Railway Police | ദാദര്‍ എക്‌സ്പ്രസില്‍ വാള്‍ വീശിയ സംഘം കൊള്ളക്കാരല്ലെന്ന് റെയില്‍വേ പൊലീസ്
മംഗളൂരു: (www.kasargodvartha.com) ദാദര്‍ എക്‌സ്പ്രസില്‍ വാള്‍ വീശിയ സംഘം കൊള്ളക്കാരല്ലെന്ന് റെയില്‍വേ പൊലീസ്. ദാദര്‍-തിരുനല്‍വേലി എക്‌സ്പ്രസ് (22629) ട്രെയിനില്‍ വെള്ളിയാഴ്ച രാത്രി റിസര്‍വേഷന്‍ കംപാര്‍ട്‌മെന്റില്‍ വാള്‍ വീശി പരിഭ്രാന്തി സൃഷ്ടിച്ച തമിഴ്‌നാട്ടുകാരായ ജയപ്രഭ (28), പ്രസാദ് (23) എന്നിവര്‍ കൊള്ളക്കാരോ അക്രമികളോ അല്ലെന്നാണ് റെയില്‍വേ പൊലീസ് അറിയിച്ചത്. തെങ്ങ് കയറ്റത്തൊഴിലാളികളായ ഇരുവരും തമ്മിലുണ്ടായ വഴക്കിനിടയില്‍ വാളുകള്‍ ഉപയോഗിച്ചതാണത്രെ.
ഇരുവരുടെയും ആയുധപ്രയോഗം കണ്ട് കവര്‍ചക്കാര്‍ ആണെന്ന് യാത്രക്കാര്‍ തെറ്റിദ്ധരിച്ചതാണെന്നും തമ്മിലുള്ള ഏറ്റുമുട്ടലില്‍ വാള്‍മുന തട്ടിയാണ് ട്രെയിനിന്റെ സീറ്റ് കവറുകള്‍ക്കും ജനല്‍ ഗ്ലാസിനും കേട് പറ്റിയെന്നും പറഞ്ഞു. മംഗളൂറുവിനടുത്ത സൂറത്കല്‍-തോക്കൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലായിരുന്നു സംഭവം നടന്നത്. തോക്കൂരില്‍ ക്രോസിങിനായി ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ തമിഴ് സംസാരിക്കുന്ന രണ്ടു പേര്‍ കയറുകയായിരുന്നു. ഇരുവരും വാളുകള്‍ വീശാന്‍ തുടങ്ങിയതോടെ എസ്07 റിസര്‍വേഷന്‍ കോചിലെ യാത്രക്കാര്‍ ഭയന്ന് ജനറല്‍ കംപര്‍ട്‌മെന്റിലേക്ക് ഓടിക്കയറി.
ഇതിനിടെ ടിടിഇമാരായ കെ ബാബു, ശ്രീനിവാസ് ഷെട്ടി, തിമ്മപ്പ ഗൗഡ എന്നിവര്‍ ചേര്‍ന്ന് രണ്ടുപേരുടെയും കൈയില്‍ നിന്ന് വാളുകള്‍ ബലമായി പിടിച്ചുവാങ്ങുകയായിരുന്നു. പിന്നീട് ഇവരെ പൊലീസിന് കൈമാറി.
Keywords: Mangaluru, News, National, Train, Sword, Tokur, Mangaluru: Two men with swords on train at Tokur.