Tragedy | മതിൽ ഇടിഞ്ഞുവീണ് വീട് തകർന്ന് ഒരു കുടുംബത്തിലെ 4 പേർ ദാരുണമായി മരിച്ചു; ദുരന്തം നാടിനെ നടുക്കി

രാത്രിഭക്ഷണം കഴിഞ്ഞ് കുടുംബം ഉറങ്ങാൻ കിടന്നിരുന്നു
മംഗ്ളുറു: (KasaragodVartha) മതിൽ ഇടിഞ്ഞുവീണ് വീട് തകർന്ന് ഒരു കുടുംബത്തിലെ നാല് പേർ ദാരുണമായി മരിച്ചു. ബുധനാഴ്ച പുലർച്ചെ ഉള്ളാൾ മുന്നൂർ മദനി നഗറിലാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. റിഹാന മൻസിലിലെ യാസിർ (45), ഭാര്യ മറിയം ഉമ്മ (40), മക്കളായ റിഹാനാൻ (11), റിഫാൻ (17) എന്നിവരാണ് മരിച്ചത്. അയൽവാസിയായ അബൂബകറിൻ്റെ വീടിൻ്റെ മതിലാണ് യാസിറിൻ്റെ വീടിന് മുകളിലേക്ക് വീണത്.
ബന്ദറിലാണ് യാസിർ ജോലി ചെയ്തിരുന്നത്. രാത്രിഭക്ഷണം കഴിഞ്ഞ് കുടുംബം ഉറങ്ങാൻ കിടന്നിരുന്നു. രാത്രിയിൽ ശക്തമായ മഴയിൽ രണ്ട് മരങ്ങൾ വീടിന്റെ മുകളിലേക്ക് പതിക്കുകയും മതിൽ ഇടിഞ്ഞുവീഴുകയുമായിരുന്നു. ബുധനാഴ്ച പുലർച്ചെയാണ് മാതാപിതാക്കളെയും പെൺമക്കളെയും മരിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തിയത്.
മൂന്ന് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് കുടുംബത്തിലെ നാല് പേരുടെയും മൃതദേഹങ്ങൾ പുറത്തെടുത്തത്. മൂന്ന് മൃതദേഹങ്ങൾ പ്രദേശവാസികൾ തന്നെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്തുവെങ്കിലും അഗ്നിശമനസേനയും നാട്ടുകാരും രണ്ട് മണിക്കൂർ പരിശ്രമിച്ചാണ് നാലാമത്തെ മൃതദേഹം പുറത്തെടുക്കാനായത്.
റിഹാനയും റിഫാനും വിദ്യാർഥികളാണ്. മൂത്ത മകൾ റശീനയെ കേരളത്തിലേക്കാണ് വിവാഹം കഴിച്ചയച്ചിട്ടുള്ളത്. ബലിപെരുന്നാളിന് റശീന സ്വന്തം വീട്ടിലേക്ക് വന്നിരുന്നുവെങ്കിലും ചൊവ്വാഴ്ച ഭർത്താവിൻ്റെ വീട്ടിലേക്ക് മടങ്ങിയിരുന്നു. രണ്ടു വർഷം മുൻപും സമാനമായ രീതിയിൽ സംഭവം നടന്നിരുന്നുവെങ്കിലും അന്ന് ഭാഗ്യംകൊണ്ട് ആർക്കും പരുക്കേറ്റിരുന്നില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.