Accident | മകന്റെ വിവാഹത്തിന് ക്ഷണിക്കാൻ പോകുന്നതിനിടെ പഞ്ചായത്ത് അംഗത്തിന് ദാരുണാന്ത്യം; മഴ കാരണം ബസിൽ കയറ്റിവിട്ട ഭാര്യ അപകടത്തിൽ നിന്ന് വഴിമാറി
ദക്ഷിണ കന്നഡ ജില്ലയിലെ സോണങ്കേരിയിലാണ് അപകടം സംഭവിച്ചത്
മംഗ്ളുറു: (KasargodVartha) ദക്ഷിണ കന്നഡ ജില്ലയിലെ സോണങ്കേരിയിൽ കർണാടക ആർടിസി ബസ് ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. നെല്ലൂർ കെംരാജു ഗ്രാമ പഞ്ചായത്ത് അംഗം രാമചന്ദ്ര പ്രഭുവാണ്(68) തിങ്കളാഴ്ചയുണ്ടായ അപകടത്തിൽ മരിച്ചത്.
നെല്ലോറെ കെംരാജു ഗ്രാമവാസിയായ പ്രഭു മകന്റെ വിവാഹ ക്ഷണക്കത്തുകൾ വിതരണം
ചെയ്യാൻ സുള്ള്യയിലേക്ക് വരുമ്പോഴാണ് അപകടം സംഭവിച്ചത്. എതിരെ നിന്ന് വന്ന ബസിന്റെ ഇടിയുടെ ആഘാതത്തിൽ സംഭവസ്ഥലത്ത് തന്നെ മരിച്ചു.
വീട്ടിൽ നിന്ന് പുറപ്പെടുമ്പോൾ ഭാര്യ ഉമാവതി സ്കൂട്ടറിൽ പിൻയാത്രികയായി ഉണ്ടായിരുന്നു. ദുഗ്ളഡുക്കയിൽ എത്തിയപ്പോൾ പൊടുന്നനെ മഴ പെയ്തു. ഭാര്യയെ സുള്ള്യയിലേക്കുള്ള ബസിൽ കയറ്റിവിട്ട് യാത്ര തുടർന്ന പ്രഭു സുട്ടുകോട്ട വളവിൽ എത്തിയപ്പോൾ അപകടത്തിൽ പെട്ടു.
തലക്കേറ്റ മാരക പരുക്കാണ് മരണ കാരണമെന്ന് പൊലീസ് പറഞ്ഞു. പൊതുസമ്മതനായ സാമൂഹിക പ്രവർത്തകനായ പ്രഭു നെല്ലൂരു കെംപാജെ പ്രാഥമിക കാർഷിക സഹകരണ സംഘം ബിൽ കലക്ടറായിരുന്നു. പിന്നീടാണ് ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടത്.