Initiative | നവംബർ മുതൽ കർണാടക ആർടിസി ബസുകളിൽ യുപിഐ, ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാം! പണം കയ്യിൽ കരുതേണ്ട, ഓൺലൈനായി അടക്കാം
● 8000-ലധികം കെഎസ്ആർടിസി ബസുകളിൽ ഈ സേവനം ലഭ്യമാകും.
● ബസുകളിൽ ഇലക്ട്രോണിക് ടിക്കറ്റ് മെഷീനുകൾ സ്ഥാപിക്കും.
●എല്ലാ ജീവനക്കാർക്കും പരിശീലനം നൽകും.
മംഗ്ളുറു: (KasargodVartha) പൊതുഗതാഗത രംഗത്ത് ഒരു വലിയ മാറ്റത്തിന് തുടക്കം കുറിക്കാൻ കർണാടക ആർടിസി. നവംബർ മുതൽ കെഎസ്ആർടിസി ബസുകളിൽ പൂർണമായും ക്യാഷ്‌ലെസ് അഥവാ പണരഹിത യാത്ര സംവിധാനം നടപ്പിലാക്കാൻ ഒരുങ്ങുകയാണ് അധികൃതർ.
ഈ പുതിയ സംവിധാനം പ്രകാരം യാത്രക്കാർക്ക് യുപിഐ, ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് എന്നിവ ഉപയോഗിച്ച് ടിക്കറ്റിന് പണം നൽകാം. കെഎസ്ആർടിസി ബസുകളിൽ ഇതിനായി പ്രത്യേകം ഒരുക്കിയ ഇലക്ട്രോണിക് ടിക്കറ്റ് മെഷീനുകൾ (ETM) സ്ഥാപിക്കും. 8000-ലധികം കെഎസ്ആർടിസി ബസുകളിൽ ഈ സേവനം ലഭ്യമാകും.
എന്താണ് ഇടിഎം?
ഇടിഎം അഥവാ ഇലക്ട്രോണിക് ടിക്കറ്റ് മെഷീനുകൾ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ടിക്കറ്റുകൾ പ്രിന്റ് ചെയ്യുന്ന ഉപകരണങ്ങളാണ്. യാത്രക്കാരൻ തന്റെ ലക്ഷ്യസ്ഥാനം നൽകിയാൽ മെഷീൻ സ്വയമേ ടിക്കറ്റ് തുക കണക്കാക്കി പേയ്‌മെന്റ് സ്വീകരിക്കും. ജൂൺ മാസത്തോടെ കെഎസ്ആർടിസി ബസുകളിൽ പണരഹിത യാത്ര സംവിധാനം നടപ്പിലാക്കാനായിരുന്നു ആദ്യം തീരുമാനമെടുത്തിരുന്നത്.
എന്നാൽ, യാത്രാടിക്കറ്റ് നൽകുന്ന ഉപകരണങ്ങളുടെ കരാർ കാലാവധി ഒക്ടോബർ മാസത്തോടെയാണ് അവസാനിക്കുന്നത് എന്നതിനാൽ ഈ പദ്ധതി നടപ്പാക്കുന്നത് വൈകി. ഇതിനെ തുടർന്ന്, നവംബർ മാസം മുതൽ പുതിയ ഉപകരണങ്ങൾ ഉപയോഗിച്ച് പണമില്ലാത്ത യാത്ര സംവിധാനം പൂർണമായും ആരംഭിക്കാൻ തീരുമാനിക്കുകയായിരുന്നു.
കെഎസ്ആർടിസിയിൽ ഇടിഎം നടപ്പിലാക്കുന്നത് നിലവിൽ പരീക്ഷണാടിസ്ഥാനത്തിലാണെന്ന് അധികൃതർ അറിയിച്ചു. എല്ലാ കെഎസ്ആർടിസി ബസുകളിലും ഇടിഎമ്മുകൾ സ്ഥാപിക്കാനും ജീവനക്കാർക്ക് പുതിയ മെഷീനുകൾ ഉപയോഗിക്കുന്നതിനുള്ള പരിശീലനം നൽകാനും പദ്ധതിയുണ്ട്. ഇടിഎമിൽ ഒരു ക്യാമറ സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഒരിക്കൽ പൂർണമായി ചാർജ് ചെയ്താൽ, ഈ ഉപകരണങ്ങൾ തടസ്സമില്ലാതെ 72 മണിക്കൂർ വരെ പ്രവർത്തിപ്പിക്കാൻ സാധിക്കും.
#KSRTC #Mangaluru #cashless #travel #India #technology #publictransport