Allegation | ജാമ്യമില്ലാ വകുപ്പ് ചുമത്തിയ കാസർകോട്ടെ പൊതുപ്രവർത്തകനെ അറസ്റ്റ് ചെയ്യാൻ കർണാടക പൊലീസ് നീക്കം; കേസ് ആശുപത്രിയുടെ തെറ്റായ നടപടിയെ ചോദ്യം ചെയ്തതിലുള്ള വിരോധം മൂലമെന്ന് ആരോപണം
● പിതാവിന്റെ ചികിത്സയ്ക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു
● കങ്കനാടി പൊലീസാണ് കേസെടുത്തത്
● മംഗ്ളൂറിലെ ഇൻഡ്യാന ആശുപത്രി അധികൃതരുടേതാണ് പരാതി
ഉപ്പള: (KasargodVartha) പിതാവിന്റെ ചികിത്സ പിഴവിനെ ചോദ്യം ചെയ്തതിനും, ആശുപത്രി അധികൃതർ ബില്ലിൽ കാണിച്ച കൃത്രിമം വീഡിയോ സഹിതം പുറം ലോകം അറിയിച്ചതിനും കങ്കനാടി പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതായി പൊതുപ്രവർത്തകൻ കെ എഫ് ഇഖ്ബാൽ ആരോപിച്ചു. ആശുപത്രി മുതൽ നശിപ്പിക്കൽ, ജീവനക്കാരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച് ആശുപത്രിയിൽ, ഭീകരാന്തരീക്ഷം സൃഷ്ടിച്ചു തുടങ്ങിയ ഗുരുതര വകുപ്പുകളാണ് പൊലീസ് ഇഖ്ബാലിന് നേരെ ചുമത്തിയിട്ടുള്ളത്.
മംഗ്ളൂറിലെ ഇൻഡ്യാന ആശുപത്രി അധികൃതരുടെ പരാതിയിലാണ് കേസെടുത്തത്. പിതാവിന്റെ രോഗത്തെ പർവതീകരിച്ച് രോഗിക്ക് ആഴ്ചകൾ മാത്രമാണ് ആയുസുള്ളതെന്നും, ശ്വാസകോശ സംബന്ധമായ അസുഖത്തിന് പുറമെ ഗുരുതര രോഗമായ കാൻസർ അടക്കം ഉള്ളതായി സംശയിക്കുന്നുവെന്നും, തീവ്രപരിചരണം ആവശ്യമാണെന്നും, വലിയ സാമ്പത്തികം വേണമെന്നും ചികിത്സിച്ച ഇൻഡ്യാന ആശുപത്രിയിലെ ഡോക്ടർ നേരത്തെ രോഗിയുടെ ബന്ധുക്കളെ അറിയിച്ചിരുന്നുവെന്നാണ് പറയുന്നത്.
ഇതിൽ പന്തികേട് തോന്നി പിതാവിനെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചപ്പോഴാണ് നേരത്തെ ചികിത്സ നടത്തിയ ആശുപത്രിയുടെ കള്ളത്തരം വെളിച്ചത്തായതെന്ന് ഇഖ്ബാൽ വിശദീകരിച്ചു. ബില്ലിൽ നടത്തിയ ക്രമക്കേട് ചോദ്യം ചെയ്തതും, 24,000 രൂപ രോഗിക്ക് തിരിച്ചു നൽകേണ്ടി വന്നതും ആശുപത്രി അധികൃതരെ ചൊടിപ്പിച്ചിരുന്നതായി ഇദ്ദേഹം പറയുന്നു.
ഇതിന് പിന്നാലെയാണ് ആശുപത്രി മാനേജർ പരാതിയുമായി പൊലീസിനെ സമീപിച്ചത്. തന്റെ പിതാവിനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ ആഗ്രഹിച്ച ഇഖ്ബാൽ, ആരോഗ്യ ഇൻഷുറൻസ് നിരസിച്ചതിൽ പ്രകോപിതനായി ആശുപത്രി ജീവനക്കാരെ അസഭ്യം പറയുകയും ജോലി തടസ്സപ്പെടുത്തുകയും, ആശുപത്രി ജീവനക്കാരനെയും സെക്യൂരിറ്റി ജീവനക്കാരനെയും അത്യാഹിത വിഭാഗത്തിന് സമീപം തള്ളിയിട്ട് രോഗിയെ ആംബുലൻസിൽ കയറ്റിവിട്ടുവെന്നുമാണ് ആശുപത്രി മാനേജർ രചൻ ഹരീഷ് പൂജാരി നൽകിയ പരാതിയിൽ പറയുന്നത്.
ഇഖ്ബാലിനെതിരെ ബിഎൻഎസ് നിയമത്തിലെ 126(2), 115(2), 352 എന്നീ വകുപ്പുകളും, കർണാടകയിലെ ആരോഗ്യ പ്രവർത്തകർക്കും ആരോഗ്യ സ്ഥാപനങ്ങൾക്കും എതിരായ അതിക്രമം തടയൽ നിയമത്തിലെ മൂന്ന്, നാല് വകുപ്പുകളും ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തത്. കെ എഫ് ഇഖ്ബാലിന്റെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് കങ്കനാടി പൊലീസ് പറയുന്നു. ഇതിനിടെ ആശുപത്രിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ കാംപയിൻ നടന്നുവരുന്നതായും വിവരമുണ്ട്.
#Kasargod #hospitalnegligence #medicalmalpractice #justiceforiqbal #indianethics #healthfraud