New Hostels | മംഗ്ളൂറിൽ വിദ്യാർഥികൾക്ക് താമസിച്ച് പഠിക്കാം; ദക്ഷിണ കന്നഡയിൽ ന്യൂനപക്ഷങ്ങൾക്കായി 6 പുതിയ ഹോസ്റ്റലുകൾ വരുന്നു; രണ്ടെണ്ണം പെൺകുട്ടികളുടേത്; സർകാർ അനുമതിയായി
രണ്ടെണ്ണം ഒരു മാസത്തിനുള്ളിൽ തന്നെ തുടങ്ങും. ഓരോ ഹോസ്റ്റലിലും 100 വിദ്യാർഥികൾക്ക് താമസിക്കാം. ഇതോടെ 600 വിദ്യാർഥികൾക്ക് താമസ സൗകര്യം ലഭിക്കും
മംഗ്ളുറു: (KasargodVartha) ന്യൂനപക്ഷ വിദ്യാർഥികൾക്ക് താമസ സൗകര്യം ഒരുക്കുന്നതിനായി സർക്കാർ പുതിയ ഹോസ്റ്റലുകൾക്ക് അനുമതി നൽകി. ദക്ഷിണ കന്നഡയിൽ മാത്രം ആറ് പുതിയ ഹോസ്റ്റലുകൾ തുടങ്ങും. ഇതിൽ രണ്ടെണ്ണം പെൺകുട്ടികൾക്കായാണ്. ഉഡുപ്പിയിലും രണ്ട് ഹോസ്റ്റലുകൾ ആരംഭിക്കും. ഇതിൽ ഒന്ന് ആൺകുട്ടികൾക്കും മറ്റൊന്ന് പെൺകുട്ടികൾക്കുമാണ്.
ഈ ആറ് ഹോസ്റ്റലുകളിൽ രണ്ടെണ്ണം ഒരു മാസത്തിനുള്ളിൽ തന്നെ തുടങ്ങും. ഓരോ ഹോസ്റ്റലിലും 100 വിദ്യാർഥികൾക്ക് താമസിക്കാം. ഇതോടെ 600 വിദ്യാർഥികൾക്ക് താമസ സൗകര്യം ലഭിക്കും. മൂഡബിദ്രി, സൂറത്കൽ എന്നിവിടങ്ങളിലും മംഗ്ളുറു നഗരത്തിൽ രണ്ടെണ്ണവും ഉൾപ്പെടെയാണ് ഹോസ്റ്റൽ സൗകര്യം വരുന്നത്.
'ന്യൂനപക്ഷ വിദ്യാർഥികൾക്ക് താമസ സൗകര്യം വളരെ കുറവാണ്. നിലവിൽ ഉള്ള ഏഴ് ഹോസ്റ്റലുകളിലും എല്ലാ വർഷവും സീറ്റുകൾ നിറയും. പുതിയത് ആരംഭിക്കുന്നത് വഴി കൂടുതൽ വിദ്യാർഥികൾക്ക് താമസ സൗകര്യം ലഭിക്കും', ജില്ലാ മൈനോറിറ്റി വകുപ്പ് ഉദ്യോഗസ്ഥൻ ജിനേന്ദ്ര കോട്ടിയാൻ പറഞ്ഞു.
മംഗ്ളുറു നഗരത്തിലും കൊണാജെയിലും ആദ്യത്തെ രണ്ട് ഹോസ്റ്റലുകൾ ഒരു മാസത്തിനുള്ളിൽ തുടങ്ങും. കൊണാജെയിലെ ഹോസ്റ്റൽ നിലവിലുള്ള ഹോസ്റ്റൽ കെട്ടിടത്തിൽ തന്നെയായിരിക്കും. നഗരത്തിലെ പെൺകുട്ടികളുടെ ഹോസ്റ്റൽ ജപ്പുവിന് സമീപം വാടകയ്ക്ക് എടുത്ത അപ്പാർട്ട്മെന്റിലായിരിക്കും. 24 ഫ്ലാറ്റുകളുള്ള അപ്പാർട്ട്മെന്റാണ് എടുത്തിരിക്കുന്നത്. ഓരോ ഫ്ലാറ്റിലും 10 വിദ്യാർഥികൾക്ക് താമസിക്കാം.
ഹോസ്റ്റലുകളിൽ 75 ശതമാനം സീറ്റുകൾ ന്യൂനപക്ഷ വിദ്യാർഥികൾക്കും ബാക്കി മറ്റ് വിഭാഗത്തിനുമായിരിക്കും. ഹോസ്റ്റലുകൾ ഒരു വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ആൺകുട്ടികളുടെ ഹോസ്റ്റലുകളിൽ അഞ്ച് ജീവനക്കാരും പെൺകുട്ടികളുടെ ഹോസ്റ്റലുകളിൽ ആറ് ജീവനക്കാരും ഉണ്ടാകും.