Announcement | എൻഡോസൾഫാൻ ദുരിത മേഖലയിൽ മെഡിക്കൽ കോളജ് പ്രഖ്യാപിച്ച് കർണാടക സർക്കാർ; സ്ഥാപിക്കുന്നത് 12 വർഷമായിട്ടും തുടങ്ങാത്ത കാസർകോട് ഗവ. മെഡിക്കൽ കോളജിൽ നിന്ന് വിളിപ്പാടകലെ പുത്തൂരിൽ

● പുത്തൂർ താലൂക്ക് ആശുപത്രി ഉപയോഗിച്ച് കോളേജ് തുടങ്ങും.
● ദക്ഷിണ കന്നഡയിൽ സർക്കാർ മെഡിക്കൽ കോളേജ് സ്വപ്നം യാഥാർഥ്യമാകുന്നു.
● ഈ വർഷം തന്നെ പ്രവർത്തനമാരംഭിക്കാനാണ് സർക്കാരിൻ്റെ പദ്ധതി.
മംഗ്ളുറു: (KasargodVartha) എൻഡോസൾഫാൻ ദുരിതബാധിതർ ഏറെയുള്ള ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂരിൽ പുതിയ ഗവൺമെൻ്റ് മെഡിക്കൽ കോളജ് സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച് കർണാടക സർക്കാർ. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ബജറ്റ് പ്രസംഗത്തിലാണ് ഈ സുപ്രധാന അറിയിപ്പുണ്ടായത്. ഇത് കാസർകോട് ഗവൺമെൻ്റ് മെഡിക്കൽ കോളേജിന് വിളിപ്പാടകലെയാണ് സ്ഥാപിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
കേരള സർക്കാർ 2013-ൽ തറക്കല്ലിട്ട് 12 വർഷം കഴിഞ്ഞിട്ടും നിർമ്മാണം എങ്ങുമെത്താതെ കിടക്കുന്ന കാസർകോട്ടെ ഉക്കിനടുക്ക മെഡിക്കൽ കോളേജിൻ്റെ സ്ഥലത്തുനിന്ന് ഏകദേശം 30 കിലോമീറ്റർ അടുത്താണ് പുത്തൂരിലെ പുതിയ മെഡിക്കൽ കോളേജ് വരുന്നത്. എൻഡോസൾഫാൻ ദുരിതം ഏറ്റവും കൂടുതൽ ബാധിച്ച എൻമകജെയും പുത്തൂരും തമ്മിൽ വളരെ അടുത്ത് നിൽക്കുന്ന പ്രദേശങ്ങളാണ്.
പുത്തൂരിലെ മെഡിക്കൽ കോളേജ് ഈ വർഷം തന്നെ പ്രവർത്തനമാരംഭിക്കാനാണ് കർണാടക സർക്കാരിൻ്റെ പദ്ധതി. പുത്തൂർ താലൂക്ക് ആശുപത്രിയിലെ 100 കിടക്ക സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയും, കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയും മെഡിക്കൽ കോളേജ് തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. എൻഡോസൾഫാൻ ദുരിതമേഖലയിലെ രോഗികൾക്ക് ഇത് ഏറെ പ്രയോജനകരമാകും. കേരളത്തിലെ എൻഡോസൾഫാൻ ദുരിതമേഖലയായ എൻമകജെ, വാണിനഗർ എന്നിവിടങ്ങളിലെ രോഗികൾ ചികിത്സക്കായി കൂടുതലും ആശ്രയിക്കുന്നത് പുത്തൂർ ഗവൺമെൻ്റ് ആശുപത്രിയെയാണ്. മെഡിക്കൽ കോളേജ് യാഥാർഥ്യമാകുന്നതോടെ മികച്ച ചികിത്സ സൗകര്യങ്ങൾ അവർക്ക് അടുത്ത് തന്നെ ലഭ്യമാകും.
ദക്ഷിണ കന്നഡയിൽ സർക്കാർ മെഡിക്കൽ കോളേജ് എന്ന സ്വപ്നം വർഷങ്ങളായി നിലനിൽക്കുന്നതാണ്. മുൻ കർണാടക ആരോഗ്യ മന്ത്രിയും, ഇപ്പോഴത്തെ നിയമസഭാ സ്പീക്കറുമായ യു.ടി. ഖാദർ 2014-ൽ ഇതിനായുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. എന്നാൽ, പിന്നീട് ഈ പദ്ധതിക്ക് കാര്യമായ പുരോഗതി ഉണ്ടായില്ല. മംഗളൂരു ഗവ.വെന്റ്ലോക് ആശുപത്രിയിലെ ക്ലിനിക്കൽ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നതിൽ നിന്ന് കസ്തൂർബാ മെഡിക്കൽ കോളജിനെ ഒഴിവാക്കി ഗവ.മെഡിക്കൽ കോളജ് തുടങ്ങാനുള്ള പദ്ധതിയായിരുന്നു അന്നത്തെ ആരോഗ്യ മന്ത്രി ഖാദറിന്റേത്.
ബ്രിട്ടീഷ് ഭരണത്തിൽ ദക്ഷിണ കാനറ മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായ കാലത്തുണ്ടാക്കിയ കരാറിന്റെ ബലത്തിലാണ് വെന്റ്ലോക് ആശുപത്രി സൗകര്യങ്ങൾ കെഎംസി ഉപയോഗിക്കുന്നത്. ഈ സ്വകാര്യ മെഡിക്കൽ കോളജിനെ ഒഴിവാക്കാൻ ഖാദർ നടത്തിയ ശ്രമങ്ങൾക്ക് അന്നത്തെ ദക്ഷിണ കന്നട ജില്ല ഡെപ്യൂട്ടി കമ്മീഷണർ എ.ബി ഇബ്രാഹീമിന്റെ പൂർണ പിന്തുണ ലഭിച്ചിരുന്നു. എന്നാൽ ഖാദറിൽ നിന്ന് ആരോഗ്യ വകുപ്പ് എടുത്ത് മാറ്റി പകരം ഭക്ഷ്യ-പൊതുവിതരണ ചുമതല നൽകുകയും ജില്ല കലക്ടറെ സ്ഥലം മാറ്റുകയും ചെയ്തോടെ ഖാദറിന്റെ മോഹ പദ്ധതി മോർച്ചറിയിലായി. പുത്തൂർ മണ്ഡലം കോൺഗ്രസ് എം.എൽ.എ അശോക് കുമാർ റൈയുടെ ഇപ്പോഴത്തെ ശ്രമഫലമായാണ് പദ്ധതി വീണ്ടും സജീവമായതും, ബജറ്റിൽ പ്രഖ്യാപനം ഉണ്ടായതും.
2013 നവംബർ 30-ന് കാസർകോട് ഉക്കിനടുക്കയിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തറക്കല്ലിടുമ്പോൾ 500 കിടക്കകളുള്ള അത്യാധുനിക ആശുപത്രിയും 100 എം.ബി.ബി.എസ്. സീറ്റുകളുമുള്ള മെഡിക്കൽ കോളജായിരുന്നു വാഗ്ദാനം ചെയ്തത്. എന്നാൽ, 12 വർഷങ്ങൾക്കിപ്പുറം കാസർകോട് ഗവൺമെൻ്റ് മെഡിക്കൽ കോളേജ് എന്ന ബോർഡിന് കീഴിൽ പ്രാഥമികാരോഗ്യ കേന്ദ്രം പോലെ ഏതാനും ഒ.പി. വിഭാഗങ്ങൾ മാത്രമാണ് നിലവിലുള്ളത്.
2014-ൽ ആശുപത്രി കെട്ടിട നിർമ്മാണത്തിന് 62.45 കോടിയുടെ ഭരണാനുമതി നൽകി. എന്നാൽ, നിർമ്മാണം പൂർത്തിയാകാത്തതിനാൽ അടങ്കൽ തുക 95.8 കോടിയായി പുതുക്കി നിശ്ചയിച്ചു. 2018 നവംബർ 25-ന് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ടെങ്കിലും നിർമ്മാണം ഇനിയും പൂർത്തിയായിട്ടില്ല. അക്കാദമിക് ബ്ലോക്കിലാണ് ഇപ്പോൾ ഒ.പി. വിഭാഗവും ഗവൺമെൻ്റ് നഴ്സിംഗ് കോളേജും പ്രവർത്തിക്കുന്നത്.
പെൺകുട്ടികളുടെ ഹോസ്റ്റലിൻ്റെയും അധ്യാപക ക്വാർട്ടേഴ്സിൻ്റെയും പണി 95% പൂർത്തിയായിട്ടുണ്ട്. എന്നാൽ, നിലവിലെ കരാറുകാരൻ പണം ലഭിക്കാത്തതിനാൽ പണി നിർത്തിവെച്ചിരിക്കുകയാണ്. അതിനിടെ എംബിബിഎസ് പ്രവേശനം എത്രയും വേഗം സാധ്യമാക്കുന്നതിനു വേണ്ടി കാസർകോട് ജനറൽ ആശുപത്രിയെ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയായി സർക്കാർ നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചിട്ടുണ്ട്.
കേരളത്തിൽ എൻഡോസൾഫാൻ ദുരിതബാധിതർക്ക് സഹായം എത്തിക്കാൻ വൈകുമ്പോൾ, കർണാടക സർക്കാർ പുത്തൂരിൽ മെഡിക്കൽ കോളേജ് സ്ഥാപിക്കുന്നത് വലിയ പ്രതീക്ഷയാണ് നൽകുന്നത്. സ്വകാര്യ മെഡിക്കൽ കോളേജുകളുടെ വിളനിലമായ ദക്ഷിണ കന്നഡ ജില്ലയിൽ സർക്കാർ മെഡിക്കൽ കോളേജ് വരുന്നത് ആരോഗ്യമേഖലയിൽ പുതിയൊരു അധ്യായം തുറക്കും. ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലായി എട്ട് സ്വകാര്യ മെഡിക്കൽ കോളേജുകൾ നിലവിലുണ്ട്.
സുള്ള്യ, കഡബ, പുത്തൂർ, ബെൽത്തങ്ങാടി താലൂക്കുകളിലെ ജനങ്ങൾ ഗുരുതരമായ ആരോഗ്യ ആവശ്യങ്ങൾക്കായി മംഗളൂരുവിനെയാണ് ആശ്രയിക്കുന്നത്. പുത്തൂരിൽ സർക്കാർ മെഡിക്കൽ കോളേജ് സ്ഥാപിക്കാമെന്ന് സർക്കാർ വാഗ്ദാനം ചെയ്യുന്നതോടെ ഈ മേഖലയിലെ ആരോഗ്യ സൗകര്യങ്ങൾ മെച്ചപ്പെടും. മംഗ്ളൂറിലെ വെൻലോക്ക് ആശുപത്രി നവീകരണത്തിനും ബജറ്റിൽ ഫണ്ട് നീക്കിവെച്ചു. സ്പീക്കർ യു.ടി.ഖാദർ പ്രതിനിധാനം ചെയ്യുന്ന മംഗളൂരു മണ്ഡലത്തിലെ ഉള്ളാളിൽ ന്യൂനപക്ഷ പെൺകുട്ടികൾക്കായി റെസിഡൻഷ്യൽ സൗകര്യങ്ങളുള്ള പ്രീ-യൂണിവേഴ്സിറ്റി കോളേജ് സ്ഥാപിക്കാൻ ബജറ്റിൽ നിർദേശമുണ്ട്.
ഈ വാർത്ത പങ്കുവെക്കുകയും നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.
Karnataka govt announces medical college in Puttur, near Kasaragod, a region affected by Endosulfan. This contrasts with the delayed Kasaragod medical college. The Puttur college aims to start soon, benefiting Endosulfan victims.
#MedicalCollege, #Endosulfan, #Karnataka, #Kasaragod, #Healthcare, #Puttur