city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Jayaprakash Hegde | ജയപ്രകാശ് ഹെഗ്ഡെയുടെ തിരിച്ചു വരവ് കോൺഗ്രസിന് ഊർജം പകരുമെന്ന് നിരീക്ഷണം; തീരദേശ കർണാടകയിൽ പുതിയ പ്രതീക്ഷകൾ

മംഗ്ളുറു: (KasargodVartha) ആളുകൾ നെഞ്ചേറ്റുന്ന, നേതൃതലത്തിൽ അറിവും തന്ത്രവും പകരാനാവുന്ന നേതാവുണ്ടാവുക, അതിന്റെ 'അപകടം' അറിഞ്ഞ അപകർഷതയിൽ അദ്ദേഹത്തെ ചവിട്ടിപ്പുറത്താക്കുക, അതായിരുന്നു ജയപ്രകാശ് ഹെഗ്ഡെ എന്ന ജെ പി ഹെഗ്ഡെയുടെ കാര്യത്തിൽ ഒമ്പത് വർഷം മുമ്പ് കോൺഗ്രസ് ചെയ്തത്. നോടീസ് പോലും നൽകാതെ 2015 ഡിസംബർ 14ന് പാർടിയിൽ നിന്ന് ആറ് വർഷത്തേക്ക് പുറത്താക്കി. കർണാടകയിൽ ഒന്നാം സിദ്ധാരാമയ്യ സർകാർ അധികാരത്തിലിരുന്ന സമയമായിരുന്നു അത്. ദക്ഷിണ കന്നഡ ജില്ലയിലെ എട്ട് നിയമസഭ മണ്ഡലങ്ങളിൽ ഏഴിടത്തും കോൺഗ്രസ് എംഎൽഎമാർ. ബി രമാനാഥ റൈയും യു ടി ഖാദറും മന്ത്രിമാർ. ഉഡുപി ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിൽ നാലിലും കോൺഗ്രസ് എംഎൽഎമാർ. വിനയകുമാർ സൊറകെ മന്ത്രി.

Jayaprakash Hegde | ജയപ്രകാശ് ഹെഗ്ഡെയുടെ തിരിച്ചു വരവ് കോൺഗ്രസിന് ഊർജം പകരുമെന്ന് നിരീക്ഷണം; തീരദേശ കർണാടകയിൽ പുതിയ പ്രതീക്ഷകൾ

രാഷ്ട്രീയ മർമം മംഗ്ളുറു മണ്ഡലം പ്രതിനിധാനം ചെയ്യുന്ന യു ടി ഖാദറിൽ പരിമിതപ്പെടുന്ന സ്ഥിതിവിശേഷമാണ് ജെ പി പുറത്തു പോയ ശേഷം ഉഡുപി, ദക്ഷിണ കന്നട ജില്ലകളിലെ കോൺഗ്രസിൽ ഉണ്ടായതെന്ന് തുടർന്നു വന്ന തെരഞ്ഞെടുപ്പ് ഫലങ്ങൾ ചൂണ്ടിക്കാട്ടി രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. 2018ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ദക്ഷിണ കന്നഡ ജില്ലയിൽ യു ടി.ഖാദർ ഒഴികെ കോൺഗ്രസിന്റെ ഏഴ് പേരും തോറ്റു. ഉഡുപി ജില്ലയിൽ കോൺഗ്രസ് സ്ഥാനാർഥികളിൽ ഒരാൾ പോലും ജയം തൊട്ടില്ല.

Jayaprakash Hegde | ജയപ്രകാശ് ഹെഗ്ഡെയുടെ തിരിച്ചു വരവ് കോൺഗ്രസിന് ഊർജം പകരുമെന്ന് നിരീക്ഷണം; തീരദേശ കർണാടകയിൽ പുതിയ പ്രതീക്ഷകൾ

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലും ഉഡുപി ജില്ലയിൽ ബിജെപിയാണ് വീണ്ടും സീറ്റുകൾ മുഴുവൻ തൂത്തുവാരിയത്. ദക്ഷിണ കന്നഡ ജില്ലയിൽ പുത്തൂർ മണ്ഡലത്തിൽ ബിജെപി റിബൽ രണ്ടാം സ്ഥാനത്ത് എത്തുന്ന സ്ഥിതിയുണ്ടായതിനാൽ കോൺഗ്രസ് എംഎൽഎമാരുടെ എണ്ണം രണ്ടായി.

ദക്ഷിണ കന്നഡ ലോക്സഭ മണ്ഡലത്തിൽ നളിൻ കുമാർ കട്ടീൽ, ഉഡുപ്പി-ചിക്കമംഗളൂരുവിൽ ശോഭ കാറന്ത്ലാജെ എന്നീ ബിജെപി സ്ഥാനാർഥികൾ ബഹുഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ജെ പിയിൽ ജനങ്ങൾ അർപ്പിച്ച വിശ്വാസത്തിന് അദ്ദേഹം സ്വതന്ത്രനായി മത്സരിച്ച രണ്ട് നിയമസഭ തിരഞ്ഞെടുപ്പുകൾ സാക്ഷി എന്നും പറയുന്നു. ബ്രഹ്മാവർ മണ്ഡലത്തിൽ നിന്ന് 1999ലെ നിയമസഭ തിരഞ്ഞെടുപ്പിൽ സരള ബി കാഞ്ചൻ (കോൺഗ്രസ്), ഇപ്പോഴത്തെ ലെജിസ്ലേറ്റീവ് കൗൺസിൽ പ്രതിപക്ഷ നേതാവും മുൻ മന്ത്രിയുമായ കോട്ട ശ്രീനിവാസ പൂജാരി (ബിജെപി), ദയാനന്ദ ഷെട്ടി (ജെഡിഎസ്) എന്നിവരെ പിന്തള്ളിയായിരുന്നു സ്വതന്ത്രനായി ജനവിധി തേടിയ ജയപ്രകാശ് ഹെഗ്ഡെ 4763 വോടുകളുടെ ഭൂരിപക്ഷത്തിൽ നിയമസഭയിൽ എത്തിയത്.

2004ൽ കോൺഗ്രസിന്റെ മുൻ മന്ത്രി പ്രമോദ് മധ്വരാജ് , ബിജെപിയുടെ കോട്ട ശ്രീനിവാസ പൂജാരി, ജെഡിഎസിന്റെ അൽതാർ നിരഞ്ജൻ ഹെഗ്ഡെ എന്നിവരെ മറികടന്ന് സ്വതന്ത്രൻ വിജയം ആവർത്തിച്ചപ്പോൾ ഭൂരിപക്ഷം 12173 വോടുകളായി ഉയരുകയായിരുന്നു. ചൊവ്വാഴ്ച ബെംഗ്ളുറു കെപിസിസി ആസ്ഥാനത്ത് ഇതുവരെ തോളേറ്റിയ താമര കുത്തിയ ഷോൾ ഉപേക്ഷിച്ച് കൈപ്പത്തി മുദ്രയുള്ളത് ഉപമുഖ്യമന്ത്രിയും കോൺഗ്രസ് അധ്യക്ഷനുമായ ഡി കെ ശിവകുമാറിൽ നിന്ന് ജെ പി സ്വീകരിച്ച ചടങ്ങിൽ മലയാളിയായ ഊർജ മന്ത്രി കെ ജെ ജോർജ്ജും ഉഡുപ്പി ജില്ല ചുമതലയുള്ള മന്ത്രി ലക്ഷ്മി ഹെബ്ബാൽക്കറും സന്നിഹിതരായിരുന്നു.

അഭിഭാഷകനായ ഹെഗ്ഡെ വിദ്യാർഥി സംഘടന പ്രവർത്തനത്തിലൂടെ രാഷ്ട്രീയത്തിലേക്ക് വന്ന നേതാവാണ്. ഉഡുപി ജില്ലയിലെ ബ്രഹ്മാവർ മണ്ഡലത്തിൽ നിന്ന് 1994ൽ ജനതദൾ പ്രതിനിധിയായാണ് ആദ്യമായി നിയമസഭയിൽ എത്തിയത്. തുറമുഖ-ഫിഷറീസ് മന്ത്രിയായി പ്രവർത്തിച്ചു. അവിഭക്ത ദക്ഷിണ കനറ ജില്ല വിഭജിച്ച് ഉഡുപി, ദക്ഷിണ കന്നഡ രൂപവത്കരണ ദൗത്യത്തിന് നേതൃത്വം നൽകി. ഉഡുപി ജില്ല സ്ഥാപകൻ എന്ന ഖ്യാതി ഇതിലൂടെ വന്നു ചേർന്നു. 1997ൽ ജില്ല വിഭജനത്തിന് പിന്നാലെ ബ്രഹ്മാവർ മണ്ഡലവും ഭേദിക്കപ്പെട്ടിരുന്നു. ഇതോടെ കോൺഗ്രസിൽ ചേർന്ന ഹെഗ്ഡെ 2012 ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ഉഡുപ്പി -ചിക്കമംഗളൂരു മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് സ്ഥാനാർഥിയായി ലോക്സഭയിലെത്തിയിരുന്നു. ഡി വി സദാനന്ദ ഗൗഡ കർണാടക മുഖ്യമന്ത്രിയാവാൻ എംപി സ്ഥാനം രാജിവച്ച ഒഴിവിലായിരുന്നു അത്.

കോൺഗ്രസ് പുറത്താക്കിയതിന് ശേഷം ബിജെപിയിൽ ചേർന്ന ജെപിക്ക് സർകാർ പിന്നാക്ക വിഭാഗ കമീഷൻ ചെയർമാൻ സ്ഥാനം നൽകിയിരുന്നു. പകരം ഉഡുപി, ദക്ഷിണ കന്നഡ ജില്ലകളിൽ ബിജെപിക്ക് ലഭിച്ചത് തന്ത്രങ്ങളുടെ ബുദ്ധി കേന്ദ്രത്തെയായിരുന്നു. എഴുപത്തിരണ്ടാം വയസിലും അത് കുശാഗ്രമാണ്. ഉഡുപി -ചിക്കമംഗളൂരു മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയാവുമോ എന്ന അന്വേഷണത്തിന് ജെ.പിയുടെ പ്രതികരണം ഇങ്ങിനെ: 'മുഴുവൻ കോൺഗ്രസ് സ്ഥാനാർഥികളുടേയും വിജയത്തിനായി പ്രവർത്തിക്കും'.

കലുഷിതമാണ് ദക്ഷിണ കന്നഡ, ഉഡുപി ജില്ലകളിൽ കാവിരാഷ്ട്രീയമെന്നും ദക്ഷിണ കന്നഡ എംപി നളിൻ കുമാർ കട്ടീൽ നേതൃത്വവും അണികളും തിരസ്കരിക്കുന്ന അവസ്ഥയിലാണെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ഉഡുപി-ചിക്കമംഗളൂരു എംപി കേന്ദ്ര മന്ത്രി ശോഭ കാറന്ത്ലാജെക്ക് എതിരെ ബിജെപി പ്രവർത്തകർ തെരുവിലാണ്. ജെ പിയോടൊപ്പം ബിജെപി മുൻ എംഎൽഎമാരായ ബി എം സുകുമാർ ഷെട്ടിയും എം പി കുമാര സ്വാമിയും കോൺഗ്രസിൽ ചേർന്നിരുന്നു. ഇരുവരും കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി സീറ്റ് ലഭിക്കാത്തതിൽ അസംതൃപ്തരായിരുന്നു. സുകുമാർ ഷെട്ടി നേരത്തെ ഡി കെ ശിവകുമാറിനെ ബംഗളൂരുവിൽ സന്ദർശിച്ച് കോൺഗ്രസിൽ ചേരാനുള്ള സന്നദ്ധത അറിയിച്ചിരുന്നു.


Keywords: News, Top-Headlines, Mangalore, Mangalore-News, Kerala, Kerala-News, Jayaprakash Hegde, Congress, Former BJP Leader K Jayaprakash Hegde Returns to Congress.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia