Award | ഹിജാബ് ധരിച്ച വിദ്യാർഥിനികളെ തടഞ്ഞതിന് മികച്ച അധ്യാപകനുള്ള പുരസ്‌കാരം നഷ്ടമായി; കുന്താപുര ഗവ. പി യു കോളജ് പ്രിൻസിപ്പലിനുള്ള അവാർഡ് തടഞ്ഞ് കർണാടക സർക്കാർ
* രാമകൃഷ്ണ കോളേജിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനികളെ പ്രവേശിക്കാൻ അനുവദിച്ചിരുന്നില്ല.
മംഗ്ളുറു: (KasaragodVartha) കർണാടകയിലെ കുന്ദാപുര ഗവ. പ്രീ-യൂണിവേഴ്‌സിറ്റി കോളജിലെ പ്രിൻസിപ്പൽ ബിജെ രാമകൃഷ്ണയെ മികച്ച അധ്യാപകര്‍ക്ക് പ്രഖ്യാപിച്ച പുരസ്‌കാര (ഉത്തമ ശിക്ഷക്) പട്ടികയില്‍ നിന്ന് ഒഴിവാക്കി കർണാടക സർക്കാർ. കോളജിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനികളെ പ്രവേശിക്കാൻ അനുവദിക്കാതിരുന്നതിൽ പ്രധാന പങ്ക് വഹിച്ചയാളാണ് രാമകൃഷ്ണയെന്നാണ് ആരോപണം.
കർണാടക വിദ്യാഭ്യാസ വകുപ്പ് ഇത്തവണത്തെ മികച്ച അധ്യാപകരുടെ പട്ടിക ചൊവ്വാഴ്ച രാത്രി പ്രഖ്യാപിച്ചിരുന്നു. ബി ജി രാമകൃഷ്ണ ഉൾപ്പെടെ സംസ്ഥാനത്തെ കോളജുകളിലെ രണ്ട് പ്രിൻസിപ്പൽമാരെയാണ് അവാർഡിനായി തിരഞ്ഞെടുത്തത്. ബുധനാഴ്ച വകുപ്പ് ഉദ്യോഗസ്ഥർ ബിജി രാമകൃഷ്ണയെ കണ്ട് അവാർഡ് താൽക്കാലികമായി തടഞ്ഞ കാര്യം അറിയിച്ചു.
Hijab Row fallout ?
— Deepak Bopanna (@dpkBopanna) September 5, 2024
Hours before Ramakrishna BG principal of the Govt PU college in Kundapura was to be felicitated on teacher day, the award has been withheld following outrage by certain sections. This is a video of him preventing #Hijab clad students entering campus 2 yrs ago. pic.twitter.com/c9rV2ZiSFp
രണ്ട് വർഷം മുമ്പ് കർണാടകയിൽ ഹിജാബ് വിവാദം പൊട്ടിപ്പുറപ്പെട്ടപ്പോൾ, കുന്ദാപുര കോളജിൽ ഹിജാബ് ധരിച്ച് എത്തിയ വിദ്യാർത്ഥിനികളെ രാമകൃഷ്ണയുടെ നിർദേശപ്രകാരം കോളജ് ഗേറ്റിൽ തടഞ്ഞിരുന്നു. ഈ സംഭവം വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. സോഷ്യൽ മീഡിയയിൽ ഈ സംഭവം വൈറലായിരുന്നു.
പിന്നീട് ഹിജാബ് വിഷയം സംസ്ഥാനത്തെ മുഴുവൻ കോളജുകളിലേക്കും വ്യാപിച്ചു. ഹിജാബ് ധരിക്കുന്ന വിദ്യാർത്ഥിനികളെ തടയുന്നതിനൊപ്പം, ഹിന്ദു വിദ്യാർത്ഥികൾ കാവി ഷാളുകൾ ധരിച്ച് പ്രതിഷേധിക്കാനും തുടങ്ങി. ഇതുമായി ബന്ധപ്പെട്ട ഹർജികളിൽ കർണാടക ഹൈകോടതി വിധി പറഞ്ഞെങ്കിലും വിവാദം അവസാനിച്ചില്ല.
രാമകൃഷ്ണയ്ക്ക് പുരസ്കാരം നൽകുന്നതിനെതിരെ വിവിധ സംഘടനകളും വ്യക്തികളും രംഗത്തെത്തിയിരുന്നു. ഹിജാബ് വിവാദത്തിൽ ഒരു വിഭാഗം വിദ്യാർത്ഥിനികളുടെ അവകാശങ്ങൾ നിഷേധിച്ച വ്യക്തിക്ക് പുരസ്കാരം നൽകുന്നത് ന്യായീകരിക്കാനാവില്ല എന്നായിരുന്നു വാദം. ഇതേ തുടർന്ന് സർക്കാർ പുരസ്കാരം പിൻവലിക്കുകയായിരുന്നു. സർക്കാരിന്റെ ഈ തീരുമാനത്തെ പലരും സ്വാഗതം ചെയ്തപ്പോൾ മറ്റു ചിലർ വിമർശിച്ചു.
അധ്യാപക ദിനത്തോടനുബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് 20 പ്രൈമറി സ്കൂൾ അധ്യാപകർ, 11 ഹൈസ്കൂൾ അധ്യാപകർ, 8 പിയു അധ്യാപകർ, രണ്ട് പ്രിൻസിപ്പൽമാർ എന്നിവരെയാണ് മികച്ച അധ്യാപക അവാർഡുകൾ നൽകി ആദരിക്കാൻ തീരുമാനിച്ചിരുന്നത്. വ്യാഴാഴ്ച ബെംഗ്ളൂറിൽ നടന്ന അധ്യാപകദിന പരിപാടിയിൽ ബി ജി രാമകൃഷ്ണ ഒഴികെയുള്ളവർക്ക് അവാർഡ് സമ്മാനിച്ചു.
#hijabcontroversy #Karnataka #India #education #award #principal