കാസര്‍കോട്ടേക്കുള്ള യാത്രയ്ക്കിടയില്‍ നാദിര്‍ശയുടെ കാണാതായ ബാഗ് കണ്ടെത്തിയ ഉദ്യോഗസ്ഥന് റയില്‍വേയുടെ ആദരവ്; മുരളീധരന് ഇത് ആത്മാര്‍ഥതയ്ക്കുള്ള അംഗീകാരം
കാസര്‍കോട്: (www.kasargodvartha.com 17.02.2021) നടനും സംവിധായകനുമായ നാദിര്‍ശയുടെ കാസര്‍കോട്ടേക്കുള്ള യാത്രയ്ക്കിടയില്‍ മകളുടെ വിവാഹത്തിനുള്ള ആഭരണങ്ങളും വസ്ത്രങ്ങളും അടങ്ങിയ ബാഗ് കാണാതായതും തിരിച്ചു കിട്ടിയതും വാര്‍ത്തയായിരുന്നു. ബാഗ് തിരിച്ച് കിട്ടിയതിനു പിന്നില്‍ ഒരു റയില്‍വേ ഉദ്യോഗസ്ഥന്റെ സത്യസന്ധമായ ഇടപെടലായിരുന്നു സഹായകരമായത്. ടിടിഇ ആയ കോഴിക്കോട് മേമുണ്ട സ്വദേശി മുരളീധരനായിരുന്നു ആ ഉദ്യോഗസ്ഥന്‍. അദ്ദേഹത്തിന്റെ ആത്മാര്‍ഥതയ്ക്കുള്ള അംഗീകരമായി മുരളീധരനെ റയില്‍വേ അധികൃതര്‍ ആദരിച്ചു. അഡീഷനല്‍ ഡിവിഷനല്‍ റെയില്‍വേ മാനജര്‍ ആര്‍ രഘുരാമന്‍, അഡീഷനല്‍ ഡിവിഷനല്‍ റെയില്‍വേ മാനജര്‍ സി ടി ശകീര്‍ ഹുസൈന്‍, സീനിയര്‍ ഡിവിഷനല്‍ കൊമേഴ്‌സല്‍ മാനജര്‍ ജെറിന്‍ ജി ആനന്ദ്, സീനിയര്‍ ഡിവിഷനല്‍ സേഫ്റ്റി ഓഫിസര്‍ സി മുരളീധരന്‍ എന്നിവര്‍ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുത്തു. ജോലിയോടുള്ള കൂറും വിശ്വസ്തതയും ഉദ്യോഗസ്ഥര്‍ പ്രസംഗത്തില്‍ എടുത്തു പറഞ്ഞു.
കഴിഞ്ഞ ആഴ്ചയായിരുന്നു നാദിര്‍ശയുടെ മകള്‍ ഐശയും പ്രാമുഖ്യ വ്യവസായി അബ്ദുല്‍ ലത്വീഫ് ഉപ്പള ഗേറ്റിന്റെ മകനും തമ്മിലുള്ള വിവാഹം നടന്നത്. വ്യാഴാഴ്ച രാവിലെയാണ് വിവാഹത്തിനായി നാദിര്‍ശയും കുടുംബവും മലബാര്‍ എക്‌സ്പ്രസില്‍ കാസര്‍കോട് എത്തിയത്. സ്റ്റേഷന് പുറത്തിറങ്ങിയപ്പോഴാണ് ബാഗ് മറന്ന കാര്യം ഓര്‍മ വന്നത്. അപ്പോഴേക്കും ട്രെയിന്‍ പോയിക്കഴിഞ്ഞിരുന്നു. ഉടന്‍ തന്നെ നാദിര്‍ശ അധികൃതരെ വിവരമറിയിച്ചു. ഉദ്യോഗസ്ഥര്‍ ടിടിഇ എം മുരളീധരന് വിവരം കൈമാറി. അദ്ദേഹത്തിന്റെ വിശദമായ പരിശോധനക്കൊടുവില്‍ ബാഗ് കണ്ടെത്തുകയായിരുന്നു. തീവണ്ടി മംഗാലപുരത്തെത്തിയപ്പോള്‍ റോഡ് മാര്‍ഗമെത്തിയ നാദിര്‍ശയുടെ ബന്ധുവിന് ബാഗ് കൈമാറി.
റയില്‍വേ അധികൃതരുടെ ഇടപെടലാണ് ബാഗ് കിട്ടാന്‍ കാരണമായതെന്ന് നാദിര്‍ശയും പറഞ്ഞിരുന്നു.