Murder | 'പൊലീസുകാരൻ ഭാര്യയെ എസ് പി ഓഫീസ് പരിസരത്ത് കുത്തിക്കൊന്നു', ശേഷം രക്ഷപ്പെട്ടു
17 വർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. രണ്ട് മക്കളുണ്ട്
മംഗ്ളുറു: (KasaragodVartha) ഹാസൻ ജില്ലയിൽ പൊലീസ് കോൺസ്റ്റബിൾ തിങ്കളാഴ്ച ഭാര്യയെ കുത്തിക്കൊന്ന ശേഷം രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. ശാന്തിഗ്രാമ സർക്കിൾ ഇൻസ്പെക്ടർ ഓഫീസിലെ കെ ലോക്നാഥാണ് (47) ഭാര്യ മമതയെ (41) ഹാസൻ ജില്ല പൊലീസ് സൂപ്രണ്ട് ഓഫീസ് പരിസരത്ത് അക്രമിച്ചത്.
ഭർത്താവിനെതിരെ പരാതി നൽകാൻ എസ് പി ഓഫീസിൽ എത്തിയതായിരുന്നു യുവതി. ഇതേച്ചൊല്ലിയുണ്ടായ വാക്കേറ്റം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യുവതിയെ പൊലീസുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും നെഞ്ചിനേറ്റ ആഴത്തിലുള്ള മുറിവിനെത്തുടർന്ന് മരിച്ചു.
കഴിഞ്ഞ നാലഞ്ചു ദിവസമായി ഭാര്യാഭർത്താക്കന്മാർ തമ്മിൽ വഴക്ക് പതിവായിരുന്നുവെന്നാണ് പറയുന്നത്. 17 വർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. രണ്ട് മക്കളുണ്ട്. സംഭവത്തിൽ പൊലീസ് ഊർജിത അന്വേഷണം നടത്തിവരികയാണ്.