Ullal Qazi | കാന്തപുരം എ പി അബൂബകർ മുസ്ലിയാർ ഉള്ളാൾ ഖാസി; ഓഗസ്റ്റ് 5ന് ചുമതലയേൽക്കും
ലോകപ്രശസ്‌ത ഇസ്ലാമിക പണ്ഡിതനായ കാന്തപുരം സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജെനറല്‍ സെക്രടറിയും കേരള മുസ്ലിം ജമാഅത് പ്രസിഡന്റും നിരവധി മഹല്ലുകളുടെ ഖാസിയുമാണ്
മംഗ്‌ളുറു: (KasargodVartha) ഉള്ളാൾ ഖാദിയായി ഇൻഡ്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബകർ മുസ്ലിയാറെ നിയമിച്ചു. ദർഗ പ്രസിഡന്റ് ബി ജി ഹനീഫ് ഹാജി, ജെനറൽ സെക്രടറി മുഹമ്മദ് ശിഹാബുദ്ദീൻ സഖാഫി എന്നിവർ വാർത്താകുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. ഉള്ളാൾ ദർഗ മദനി ഹോളിൽ ഞായറാഴ്ച വൈകുന്നേരം ചേർന്ന യോഗമാണ് തീരുമാനമെടുത്തത്.
ഉള്ളാൾ ഖാദിയായിരുന്ന പ്രമുഖ പണ്ഡിതനും സമസ്‌ത മുശാവറ അംഗവുമായ സയ്യിദ് ഫസൽ കോയമ്മ തങ്ങൾ കൂറത്ത് നിര്യാതനായതിനെത്തുടർന്ന് ഒഴിവുവന്ന പദവിയിലാണ് നിയമനം. ഓഗസ്റ്റ് അഞ്ചിന് വൈകുന്നേരം നാല് മണിക്ക് ദർഗാ പരിസരത്ത് നടക്കുന്ന പ്രത്യേക പരിപാടിയിൽ കാന്തപുരം എ പി അബൂബകർ മുസ്ലിയാർ ചുമതലയേൽക്കും. സയ്യിദ് മദനി ശരീഅത് കോളജ് പുതിയ കെട്ടിത്തതിൻ്റെ തറക്കല്ലിടൽ കർമ്മവും ഒപ്പം നടക്കും.
ലോകപ്രശസ്‌ത ഇസ്ലാമിക പണ്ഡിതനായ കാന്തപുരം എ പി അബൂബകർ മുസ്ലിയാർ സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജെനറല്‍ സെക്രടറിയും കേരള മുസ്ലിം ജമാഅത് പ്രസിഡന്റും നിരവധി മഹല്ലുകളുടെ ഖാസിയുമാണ്. കാരന്തൂര്‍ മർകസുസ്സഖാഫത്തി സുന്നിയ്യ അടക്കം അനേകം സ്ഥാപങ്ങളുടെ നേതൃപദവിയും അലങ്കരിക്കുന്നുണ്ട്. ഒട്ടേറെ സുന്നി പോഷക സംഘടനകള്‍, പ്രസിദ്ധീകരണങ്ങള്‍ തുടങ്ങിയവയുടെ പ്രവർത്തനങ്ങൾക്കും നേതൃത്വം വഹിക്കുന്നു.