Drowned | ഇന്‍സ്റ്റഗ്രാമില്‍ രസം പകരാന്‍ സുമന്ത് വെള്ളച്ചാട്ടത്തില്‍ ചാടിയത് മരണക്കയത്തിലേക്ക്
മംഗ്‌ളൂറു: (www.kasargodvartha.com) ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാന്‍ രസകരമായ രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചതായി പൊലീസ്. മംഗളൂറു സ്വദേശിയും ചെന്നൈയില്‍ പി ജി വിദ്യാര്‍ഥിയുമായ കെ സുമന്ത് (23) ആണ് ആന്ധ്രപ്രദേശില്‍ തിരുപ്പതി ജില്ലയിലെ തലകോണ വെള്ളച്ചാട്ടത്തില്‍ ചാടി മരണത്തിലേക്ക് ഊളിയിട്ടത്.
പാറക്കെട്ടില്‍ നിന്ന് ചാടുന്ന രംഗം പകര്‍ത്തി വെള്ളത്തില്‍ മലര്‍ന്നുകിടന്ന് നീന്തുന്ന ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ സുമന്ത് മുങ്ങിപോവുകയായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്നവര്‍ ബന്ധുക്കളെ അറിയിച്ചു. കഴിഞ്ഞ ദിവസം സന്ധ്യാനേരത്താണ് സുമന്തും സുഹൃത്തുക്കളും സാഹസിക യാത്രയുടെ ഭാഗമായി തിരുപ്പതിയില്‍ എത്തിയത്.
സുമന്ത് ആണ്ടുപോയപ്പോള്‍ കൂട്ടുകാര്‍ മുങ്ങിത്തപ്പിയെങ്കിലും കണ്ടെത്താനായില്ലെന്ന് പൊലീസ് പറഞ്ഞു. ഉടന്‍ യര്‍റവരിപാലം പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. പൊലീസും നീന്തല്‍ വിദഗ്ധരും ചേര്‍ന്ന് തിരഞ്ഞെങ്കിലും കൂരിരുട്ട് തടസമായി. രാവിലെയാണ് മൃതദേഹം പുറത്തെടുത്തത്.തല വെള്ളച്ചാട്ടത്തിനടിയിലെ പാറകള്‍ക്കിടയില്‍ കുടുങ്ങി അനങ്ങാന്‍ കഴിയാതെയാണ് സുമന്തിന്റെ മരണം സംഭവിച്ചതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ് മോര്‍ടത്തിനായി പെലുരു ഗവ. ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Keywords: Mangaluru, News, National, Drowned, Case, Police, Mangaluru: Young man drowned







