Train | 7 സർവീസുകൾ നടത്തുമെന്ന് അറിയിച്ചിരുന്ന മംഗ്ളുറു-കോട്ടയം പ്രത്യേക ട്രെയിൻ റദ്ദാക്കി റെയിൽവേ; യാത്രക്കാർക്ക് നിരാശ
കാസർകോട്: (KasaragodVartha) വാരാന്ത്യങ്ങളിലെ തിരക്കിന് അൽപം ആശ്വാസം പകരുമെന്ന് പ്രതീക്ഷിച്ചിരുന്ന മംഗ്ളുറു-കോട്ടയം-മംഗ്ളുറു പ്രത്യേക ട്രെയിൻ റെയിൽവേ റദ്ദാക്കി. മംഗ്ളുറു-കോട്ടയം റൂടിൽ ഏഴ് സർവീസുകൾ നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും പൊടുന്നനെ റദ്ദാക്കിയത് യാത്രക്കാരിൽ നിരാശ പടർത്തി. ഇതിൽ ആദ്യ സർവീസ് ശനിയാഴ്ച നടത്തിയിരുന്നു.
പിന്നീട് ഏപ്രിൽ 27, മെയ് നാല്, 11, 18, 25, ജൂൺ ഒന്ന് തീയതികളിലാണ് അടുത്ത സർവീസുകൾ നിശ്ചയിച്ചിരുന്നത്. ട്രെയിൻ നമ്പർ 06075 മംഗ്ളുറു - സെൻട്രൽ കോട്ടയം സ്പെഷ്യൽ എക്സ്പ്രസ് മംഗ്ളുറു സെൻട്രൽലിൽ നിന്ന് രാവിലെ 10.30-ന് പുറപ്പെട്ട് വൈകീട്ട് 7.30-ന് കോട്ടയത്ത് എത്തിച്ചേരുന്ന തരത്തിലും 06076 നമ്പർ കോട്ടയം-മംഗ്ളുറു ട്രെയിൻ കോട്ടയത്തുനിന്ന് രാത്രി 9.45-ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 6.55-ന് മംഗ്ളൂറിലെത്തുന്ന വിധത്തിലുമായിരുന്നു സമയക്രമം നിശ്ചയിച്ചിരുന്നത്.
കൊട്ടിഘോഷിച്ച മംഗ്ളുറു-കോട്ടയം പ്രത്യേക ട്രെയിൻ റദ്ദാക്കിയതിന്റെ കാരണം റെയിൽവേ അറിയിപ്പിൽ വ്യക്തമാക്കിയിട്ടില്ല. നിരവധി പേർ ട്രെയിനിൽ സീറ്റ് ബുക് ചെയ്തിട്ടുണ്ട്. ഇവർക്കെല്ലാം റെയിൽവേയുടെ നടപടി തിരിച്ചടിയായി.