Bus Services | ചുരം പാതയിലെ നിയന്ത്രണങ്ങൾ; മംഗ്ളുറു-ബെംഗ്ളുറു ബസ് സർവീസുകളുടെ താളം തെറ്റി
ബദൽ പാതകളിൽ ദൂരം കൂടുമെന്നതാണ് പ്രശ്നം
മംഗ്ളുറു: (KasargodVartha) ശിരദി-സംപാജെ ചുരം പാതയിലെ ഗതാഗത നിയന്ത്രണങ്ങൾ മൂലം മംഗ്ളുറു-ബെംഗ്ളുറു പ്രീമിയം ബസ് സർവീസുകൾ താളം തെറ്റി. കർണാടക ആർടിസിയുടെ അംബാരി ഉത്സവ്, വോൾവോ മൾട്ടി ആക്സിൽ, ഡ്രീം ക്ലാസ് സ്ലീപ്പർ ബസുകളിൽ പകുതിയോളം സർവീസ് നിർത്തിവച്ചിരിക്കുകയാണെന്ന് മംഗ്ളുറു ഡിവിഷണൽ കൺട്രോളർ രാജേഷ് ഷെട്ടി പറഞ്ഞു.
നിലവിൽ 40 ബസുകളിൽ 20 എണ്ണം മാത്രമാണ് രാത്രി സർവീസ് നടത്തുന്നത്. നോൺ എ സി സ്ലീപ്പർ, രാജഹംസ, സാധാരണ ബസുകൾ എന്നിവ ചർമാദി ചുരം പാത വഴി തിരിച്ചു വിടുന്നുണ്ട്. പ്രീമിയം ബസുകളുടെ സഞ്ചാരത്തിന് ഈ പാത അനുയോജ്യമല്ല. ശിരദി ചുരം വഴി സർവീസ് നടത്തുന്ന 20 പ്രീമിയം ബസുകളിലെ യാത്രക്കാർ മറ്റു വഴികൾ ഇല്ലാത്തതിനാൽ പ്രയാസം സഹിക്കുകയാണ്.
രാത്രി പുറപ്പെടുന്ന ബസുകൾ പുലർച്ചെ എത്തേണ്ട സ്ഥാനത്ത് പകൽ എത്തുന്ന അവസ്ഥയാണ്. തിരിച്ചുള്ള യാത്രയിലും സമാന പ്രശ്നങ്ങൾ നേരിടുന്നുണ്ട്. രാത്രി 10.30/11.00 മണിക്ക് മംഗളൂവിൽ നിന്ന് പുറപ്പെടുന്ന പ്രീമിയം ബസുകൾ പിറ്റേന്ന് പുലർച്ചെ ആറിന് പകരം രാവിലെ 11നാണ് ഗതാഗത നിയന്ത്രണം കാരണം ബംഗളൂരുവിൽ എത്തുന്നത്.
അർധരാത്രി രണ്ട് - മൂന്ന് മണിക്ക് ശിരദി ചുരത്തിൽ എത്തുന്ന ബസ് പുലർച്ചെ ആറു വരെ അവിടെ നിറുത്തിയിട്ടാണ് യാത്ര തുടരുന്നത്. അത്രയും സമയം യാത്രക്കാർക്ക് ബസിൽ നഷ്ടമാവുന്നു. ബദൽ പാതകളായ ഹുളിക്കൽ ചുരം, കുദ്രെമുഖ്-കലസ-ചിക്കമഗളൂരു പാതകൾ സർക്കാരിന് സമർപ്പിച്ചിട്ടുണ്ടെങ്കിലും ദൂരം കൂടുമെന്നതാണ് പ്രശ്നം.