KSRTC | വേഗത്തിൽ എത്താം; കാസർകോട് - മംഗ്ളുറു റൂട്ടിൽ അത്യാധുനിക 'അശ്വമേധ' ബസുകൾ ഓടിക്കാൻ കർണാടക ആർടിസി
● കുറഞ്ഞ സ്റ്റോപ്പുകളോടെയാണ് സർവീസ് നടത്താൻ സാധ്യത.
● വിദ്യാർത്ഥികൾ, ജീവനക്കാർ തുടങ്ങിയവർക്ക് ആശ്വാസമാകും.
● മംഗളുറു ഡിവിഷനിൽ 35ലധികം അശ്വമേധ ബസുകളുണ്ട്.
മംഗ്ളുറു: (KasargodVartha) കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ (KSRTC) അത്യാധുനിക 'അശ്വമേധ' ബസുകൾ ഇനി മംഗ്ളുറു - കാസർകോട് റൂട്ടിൽ സർവീസ് നടത്താൻ സാധ്യത. മംഗ്ളുറു - കാസർകോട് റൂട്ടിൽ കർണാടകയുടെ 34 കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുന്നുണ്ടെങ്കിലും, നിരവധി സ്റ്റോപ്പുകൾ കാരണം യാത്രക്കാർക്ക് കൂടുതൽ സമയം ചിലവഴിക്കേണ്ടി വരുന്നു.
ഈ സാഹചര്യത്തിൽ, സ്റ്റോപ്പുകൾ കുറച്ച് സമയം ലാഭിക്കുന്ന അശ്വമേധ ബസുകൾ ഈ റൂട്ടിൽ സർവീസ് നടത്തണമെന്ന ആവശ്യം ശക്തമായി ഉയർന്നിരുന്നു. കാസർകോട് വികാസ് ട്രസ്റ്റിലെ രവി നാരായണ ഗുണജെ എന്നയാൾ ഈ ആവശ്യം ഉന്നയിച്ച് കെഎസ്ആർടിസിയുടെ ബെംഗ്ളൂറിലെ ഹെഡ് ഓഫീസിന് കത്തെഴുതിയിരുന്നു.
ഇതിനെ തുടർന്ന് മംഗ്ളുറു ഡിവിഷനിൽ നിന്നും അനുകൂല നടപടികൾ ഉണ്ടായതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. അശ്വമേധ ബസിന് ആവശ്യക്കാരുണ്ടെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. 10 അശ്വമേധ ബസുകൾ നൽകണമെന്ന് അധികൃതർ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബസ് അനുവദിച്ചാൽ മംഗ്ളുറു - കാസർകോട് റൂട്ടിൽ പരിമിതമായ സ്റ്റോപ്പുകളോടെ ബസ് ഓടിക്കുമെന്ന് അധികൃതർ പറഞ്ഞു.
കർണാടക സരിഗെ ബസുകളുടെ നവീകരിച്ച പതിപ്പായ അശ്വമേധ ഈ വർഷം ഫെബ്രുവരിയിലാണ് പുറത്തിറക്കിയത്. മംഗ്ളുറു ഡിവിഷനിൽ 35ലധികം അശ്വമേധ ബസുകളുണ്ട്. ഇവ മംഗ്ളുറു -മൈസൂർ, മംഗ്ളുറു -ഹസന-ബെംഗളൂരു, മംഗ്ളുറു - ഉത്തരകന്നഡ എന്നിവിടങ്ങളിൽ സർവീസ് നടത്തുന്നു. കൂടുതൽ ബസുകൾ അനുവദിച്ചാൽ മംഗ്ളുറു - കാസർകോട് റൂട്ടിൽ സർവീസ് നടത്താനാണ് കെഎസ്ആർടിസിയുടെ തീരുമാനം.
മംഗ്ളുറു - കാസർകോട് ദൂരം ഏകദേശം 50 കിലോമീറ്ററാണ്. വിദ്യാഭ്യാസം, തൊഴിൽ തുടങ്ങിയ വിവിധ കാരണങ്ങളാൽ ദിവസവും ആയിരക്കണക്കിന് ആളുകളാണ് രണ്ട് നഗരങ്ങൾക്കിടയിൽ യാത്ര ചെയ്യുന്നത്. എന്നാൽ പലയിടത്തും ബസുകൾ നിർത്തിയിടുന്നതുമൂലം സ്‌കൂളുകളിലും കോളജുകളിലും ഓഫീസുകളിലും കൃത്യസമയത്ത് പോകാൻ കഴിയുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി. അശ്വമേധ ബസുകൾ സർവീസ് ആരംഭിച്ചാൽ ഈ യാത്രക്കാർക്ക് വലിയ ആശ്വാസമാകുമെന്ന് നിരവധി പേർ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
അശ്വമേധ ബസിന്റെ പ്രത്യേകതകൾ
കെഎസ്ആർടിസി അശ്വമേധ സിൽ ബസിൽ മുന്നിലും പിന്നിലുമായി തിളങ്ങുന്ന എൽഇഡി ഡിസ്‌പ്ലേ ബോർഡുകൾ, സെൻസർ നിയന്ത്രിത വാതിലുകൾ, അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാവുന്ന ബട്ടണുകൾ എന്നിവ യാത്രക്കാർക്ക് അതിസുരക്ഷിതമായ യാത്ര ഉറപ്പ് നൽകുന്നു. വിശാലമായ വിൻഡോകളും ഗ്ലാസും ബസിനുള്ളിൽ വായുസഞ്ചാരം മെച്ചപ്പെടുത്തുന്നു.
ഉയർന്ന നിലവാരമുള്ള സീറ്റുകൾ, വാട്ടർ ബോട്ടിൽ ഹോൾഡറുകൾ എന്നിവ യാത്രകളെ കൂടുതൽ സുഖകരമാക്കുന്നു. ഫ്രണ്ട്, റിയർ എൽഇഡി ഡിസ്‌പ്ലേ ബോർഡുകൾ, എഫ്ആർപി ഡാഷ്‌ബോർഡ്, എൽഇഡി സ്ട്രിപ്പ് ലൈറ്റുകൾ, ക്യാമറകൾ, ഇലക്ട്രോണിക് വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ (EVSC), വാഹന ലൊക്കേഷൻ ട്രാക്കിംഗ് സംവിധാനം, പാനിക് ബട്ടണുകൾ എന്നിവ ബസിന്റെ ആധുനിക സവിശേഷതകളിൽ ചിലതാണ്.
#KSRTC #Aswamedha #Mangalore #Kasargod #Kerala #Karnataka #bus #transport #travel