മംഗ്ളൂരു വിമാന ദുരന്തം: 15 വർഷം പിന്നിടുമ്പോഴും നീതിക്കായി കാത്ത് ആശ്രിതർ

● 2010 മെയ് 22 ന് രാവിലെയാണ് അപകടമുണ്ടായത്.
● 158 യാത്രക്കാർ ദാരുണമായി മരിച്ചു.
● 8 പേർ അത്ഭുതകരമായി രക്ഷപ്പെട്ടു.
● മൂന്നാമത്തെ വലിയ വിമാന ദുരന്തമായിരുന്നു ഇത്.
● നഷ്ടപരിഹാരം ലഭിക്കാത്തവർ നിയമപോരാട്ടത്തിൽ.
● സുപ്രീം കോടതിയിൽ കേസ് തുടരുന്നു.
● അന്തിമ വിധി ഉടൻ ഉണ്ടാകുമെന്ന പ്രതീക്ഷയിൽ.
കാസർകോട്: (KasargodVartha) മംഗ്ളൂരു എയർ ഇന്ത്യാ വിമാനം മംഗളുരു വിമാനത്താവളത്തിന് സമീപം തകർന്നുവീണുണ്ടായ ദുരന്തത്തിന് പതിനഞ്ചാണ്ട് തികയുന്നു. 2010 മെയ് 22ന് രാവിലെ 6.10 ന് മംഗ്ളൂരു ബജ്പെ ഇൻ്റർനാഷണൽ എയർപോർട്ടിൽ ലാൻ്റിംഗിനിടെ റൺവേയിൽ നിന്ന് തെന്നിമാറി കെഞ്ചാർ മലഞ്ചെരുവിലേക്ക് വീണ് തീപ്പിടിച്ച് 158 യാത്രക്കാർ ദാരുണമായി മരിച്ച സംഭവത്തിനു ഇന്ന് (മെയ് 22) പതിനഞ്ചാണ്ട് പൂർത്തിയായി.
കണ്ണൂർ, കാസർകോട്, മംഗ്ളൂരു സ്വദേശികളായ 158 യാത്രക്കാരാണ് മരിച്ചത്. 160 യാത്രക്കാരും ആറ് വിമാനജോലിക്കാരുമടക്കം 166 പേരായിരുന്നു എ ഐ വിമാനത്തിൽ ഉണ്ടായിരുന്നത്. 8 പേർ അത്ഭുതകരമായി രക്ഷപ്പെട്ടു. യു എ ഇ യിലെ വിവിധ എമിറേറ്റ്സ്കളിൽ കഫ്റ്റീരിയ, ഗ്രോസറി തുടങ്ങിയ സ്ഥാപനങ്ങളിൽ തുഛമായ ശമ്പളത്തിന് ജോലി ചെയ്തിരുന്നവർ മുതൽ ഉയർന്ന തസ്തികകളിൽ ജോലി ചെയ്യുന്നവർ വരെ പ്രസ്തുത വിമാനത്തിലെ യാത്രക്കാരായിരുന്നു. സന്ദർശക വിസയിലെത്തി മടങ്ങുന്നവരും കൂട്ടത്തിലുണ്ടായിരുന്നു.
ഇന്ത്യയിൽ നടന്ന ഏറ്റവും വലിയ മൂന്നാമത്തെ വിമാന ദുരന്തമായിരുന്നു ഇത്. അപകടത്തിൽ മരിച്ചവരിൽ മൃതദേഹങ്ങൾ തിരിച്ചറിയാത്തതിനാൽ കൂട്ടി സംസ്ക്കാരം നടത്തിയ കെഞ്ചാറിൽ ചെറിയൊരു സ്മാരകം സ്ഥാപിച്ചിരുന്നു.
അതേ സമയം മരിച്ചവരുടെ ആശ്രിതർക്ക് ലഭിക്കേണ്ട ഇൻ്റർനാഷണൽ കരാർ പ്രകാരമുള്ള നഷ്ടപരിഹാരം പലർക്കും ലഭിച്ചിട്ടില്ല - ഇങ്ങനെ നഷ്ട പരിഹാരം ലഭിക്കാത്ത കുമ്പള ആരിക്കാടി സ്വദേശിയുടെ പിതാവ് അബ്ദുൽ സലാം ഇന്ത്യാ ഗവർമെൻ്റിനെ എതിർകക്ഷിയാക്കി ഫയൽ ചെയ്ത കേസ് ഇപ്പോഴും സുപ്രീം കോടതിയിൽ തുടരുകയാണ്.
അപകടമുണ്ടായ ദിവസം മംഗ്ളുരിൽ വച്ച് അന്നത്തെ വ്യോമയാന മന്ത്രി ഉടമ്പടി പ്രകാരമുള്ള നഷ്ടപരിഹാരം നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. എയർ ഇന്ത്യാ കമ്പനി ചുമതലപ്പെടുത്തിയ മുംബെയിലെ കമ്പനി അപകടത്തിൽ മരിച്ചവരുടെ ആശ്രിതരുമായി വിലപേശി അർഹമായ നഷ്ട പരിഹാരം നൽകാതെ പലർക്കും തുഛമായ സംഖ്യ നൽകി കേസ് ഒതുക്കി തീർക്കാൻ ശ്രമിച്ചപ്പോഴാണ് അബ്ദുൽ സലാം കോടതിയെ സമീപിച്ചത്.
ഈ കേസിൽ കഴിഞ്ഞ സപ്തംബറിൽ എയർ ഇന്ത്യ സുപ്രീം കോടതിയിൽ കൗണ്ടർ പെറ്റീഷൻ ഫയൽ ചെയ്തിരുന്നു. ഈ കേസിൽ അന്തിമ വിധി ഉടൻ ഉണ്ടാകുമെന്ന പ്രതീക്ഷയിൽ ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർ കണ്ണീരും പ്രാർഥനകളുമായി ഇപ്പോഴും കഴിഞ്ഞുകൂടുന്നു.
മൗണ്ടിയൻ കരാർ അടിസ്ഥാനത്തിലുള്ള നഷ്ടപരിഹാരമാണ് ആശ്രിതർ ആവശ്യപ്പെടുന്നത്. പരമോന്നത നീതിപീഠത്തിൽ നിന്ന് താമസിയാതെ വിധി വരുമെന്ന് ആശ്രിതർ പ്രതീക്ഷിക്കുന്നു.
മംഗ്ളൂരു വിമാന ദുരന്തത്തിന്റെ 15-ാം വാർഷികത്തിലും നീതിക്കായി കാത്തിരിക്കുന്ന കുടുംബങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ ഈ വാർത്ത വായിക്കുക. നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Summary: 15 years after the Mangaluru Air India Express crash, victims' families are still fighting for compensation in the Supreme Court, awaiting justice.
#MangaluruAirCrash #AirIndiaExpress #JusticeForVictims #FlightIX812 #AviationTragedy #India