Improvement | കേരള-കർണാടക അതിർത്തിയിലെ മാക്കൂട്ടം ചുരം പാതയുടെ ദയനീയമായ അവസ്ഥയ്ക്ക് പരിഹാരമാവുന്നു
● തലശ്ശേരിയെയും മൈസൂറിനെയും ബന്ധിപ്പിക്കുന്നു.
● പാതയുടെ ദുർഘടമായ അവസ്ഥ അപകടങ്ങൾക്ക് കാരണമായിരുന്നു
● 20 കിലോമീറ്റർ റോഡിൽ പകുതിയെങ്കിലും റീ ടാറിംഗ് ചെയ്യാനാണ് ലക്ഷ്യം
മംഗ്ളുറു: (KasargodVartha) കേരള-കർണാടക അതിർത്തിയിലെ പ്രധാന ഗതാഗത കേന്ദ്രമായ മാക്കൂട്ടം ചുരം പാതയുടെ ദയനീയമായ അവസ്ഥയ്ക്ക് പരിഹാരമാവുന്നു. വർഷങ്ങളായി കുണ്ടും കുഴിയും നിറഞ്ഞു കിടന്ന ഈ പാതയുടെ പുനർനിർമാണത്തിന് തീരുമാനമായിരിക്കുകയാണ്.
വീരാജ്പേട്ട എംഎൽഎ എ എസ് പൊന്നണ്ണയുടെ ഇടപെടലിനെ തുടർന്നാണ് സുപ്രധാന നീക്കങ്ങൾ ഉണ്ടായത്. ഓൾ ഇന്ത്യ കെഎംസിസി ബംഗളൂരു ജനറൽ സെക്രട്ടറി എം കെ നൗഷാദിന്റെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രി സിദ്ധരാമയ്യയെ നേരിട്ട് സന്ദർശിച്ച് ഈ വിഷയം ഉന്നയിച്ചിരുന്നു.
മാക്കൂട്ടം ചുരം പാത കേരളത്തിലെ തലശേരിയെയും കർണാടകയിലെ മൈസൂറിനെയും ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ്. എന്നാൽ, വർഷങ്ങളായി അറ്റകുറ്റപ്പണികൾ നടക്കാത്തതും വാഹനങ്ങളുടെ വലിയ ഗതാഗതവും കാരണം റോഡ് പൂർണമായും തകർന്ന അവസ്ഥയിലാണ്. ഇത് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയും നിരവധി അപകടങ്ങൾക്ക് കാരണമാവുകയും ചെയ്തിരുന്നു.
തലശേരി-മൈസൂരു റോഡിലെ ഇരു സംസ്ഥാനങ്ങളുടെയും അതിർത്തിയായ കൂട്ടുപുഴ മുതൽ പെരുമ്പാടി വരെയുള്ള മാക്കൂട്ടം ചുരം റോഡ് ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിൽ പെടുന്ന കാനന പാതയാണ്. കുത്തനെയുള്ള കയറ്റവും ഇറക്കവും കൊടും വളവുകളുമൊക്കെയുള്ള റോഡിൽ അടുത്ത കാലത്ത് നിരവധി അപകടങ്ങളാണ് പാതയിൽ സംഭവിച്ചത്.
വീതി കുറഞ്ഞ കുണ്ടും കുഴിയും നിറഞ്ഞ റോഡിന്റെ ഇരുവശങ്ങളും വെള്ളമൊഴുകിയുണ്ടായ വലിയ ചാലുകളും അപകടത്തിന് വഴിവെക്കുന്നു. കേരളത്തിന്റെയും കർണാടകത്തിന്റെയും ആർ.ടി.സി ബസുകളും മറ്റ് യാത്ര ബസുകളും അടക്കം 60ഓളം ബസുകൾ മൈസൂരു, ബംഗളൂരു മേഖലകളിലേക്കും വീരാജ്പേട്ട, മടിക്കേരി ഉൾപ്പെടെ നഗരങ്ങളിലേക്കും ഇതുവഴി കടന്നു പോകുന്നു.
ബംഗളൂരു, മൈസൂരു, ഹുൻസൂർ തുടങ്ങിയ കർണാടകത്തിലെ വിവിധ നഗരങ്ങളിൽ നിന്നും ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും നിത്യവും നിരവധി ചരക്ക് വാഹനങ്ങളും കേരളത്തിലേക്ക് ഇതുവഴിയാണ് എത്തുന്നത്.
തകർന്ന റോഡിന്റെ പുനർനിർമ്മാണത്തിന് ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന് എംഎൽഎ എ.എസ് പൊന്നണ്ണ പറഞ്ഞു. ആകെയുള്ള 20 കിലോമീറ്റർ റോഡിൽ പകുതിയെങ്കിലും റീ ടാറിംഗ് ചെയ്യാനാണ് ലക്ഷ്യം. മലയാളിയായ മന്ത്രി കെ ജെ ജോർജ് കൂടി ഈ വിഷയത്തിൽ പ്രത്യേക താല്പര്യം കാണിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. പുനർനിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ മാക്കൂട്ടം ചുരം പാതയിലൂടെ സഞ്ചരിക്കുന്ന യാത്രക്കാർക്ക് വലിയ ആശ്വാസമാകും.
#MakkoottamGhat #RoadRenovation #Kerala #Karnataka #Infrastructure #Transportation