Indiana | ഇനി ആരോഗ്യപരിചരണം വീട്ടുപടിക്കൽ; ഇൻഡ്യാന ഹോം കെയർ സേവനത്തിന് തുടക്കമായി
ക്രിട്ടിക്കൽ കെയർ യൂണിഫൈഡ് എന്ന കമ്പനിയുമായി സഹകരിച്ചാണ് പ്രവർത്തനം
മംഗ്ളുറു: (KasaragodVartha) മംഗ്ളൂറിലെ പ്രശസ്തമായ ഇൻഡ്യാന ഹോസ്പിറ്റൽ വിപുലമായ സവിശേഷതകളോടെയുള്ള ഹോം കെയർ സേവനത്തിനു തുടക്കം കുറിച്ചു. മംഗലാപുരം പ്രസ് ക്ലബിൽ വച്ച് നടന്ന ചടങ്ങിൽ ഇൻഡ്യാന ഹോം കെയർ സേവനത്തിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്‌തു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഹോംകെയർ സേവനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന സി സി യു (ക്രിട്ടിക്കൽ കെയർ യൂണിഫൈഡ്) എന്ന കമ്പനിയുമായി സഹകരിച്ചാണ് ഇൻഡ്യാന ഹോംകെയറിന്റെ പ്രവർത്തനം.
ഇൻഡ്യാന ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടറും ചീഫ് ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റുമായ ഡോ. യൂസഫ് കുംബ്ലെ, മെഡിക്കൽ ഡയറക്ടർ ഡോ. അപൂർവ ശ്രീജയദേവ, സി.ഇ.ഒ വിജയ് ചന്ദ്ര, സി.സി.യു വൈസ് പ്രസിഡണ്ടും ബിസിനസ് ഹെഡുമായ രവി ഉപാധ്യയ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഐ.സി.യു അറ്റ് ഹോം, ക്യാൻസർ, ഹൃദയാഘാതം തുടങ്ങിയവയ്ക്കുള്ള വീട്ടിലെത്തിയുള്ള പരിചരണം, ഓക്സിജനും മെഡിക്കൽ ഉപകരണങ്ങളും ലഭ്യമാക്കൽ, ഫിസിയോതെറാപ്പി, വീട്ടിലെത്തിയുള്ള സാമ്പിൾ ശേഖരണം തുടങ്ങിയവയാണ് ഇൻഡ്യാന ഹോം കെയർ പൊതുജനങ്ങൾക്കായി ഒരുക്കുന്നത്. മംഗലാപുരത്തിനു പുറമെ ദക്ഷിണ കർണാടകയിലെ മറ്റു പ്രദേശങ്ങളിലും വടക്കൻ കേരളത്തിലും ഇൻഡ്യാന ഹോംകെയർ സേവനം ലഭിക്കുന്നതാണ്.