city-gold-ad-for-blogger

പ്രൊഫഷണൽ കോഴ്സ് പ്രവേശന നടപടികൾ ഏകീകരിക്കണം; ഏകീകൃത വിദ്യാഭ്യാസ കലണ്ടർ വേണമെന്ന് പ്രൊഫ്കോൺ സമ്മേളനം

Aboubaker Salafi inaugurating the 29th Profcon conference in Mangaluru.
Photo: Special Arrangement

● 29 മത് പ്രൊഫ്കോൺ ആഗോള പ്രൊഫഷണൽ വിദ്യാർത്ഥി സമ്മേളനം മംഗലാപുരത്ത് സമാപിച്ചു.
● മെഡിക്കൽ ഉൾപ്പെടെയുള്ള കോഴ്സുകളുടെ പ്രവേശന നടപടികൾ പൂർത്തിയാക്കാത്തതിൽ ആശങ്ക.
● വിദ്യാർത്ഥികളുടെ മാനസികാരോഗ്യം സംബന്ധിച്ച ആശങ്കകൾക്ക് സമഗ്ര കർമ്മപദ്ധതി വേണം.
● സോഷ്യൽ മീഡിയ ഉപയോഗത്തിന് പ്രായപരിധി നിശ്ചയിക്കുന്നത് പരിഗണിക്കണമെന്ന് നിർദ്ദേശം.
● എൻ.ഐ.ടി. കാലിക്കറ്റ് ഗോൾഡ് മെഡലിസ്റ്റ് മുഹമ്മദ് അമീന് 'പ്രോഫ്‌ലൂമിന അവാർഡ്' സമ്മാനിച്ചു.
● കേരളം, ബാംഗ്ലൂർ, ഡൽഹി തുടങ്ങി വിദേശത്തെ സർവ്വകലാശാലകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു.

മംഗളൂരു: (KasargodVartha) പ്രൊഫഷണൽ കോഴ്‌സുകൾക്കുള്ള പ്രവേശന നടപടികൾ ദേശീയ തലത്തിൽ ഏകീകരിക്കാൻ അധികൃതർ തയ്യാറാകണമെന്ന് വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡൻസ് ഓർഗനൈസേഷൻ മംഗലാപുരത്ത് സംഘടിപ്പിച്ച 29 മത് പ്രൊഫ്കോൺ ആഗോള പ്രൊഫഷണൽ വിദ്യാർത്ഥി സമ്മേളനം ആവശ്യപ്പെട്ടു. പല ഘട്ടങ്ങളിലായി നടക്കുന്ന വിവിധ സ്ട്രീം പ്രവേശന നടപടികൾ വിദ്യാർത്ഥികൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുകയും നടപടികൾ നീളാൻ കാരണമാവുകയും ചെയ്യുന്നുവെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി.

Profcon conference in Mangaluru.

ഇതിനെ കൃത്യമായി ഏകോപിപ്പിച്ച് ഒരു ഏകീകൃത വിദ്യാഭ്യാസ കലണ്ടർ സാധ്യമാക്കാൻ അധികൃതർ നടപടിയെടുക്കണം. മെഡിക്കൽ ഉൾപ്പെടെയുള്ള കോഴ്സുകളുടെ പ്രവേശന നടപടികൾ ഇപ്പോഴും പൂർത്തീകരിക്കാത്ത നിലവിലെ സാഹചര്യം ഗൗരവത്തിൽ എടുത്ത് അധികൃതർ അടിയന്തര പ്രാധാന്യത്തോടെ ഇടപെട്ട് പരിഹാരം കാണണമെന്നും പ്രൊഫ്കോൺ ആവശ്യപ്പെട്ടു. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും, ബാംഗ്ലൂർ, ഹൈദരാബാദ്, ചെന്നൈ, ഡൽഹി തുടങ്ങിയ രാജ്യത്തെ പ്രധാന നഗരങ്ങളിലെയും വിദേശത്തെയും ഉന്നത സർവ്വകലാശാലകളിൽ നിന്നും നൂറുകണക്കിന് പ്രൊഫഷണൽ വിദ്യാർത്ഥി പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു.

മാനസികാരോഗ്യവും സോഷ്യൽ മീഡിയ നിയന്ത്രണവും

വിദ്യാർത്ഥികളുടെ മാനസികാരോഗ്യം അഥവാ മാനസികാവസ്ഥ സംബന്ധിച്ച് ഉയരുന്ന ആശങ്കകളെ അഭിമുഖീകരിക്കാൻ അധികൃതർ സമഗ്രമായ കർമ്മപദ്ധതികൾ തയ്യാറാക്കണം എന്നും സമ്മേളനം ആവശ്യപ്പെട്ടു. സമൂഹ മാധ്യമങ്ങളുടെ വർദ്ധിച്ച ഉപയോഗം വിദ്യാർത്ഥികളിലുണ്ടാക്കുന്ന സ്വാധീനം ഗൗരവത്തിലെടുക്കണം. വിദ്യാർത്ഥികൾക്കിടയിൽ വർദ്ധിച്ചു വരുന്ന ജീവനൊടുക്കൽ നിരക്കുകൾ ഭീതിപ്പെടുത്തുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്.

2024-ൽ ആസ്‌ട്രേലിയയിൽ ഉൾപ്പെടെ ഏഴ് രാഷ്ട്രങ്ങളിൽ 16 വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗത്തിന് പൂർണ്ണ നിരോധനവും മറ്റുള്ളവർക്ക് പാരൻ്റൽ കൺസെൻ്റോടെയുള്ള അഥവാ രക്ഷിതാവിൻ്റെ സമ്മതത്തോടെയുള്ള നിയന്ത്രണവും ഏർപ്പെടുത്തിയ നടപടികൾ മാതൃകയാക്കണം. ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് ഇന്ത്യയിൽ ഉടനീളം പ്രായ പരിധി നിശ്ചയിക്കുന്നതും പരിഗണിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

സമാപന സമ്മേളനം

ഞായറാഴ്ച പ്രൗഢോജ്ജ്വലമായ സമാപനത്തോടെയാണ് 29 മത് പ്രൊഫ്കോൺ ആഗോള പ്രൊഫഷണൽ വിദ്യാർത്ഥി സമ്മേളനം അവസാനിച്ചത്. പ്രമുഖ പണ്ഡിതനും വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ടുമായ അബൂബക്കർ സലഫി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡൻസ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി. മുഹമ്മദ് ശമീൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ അലൈഡ് ഹെൽത്ത് കൗൺസിൽ ചെയർമാൻ ഡോ. യു.ടി. ഇഫ്തിക്കർ പരീദ് മുഖ്യാതിഥിയായി. ഹുസൈൻ സലഫി ഷാർജ മുഖ്യപ്രഭാഷണം നിർവഹിച്ചു.

'പ്രോഫ്‌ലൂമിന അവാർഡ് ഫോർ എക്സലൻസ്’ പുരസ്കാരം എൻ.ഐ.ടി. കാലിക്കറ്റ് ഗോൾഡ് മെഡലിസ്റ്റ് മുഹമ്മദ് അമീന് പ്രോഫ്കോൺ സ്വാഗതസംഘം ചെയർമാൻ അഡൂർ ബി. ഇബ്രാഹീം ഐ.എ.എസ് (റിട്ട.) സമ്മാനിച്ചു. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. അഷ്റഫ്, ഫൈസൽ മൗലവി പുതുപ്പറമ്പ്, ശമീർ മദീനി, മുഹമ്മദ് സ്വാദിഖ് മദീനി, സി. മുഹമ്മദ് അജ്മൽ, യാസിർ അൽ ഹികമി, മുഹമ്മദ് ബിൻ ഷാക്കിർ, ശൈഖ് അബ്ദുസ്സലാം മദനി, ശഫീഖ് ബിൻ റഹീം, ഹംസ ഷാക്കിർ അൽഹികമി, അജ്‌വദ് ചെറുവാടി, ഡോ. മുഹമ്മദ് മുബഷിർ ടി.സി എന്നിവർ വിവിധ സെഷനുകളിലായി പ്രബന്ധാവതരണങ്ങൾ നടത്തി. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ട്രഷറർ കെ. സജ്ജാദ്, കർണ്ണാടക സലഫി അസോസിയേഷൻ പ്രസിഡൻ്റ് ഡോ. ഹഫീസ് സ്വലാഹി എന്നിവർ ആശംസകൾ നേർന്നു.

പ്രൊഫഷണൽ വിദ്യാർത്ഥികളുടെ ഈ ആവശ്യം എത്രത്തോളം പ്രസക്തമാണ്? നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക.

Article Summary: Profcon conference demands unified national admission and mental health plan.

#Profcon #EducationReform #MentalHealth #StudentConference #Mangaluru #Wisdom









 

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia