Koorath Thangal | സയ്യിദ് ഫസൽ കോയമ്മ ഖുറാ തങ്ങൾക്ക് കർണാടക നിയമസഭയുടെ ആദരം; നിര്യാണത്തിൽ അനുസ്‌മരിച്ച് മുഖ്യമന്ത്രിയും സ്‌പീകറും
സാമുദായിക സൗഹാർദം പ്രോത്സാഹിപ്പിക്കുകയും അത് തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ പോരാടുകയും ചെയ്‌ത മഹനീയ വ്യക്തിയായിരുന്നുവെന്ന് സിദ്ധരാമയ്യ
ബെംഗ്ളുറു: (KasargodVartha) അന്തരിച്ച ഉള്ളാൾ ഖാസിയും സമസ്ത കേരള ജംഇയ്യതുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും പ്രമുഖ പണ്ഡിതനുമായ സയ്യിദ് ഫസല്‍ കോയമ്മ ഖുറാ തങ്ങൾക്ക് കർണാടക നിയമസഭയുടെ ആദരം. നിര്യാണത്തിൽ അനുശോചനം അർപിച്ചുള്ള പ്രമേയം സ്പീകർ യു ടി ഖാദർ അവതരിപ്പിച്ചു. തിങ്കളാഴ്ച നിയമസഭയുടെ പുതിയ സമ്മേളനം ആരംഭിച്ചപ്പോൾ ഖുറാ തങ്ങൾ അടക്കമുള്ള പ്രമുഖരുടെ സംഭാവനകൾ അനുസ്‌മരിച്ചു.
മതസൗഹാർദത്തിൻ്റെ വക്താവായിരുന്നു തങ്ങൾ എന്നും തീവ്രവാദ-സാമൂഹ്യ വിരുദ്ധ ശക്തികൾക്കെതിരെ പോരാടിയിരുന്ന വ്യക്തിത്വമായിരുന്നുവെന്നും സ്‌പീകർ ഓർമിച്ചു. ലളിതമായ ജീവിതത്തിനും സാമൂഹിക സേവനത്തിനും അദ്ദേഹം പ്രശസ്തനായിരുന്നു. കാസർകോട് ദേളി ജാമിഅ സഅദിയ്യ, എട്ടിക്കുളം താജുല്‍ ഉലമ എജുകേഷന്‍ സെന്റര്‍ തുടങ്ങിയ സ്ഥാപങ്ങളുടെ സാരഥിയായി പ്രവർത്തിച്ചിരുന്നുവെന്നും യു ടി ഖാദർ പറഞ്ഞു.
സാമുദായിക സൗഹാർദം പ്രോത്സാഹിപ്പിക്കുകയും അത് തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ പോരാടുകയും ചെയ്‌ത മഹനീയ വ്യക്തിയായിരുന്നു സയ്യിദ് ഫസൽ കോയമ്മ തങ്ങളെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അനുസ്‌മരിച്ചു. നൂറിലധികം മഹല്ലുകളിൽ ഖാസിയായി സേവനമനുഷ്ഠിച്ച പണ്ഡിതനായിരുന്നു. ജാതിയും മതവും വർഗവും നോക്കാതെ എല്ലാവരോടും ബഹുമാനത്തോടെ പെരുമാറിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും പ്രതിപക്ഷ നേതാവ് ആർ അശോകും കുറാ തങ്ങളെ അനുസ്‌മരിച്ചു.
ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും പ്രതിപക്ഷ നേതാവ് ആർ അശോകും കുറാ തങ്ങളെ അനുസ്മരിച്ച് സംസാരിച്ചു.