Fuel Price | കർണാടകയിൽ പെട്രോളിന് 3 രൂപയും ഡീസലിന് 3.50 രൂപയും വർധിപ്പിച്ചു
മംഗ്ളുറു: (KasaragodVartha) കർണാടകയിലെ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ ഇന്ധനങ്ങളുടെ ചില്ലറ വിൽപന നികുതി വർധിപ്പിച്ചു. ഇതോടെ പെട്രോൾ വില മൂന്ന് രൂപയും ഡീസലിന് 3.50 രൂപയും കൂടി. ശനിയാഴ്ച ഉച്ച മുതൽ പുതിയ വില പ്രാബല്യത്തിൽ വന്നു.
പെട്രോളിൻ്റെ ചില്ലറ വിൽപ്പന നികുതി 3.9 ശതമാനം വർധിപ്പിച്ച് 25.92 ശതമാനത്തിൽ നിന്ന് 29.84 ശതമാനമായും ഡീസലിൻ്റെ നികുതി 4.1 ശതമാനം വർധിപ്പിച്ച് 14.34 ശതമാനത്തിൽ നിന്ന് 18.44 ശതമാനമായുമാണ് കൂട്ടിയത്.
ബെംഗ്ളൂറിൽ ലിറ്ററിന് 99.84 രൂപയായിരുന്ന പെട്രോൾ വില ഇപ്പോൾ 102.84 രൂപയായും 85.93 രൂപയായിരുന്ന ഡീസൽ നിരക്ക് 89.43 രൂപയായും ഉയർന്നു. പെട്രോളിൻ്റെയും ഡീസലിൻ്റെയും വില ഉയരുന്നത് ജനങ്ങൾ സാധാരണയായി ഉപയോഗിക്കുന്ന ഇനങ്ങളെയും ബാധിക്കും. നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ വർധനയുണ്ടായേക്കും.
ശക്തി പദ്ധതി (സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര), ഗൃഹജ്യോതി (200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി), എന്നിവയുൾപ്പെടെ കോൺഗ്രസ് സർക്കാരിൻ്റെ അഞ്ച് ഗ്യാരൻ്റി പദ്ധതികൾക്ക് ധനസഹായം കണ്ടെത്താനുള്ള തന്ത്രമായാണ് പുതിയ നീക്കം വിലയിരുത്തപ്പെടുന്നത്.
50,000 മുതൽ 60,000 കോടി രൂപ വരെയാണ് ഗ്യാരൻ്റി പദ്ധതികൾക്കായി തുക കണക്കാക്കിയിരിക്കുന്നത്. 2024-25 ബജറ്റിൽ, ക്ഷേമ പദ്ധതികൾക്കായി സിദ്ധരാമയ്യ 1,20,373 കോടി രൂപ പ്രഖ്യാപിച്ചിരുന്നു, അതിൽ 43 ശതമാനം (55,000 കോടി രൂപ) അഞ്ച് ഗ്യാരണ്ടി പദ്ധതികൾക്കായാണ് നീക്കിവച്ചത്.