Road Accidents | വ്യത്യസ്ത വാഹനാപകടങ്ങളിൽ 4 പേർക്ക് ദാരുണാന്ത്യം; രണ്ടിടത്തും മരിച്ചത് ബൈക്ക് യാത്രികർ
● തുമകുരുവിലും ടിപ്ലപദാവിലുമായിരുന്നു അപകടങ്ങൾ നടന്നത്.
● കുടുംബം തുമകുരുവിൽ നിന്ന് സ്വന്തം ഗ്രാമത്തിലേക്ക് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു.
● ടിപ്ലപദാവിൽ ബൈക്കും ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് ബൈക്ക് യാത്രികൻ മരിച്ചത്.
മംഗ്ളുറു: (KasargodVartha) കർണാടകയിൽ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിൽ മൂന്ന് കുട്ടികളടക്കം നാല് പേർ മരിച്ചു. തുമകുരുവിലും ടിപ്ലപദാവിലുമായിരുന്നു അപകടങ്ങൾ നടന്നത്. രണ്ടിടങ്ങളിലും ബൈക്കുകളാണ് അപകടത്തിൽപ്പെട്ടത്.
തുമകുരു താലൂക്കിലെ ഒബലാപുര ഗേറ്റിന് സമീപം ട്രാക്ടറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു യുവതിയും രണ്ട് ആൺമക്കളും ദാരുണമായി മരിച്ചു. മധുഗിരി താലൂക്കിലെ പുരവർ ഹോബ്ലി ഗോണ്ടിഹള്ളി ഗ്രാമത്തിലെ മുംതാസ് (38), അവരുടെ മക്കളായ മുഹമ്മദ് ആസിഫ് (12), ഷാക്കിർ ഹുസൈൻ (22) എന്നിവരാണ് മരിച്ചത്.
കുടുംബം തുമകുരുവിൽ നിന്ന് സ്വന്തം ഗ്രാമത്തിലേക്ക് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു. പുലർച്ചെയുണ്ടായ കനത്ത മൂടൽമഞ്ഞ് കാരണം ട്രാക്ടർ പെട്ടെന്ന് ശ്രദ്ധയിൽ പെടാതെ പോയതാകാം അപകടത്തിലേക്ക് നയിച്ചത് എന്നാണ് സൂചന. ജില്ലാ പൊലീസ് സൂപ്രണ്ട് അശോക് വെങ്കട്ട്, ഡിവൈഎസ്പി ചന്ദ്രശേഖർ എന്നിവർ സംഭവസ്ഥലം സന്ദർശിച്ച് അന്വേഷണം ആരംഭിച്ചു.
ടിപ്ലപദാവിൽ ബൈക്കും ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് ബൈക്ക് യാത്രികൻ മരിച്ചത്. ദേർളക്കാട്ടെ സ്വദേശിയായ കെ ഔസാഫ് (25) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഔസാഫിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഔസാഫ് ടിപ്ലപദാവിലേക്ക് ബൈക്കിൽ പോകുമ്പോൾ, ഒരു ലോറി പെട്ടെന്ന് തിരിഞ്ഞതാണ് അപകടത്തിന് കാരണമായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഒരു മെഡിക്കൽ ഷോപ്പ് നടത്തി വരികയായിരുന്നു ഔസാഫ്. മംഗളൂരു സൗത്ത് ട്രാഫിക് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
#RoadAccidents #KarnatakaNews #TumakuruAccident #TipplapadavuCrash #BikeAccident #FatalAccident