Assembly Election | സ്വന്തം ജില്ലയിലേക്ക് പ്രവേശിക്കാന്‍ സുപ്രീം കോടതി വിലക്കുള്ള കൊലക്കേസ് പ്രതി ധാര്‍വാഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി
/സൂപ്പി വാണിമേൽ
മംഗ്‌ളൂറു: (www.kasargodvartha.com) അടുത്ത മാസം 10ന് നടക്കുന്ന കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളില്‍ സ്വന്തം ജില്ലയില്‍ പ്രവേശിക്കാന്‍ സുപ്രീം കോടതി വിലക്കുള്ള കൊലക്കേസ് പ്രതിയും ഉള്‍പെട്ടതായി ആക്ഷേപം.
മുന്‍മന്ത്രിയും ധാര്‍വാഡ് ജില്ല പഞ്ചായത് അംഗം യോഗേഷ് ഗൗഡ ഗൗഢര്‍ വധക്കേസില്‍ ഒന്നാം പ്രതിയുമായ വിനയ് കുല്‍ക്കര്‍ണിയാണ് വ്യാഴാഴ്ച കോണ്‍ഗ്രസ് ഹൈകമാന്‍ഡ് പുറത്തിറക്കിയ 42 സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം നേടിയത്. പട്ടികയില്‍ ക്രമനമ്പര്‍ 18 ആയി നിയമസഭ മണ്ഡലം നമ്പര്‍ 71ല്‍(ധാര്‍വാഡ്) കുല്‍ക്കര്‍ണി സ്ഥാനാര്‍ഥിയാണ്.
ധാര്‍വാഡ് ജില്ലയില്‍ പ്രവേശിക്കരുതെന്ന ഉപാധിയോടെ സുപ്രീം കോടതി ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് അജയ് റസ്റ്റോഗി എന്നിവരുടെ ബെഞ്ച് 2021 ആഗസ്റ്റ് 11ന് അനുവദിച്ച ജാമ്യത്തിലാണ് ഇദ്ദേഹം ബെലഗാവി ഹിന്ദല്‍ഗ ജയിലില്‍ നിന്ന് ഇറങ്ങിയത്. എന്നാല്‍ ധാര്‍വാഡ് മണ്ഡലത്തിലാണ് കുല്‍ക്കര്‍ണി സ്ഥാനാര്‍ഥി.
ഗൗഡ വധക്കേസില്‍ സിബിഐ കുല്‍ക്കര്‍ണിയെ ഒന്നാം പ്രതിയായാണ് 2020 മെയ് 20ന് കുറ്റപത്രം സമര്‍പിച്ചത്. 2020 നവംബര്‍ അഞ്ചിനായിരുന്നു അറസ്റ്റ്. ജില്ല പഞ്ചായത് ഹെബ്ബള്ളി ഡിവിഷന്‍ ബിജെപി അംഗമായിരുന്ന യോഗേഷ് ഗൗഡ 2016 ജൂണ്‍ 15നാണ് വ്യായാമശാലയില്‍ നിന്നിറങ്ങി ബൈകില്‍ സഞ്ചരിക്കുന്നതിനിടെ അക്രമത്തില്‍ കൊല്ലപ്പെട്ടത്.
Keywords: News, National, Top-Headlines, Mangalore, Manglore-News, Politics, Accused, Candidate, Assembly Election, Election, Congress, Allegation, Karnataka polls: Murder-accused Vinay Kulkarni gets Congress ticket.








