Mangaluru Airport | മംഗ്ളുറു അന്താരാഷ്ട്ര വിമാനത്താവളം ഇനി മുതൽ 'നിശബ്ദ'മാകും! മൈകിലൂടെയുള്ള അറിയിപ്പുകൾ നിർത്തി; എല്ലാ കാര്യങ്ങളും സ്‌ക്രീനിലൂടെ ലഭിക്കും
* വിമാനത്താവളത്തിൽ യാത്രക്കാർക്ക് ശല്യമാകാതിരിക്കാനാണ് ഈ തീരുമാനം
മംഗ്ളുറു: (KasaragodVartha) മംഗ്ളുറു അന്താരാഷ്ട്ര വിമാനത്താവളം ഇനി നിശബ്ദമായി പ്രവർത്തനം തുടരും. മൈകിലൂടെയുള്ള അറിയിപ്പുകൾ ഇനി ഉണ്ടാകില്ല. യാത്രക്കാർക്ക് വിമാനത്തിന്റെ സ്ഥിതി, എത്തിച്ചേരുന്ന സമയം, അറിയിപ്പുകൾ തുടങ്ങിയ വിവരങ്ങൾ സ്‌ക്രീനിലൂടെ ലഭിക്കും. ഇതിനായി വിമാനത്താവളത്തിനകത്തും പുറത്തും കൂറ്റൻ ഡിസ്‌പ്ലേകൾ സ്ഥാപിച്ചിട്ടുണ്ട്.
ഇത് കൂടാതെ ടെർമിനലിലെ 'മെയ് ഐ ഹെൽപ് യു' ഡെസ്‌കും കസ്റ്റമർ സർവീസ് ജീവനക്കാരും 'പ്രണാമം' ജീവനക്കാരും യാത്രക്കാർക്ക് ആവശ്യമായ വിവരങ്ങളും സഹായങ്ങളും നൽകും. കൂടാതെ യാത്രക്കാർക്ക് രജിസ്റ്റർ ചെയ്ത ഇമെയിലിലും മൊബൈൽ നമ്പറുകളിൽ എസ് എം എസ് വഴിയും വിവരങ്ങൾ ലഭ്യമാക്കും. സമ്പൂർണ ശബ്ദ രഹിത വിമാനത്താവളമായി മാറാനാണ് മംഗ്ളുറു അന്താരാഷ്ട്ര വിമാനത്താവളം ഒരുങ്ങുന്നത്.
വിമാനത്താവളത്തിൽ യാത്രക്കാർക്ക് ശല്യമാകാതിരിക്കാനാണ് ഈ തീരുമാനമെന്നും ഇനി മുതൽ ഫ്ലൈറ്റ് ഇൻഫർമേഷൻ ഡിസ്പ്ലേ സിസ്റ്റത്തിൽ (FID) വിമാനത്തിൻ്റെ വിവരങ്ങൾ പ്രദർശിപ്പിക്കുമെന്നും വിമാനത്താവളത്തിൻ്റെ പല ഭാഗങ്ങളിലും ഈ ഡിസ്പ്ലേകൾ സ്ഥാപിക്കുമെന്നും അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് യാത്രക്കാർക്ക് എയർപോർട് ടെർമിനൽ മാനജരുടെ ഓഫീസ് സന്ദർശിക്കുകയോ അതത് വിമാന കംപനി അധികാരികളെ ബന്ധപ്പെടുകയോ ചെയ്യാം.