Bomb Threat | ബോംബ് ഭീഷണി: മംഗ്ളുറു വിമാനത്താവളത്തിൽ സുരക്ഷ വർധിപ്പിച്ചതായി പൊലീസ്; കേസെടുത്ത് അന്വേഷണം ഊർജിതമാക്കി
* എംഐഎ ചീഫ് സെക്യൂരിറ്റി ഓഫീസർ മോനിഷ് കെജിയാണ് ബജ്‌പെ പൊലീസിൽ പരാതി നൽകിയത്
മംഗ്ളുറു: (KasaragodVartha) മംഗ്ളുറു അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർക്ക് ഇമെയിലിലൂടെ ബോംബ് ഭീഷണി ലഭിച്ച സംഭവത്തിൽ ബജ്‌പെ പൊലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കി. ബോംബ് ഭീഷണിയെത്തുടർന്ന് സുരക്ഷ വർധിപ്പിച്ചതായി പൊലീസ് അറിയിച്ചു. 'ടെററൈസേഴ്‌സ് 111' എന്ന് അവകാശപ്പെടുന്ന സംഘമാണ് ഇമെയിൽ അയച്ചതെന്ന് മംഗ്ളുറു സിറ്റി പൊലീസ് കമീഷണർ അനുപം അഗർവാൾ പറഞ്ഞു.
വിമാനത്താവളത്തിൽ മൂന്നിടത്തായി സ്‌ഫോടകവസ്തുക്കൾ വച്ചിട്ടുണ്ടെന്നും വലിയ രക്തച്ചൊരിച്ചിൽ
സംഭവിക്കുമെന്നും അതുകൊണ്ട് ഈ മുന്നറിയിപ്പും ഭീഷണിയും നിസ്സാരമായി കാണരുതെന്നുമാണ് ഇമെയിൽ സന്ദേശത്തിലുള്ളതെന്ന് പൊലീസ് കമീഷണർ കൂട്ടിച്ചേർത്തു. ഏപ്രിൽ 29ന് രാവിലെ 9.37നാണ് ബോംബ് ഭീഷണി ലഭിച്ചത്.
എംഐഎ ചീഫ് സെക്യൂരിറ്റി ഓഫീസർ മോനിഷ് കെജിയാണ് ബജ്‌പെ പൊലീസിൽ പരാതി നൽകിയത്. ഐപിസി സെക്ഷൻ 507 പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അന്വേഷണത്തിൽ അജ്ഞാതർ രാജ്യത്തെ 25ലധികം വിമാനത്താവളങ്ങളിലേക്ക് സമാനമായ രീതിയിൽ ബോംബ് ഭീഷണി സന്ദേശം അയച്ചതായി കണ്ടെത്തി.