Airfares | മണ്ണിടിച്ചിലിൽ പണി കിട്ടിയത് യാത്രക്കാർക്ക്; പാതകളിലെ ഗതാഗത തടസം മറയാക്കി വിമാന നിരക്കിൽ റോക്കറ്റ് വർധനവ്
ബെംഗളൂരുവിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് 3000 രൂപയിൽ നിന്ന് 9000 രൂപയായി ഉയർന്നു
മംഗ്ളുറു: (KasargodVartha) ഉത്തര കന്നഡയിലെ ഷിറൂർ ദേശീയപാതയിലെ മലയിടിച്ചിലും പശ്ചിമഘട്ട ചുരം പാതയിലെ മണ്ണിടിച്ചിൽ ഭീഷണിയുമായി ബന്ധപ്പെട്ട ഗതാഗത തടസം വിമാന ടിക്കറ്റ് നിരക്കുകളിൽ വൻ വർധനവിന് ഇടയാക്കി. വാഹന ഗതാഗതം തടസപ്പെട്ട മറവിൽ വിമാന യാത്ര നിരക്കിൽ റോക്കറ്റ് വർധനയെന്നാണ് ആക്ഷേപം. ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെ ജനങ്ങൾക്ക് ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിലേക്കുള്ള യാത്ര ദുരിതമായി മാറിയിരിക്കുകയാണ്.
ബെംഗളൂരുവിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് 3000 രൂപയിൽ നിന്ന് 9000 രൂപയായി ഉയർന്നു. മുംബൈയിലേക്കുള്ള ടിക്കറ്റ് നിരക്ക് 12000 രൂപ കടന്നു. വിമാന സർവീസുകളിൽ വെട്ടിക്കുറച്ചതിനെ തുടർന്നാണ് ഈ വർധനവെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലുള്ളവർ ബെംഗളൂരു, മുംബൈ യാത്രകൾക്ക് ട്രെയിൻ സൗകര്യം ലഭ്യമല്ലാത്ത അവസ്ഥയിൽ വിമാന സർവീസാണ് ആശ്രയിക്കുന്നത്
മംഗളൂരു അദാനി വിമാനത്താവളത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് ആറ് വിമാനങ്ങൾ ഉണ്ടായിരുന്നത് രണ്ടായി കുറഞ്ഞു. ബാക്കിയുള്ള നാല് വിമാനങ്ങളിലെ സീറ്റുകളും വളരെ പെട്ടെന്ന് ബുക്ക് ചെയ്യപ്പെടുന്നു. മുംബൈയിലേക്കുള്ള അഞ്ച് വിമാനങ്ങളും പൂർണമായും ബുക്ക് ആണ്. ഈ മാസം 31 വരെ മംഗളൂരു-ബെംഗളൂരു റൂട്ടിൽ ഒരു സീറ്റ് പോലും ലഭ്യമല്ല.