ എന്നിവരും സ്ഥലം സന്ദർശിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കും. ബിജെപി സംസ്ഥാന അധ്യക്ഷൻ ബി വൈ വിജയേന്ദ്രയും ഷിരൂരിയിലെത്തുന്നുണ്ട്. കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമി ശനിയാഴ്ച പ്രദേശം സന്ദർശിച്ചിരുന്നു.
ബെലഗാവി ക്യാമ്പിൽ നിന്നുളള 40 പേരടങ്ങുന്ന സൈനിക സംഘമാണ് ഷിരൂരിലെത്തുന്നത്. അവരുടെ വരവ് തിരയൽ വേഗത്തിലാക്കാനും കൂടുതൽ ഫലപ്രദമാക്കാനും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഉപഗ്രഹ ചിത്രങ്ങൾ ഉപയോഗിച്ച് മണ്ണിടിച്ചിലിന്റെ വ്യാപ്തിയും രക്ഷാപ്രവർത്തകർക്ക് സഹായകരമായേക്കാവുന്ന മറ്റ് വിവരങ്ങളും ഐഎസ്ആർഒ നൽകും.
കേരളത്തിൽ നിന്നുള്ള സമ്മർദം
രക്ഷാപ്രവർത്തനം കാര്യക്ഷമമല്ലെന്ന് തുടക്കം മുതലേ പരാതി ഉയർന്നിരുന്നു. മന്ദഗതിയിലാണ് തിരച്ചിൽ നടന്നത്. കേരളത്തിൽ നിന്നുള്ള ശക്തമായ സമ്മർദങ്ങൾക്ക് പിന്നാലെയാണ് രക്ഷാപ്രവർത്തനം കൂടുതൽ കാര്യക്ഷമമായത്. ആറ് ദിവസമായിട്ടും അർജുനെ കണ്ടെത്താൻ സാധിക്കാത്തത് വലിയ ദുഃഖകരമായ കാര്യമാണെന്നാണ് വിവിധ കോണുകളിൽ നിന്നുള്ള വിമർശനം. ഐഎസ്ആർഒയുടെ സഹായത്തോടെയും സൈനികരുടെയും മറ്റ് രക്ഷാപ്രവർത്തകരുടെയും പരിശ്രമത്താലും അർജുനെ എത്രയും വേഗം സുരക്ഷിതനാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.