Investigation | കേരളത്തിലേക്കുള്ള ട്രെയിൻ പോവുന്നതിനിടെ മംഗ്ളുറു തൊക്കോട്ട് റെയിൽ പാളത്തിൽ കല്ലുകൾ; അന്വേഷണം തുടങ്ങി
● മംഗ്ളൂരിലെ തൊക്കോട്ട് മേൽപാലത്തിന് സമീപത്താണ് സംഭവം.
● ശനിയാഴ്ച രാത്രി 8.05 ഓടെയാണ് സംഭവം നടന്നത്.
● പൊലീസ് മദ്യപിച്ചെത്തിയവരുടെ സാധ്യത പരിശോധിക്കുന്നു.
മംഗ്ളുറു: (KasargodVartha) തൊക്കോട്ട് മേൽപാലത്തിന് സമീപത്തെ റെയിൽവേ ട്രാക്കിൽ കല്ലുകൾ കയറ്റിവെച്ച സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ശനിയാഴ്ച രാത്രി 8.05 മണിയോടെയാണ് സംഭവം നടന്നത്. കൊറഗജ്ജ അഗേലു ആചാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സ്ത്രീകൾ ട്രാക്കിന് സമീപം രണ്ട് അപരിചിതരെ കണ്ടതായി പറയുന്നു.
അൽപസമയത്തിനകം കേരളത്തിലേക്ക് പോവുകയായിരുന്ന ഒരു ട്രെയിൻ കടന്നു പോയെങ്കിലും നാട്ടുകാർ ആദ്യം അത്ര ശ്രദ്ധിച്ചില്ല. എന്നാൽ, മറ്റൊരു ട്രെയിൻ കടന്നുപോയപ്പോൾ, സമാനമായ വലിയ ശബ്ദം കേൾക്കുകയും സമീപത്തെ വീടുകളിൽ പ്രകമ്പനം അനുഭവപ്പെടുകയും ചെയ്തതായി പ്രദേശവാസികൾ പറഞ്ഞു.
ആശങ്കയിലായ നാട്ടുകാർ പരിശോധ നടത്തിയപ്പോൾ പാളത്തിൽ സ്ഥാപിച്ചിരുന്ന കല്ലുകൾ തകർന്നതായി കണ്ടെത്തി. ഈ സ്ഥലത്ത് ഇത്തരത്തിലുള്ള ആദ്യ സംഭവമാണിത്. പ്രദേശവാസികൾ സംഭവം റെയിൽവേ പൊലീസിലും ഉള്ളാൾ പൊലീസ് സ്റ്റേഷനിലും അറിയിച്ചു.
മദ്യപിച്ചെത്തിയവർ മേൽപാലത്തിനടിയിൽ ഇരിക്കുന്നത് പതിവാണെന്നും ഇത് സംബന്ധിച്ച് ഉള്ളാൾ പൊലീസ് സ്‌റ്റേഷനിൽ നിരവധി പരാതികൾ നൽകിയിട്ടുണ്ടെന്നും പരിസരവാസികൾ പറഞ്ഞു. ട്രാക്കിൽ കല്ല് വച്ചതിന് പിന്നിലും ഇവർ തന്നെയാണോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
#Mangaluru #RailwayTrack #Incident #Investigation #Kerala #Police #Train #Safety