Mystery | മംഗ്ളുറു മുൻ എംഎൽഎയുടെ സഹോദരനെ ദുരൂഹമായി കാണാതായി; കാർ അപകടത്തിൽപ്പെട്ട നിലയിൽ കണ്ടെത്തി
● പൊലീസ്, ഫയർഫോഴ്സ് എന്നിവർ സംയുക്തമായി പുഴയിൽ തിരച്ചിൽ നടത്തുന്നു.
● മിസ്ബാഹ് ഗ്രൂപ്പ് ഓഫ് എജ്യുകേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസിന്റെ ചെയർമാനാണ്.
● മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത്
മംഗ്ളുറു: (KasargodVartha) മംഗ്ളുറു നോർത് മുൻ എംഎൽഎ മുഹ്‌യുദ്ദീൻ ബാവയുടെ സഹോദരൻ മുംതാസ് അലിയെ ദുരൂഹമായി കാണാതായതായി പരാതി. ഇദ്ദേഹത്തിന്റെ കാർ ഞായറാഴ്ച രാവിലെ കുളൂർ പാലത്തിൽ അപകടത്തിൽപ്പെട്ട നിലയിൽ കണ്ടെത്തി.
മുംതാസ് അലി തന്റെ മകൾക്ക് വാട്‌സ്ആപ് വഴി ‘ഞാൻ മടങ്ങിവരില്ല’ എന്ന സന്ദേശം അയച്ചതായി കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് ഫയർഫോഴ്‌സ്, നീന്തൽ വിദഗ്ധർ എന്നിവർ പുഴയിൽ തിരച്ചിൽ തുടരുകയാണ്. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്വേഷണം ഊർജിതമാക്കി.
'ഞായറാഴ്ച പുലർച്ചെ മുംതാസ് അലിയുടെ വാഹനം കുളൂർ പാലത്തിന് സമീപം കണ്ടെത്തിയതായി വിവരം ലഭിച്ചു. ലോക്കൽ പൊലീസ് അന്വേഷണം നടത്തി വരുന്നു. പ്രാഥമിക അന്വേഷണത്തിൽ, ഇദ്ദേഹം പുലർച്ചെ മൂന്ന് മണിയോടെ വീട്ടിൽ നിന്ന് കാറിൽ പുറപ്പെട്ട് നഗരത്തിൽ കറങ്ങിയിരുന്നതായും പിന്നീട് അഞ്ച് മണിയോടെ കുളൂർ പാലത്തിന് സമീപം കാർ നിർത്തിയതായുമാണ് മനസിലാക്കുന്നത്', സിറ്റി പൊലീസ് കമ്മീഷണർ അനുപം അഗർവാൾ പറഞ്ഞു.
മിസ്ബാഹ് ഗ്രൂപ്പ് ഓഫ് എജ്യുകേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസിന്റെ ചെയർമാനും പൊതുപ്രവർത്തകനുമാണ് മുംതാസ് അലി. മുഹ്‌യുദ്ദീൻ ബാവയും കുടുംബാംഗങ്ങളും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.
#missingperson #mangaluru #india #crime #investigation #breakingnews#missingperson #mangaluru #india #crime #investigation #breakingnews