പ്രമുഖ കന്നട നോവലിസ്റ്റ് കും വീരഭദ്രപ്പയ്ക്ക് വധഭീഷണി
Apr 9, 2022, 14:33 IST
സൂപ്പി വാണിമേല്‍
മംഗളുറു: (www.kasargodvartha.com 09.04.2022) തീവ്ര ഹിന്ദുത്വ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന പ്രമുഖ കന്നട നോവലിസ്റ്റ് കും വീരഭദ്രപ്പ(കും വീ)ക്ക് വധഭീഷണി. ഷിവമോഗ ഭദ്രാവതിയില്‍ നിന്ന് തപാലില്‍ ലഭിച്ച രണ്ടു പേജ് കന്നട കൈയെഴുത്ത് കത്തിലൂടെയാണ് ഭീഷണിയെന്ന് കും വീ പറഞ്ഞു. 'സൂക്ഷിക്കുക! ദേശവിരുദ്ധ ബുദ്ധിജീവികളായ കും വീരഭദ്രപ്പയും കൂട്ടരും. പിന്നെ മുന്‍ മുഖ്യമന്ത്രിമാരായ സിദ്ധാരാമയ്യയും എച് ഡി കുമാര സ്വാമിയും. സൂക്ഷിക്കുക! സൂക്ഷിക്കുക! നിങ്ങളുടെ ചിത അവരവരുടെ വീടുകളില്‍ ഒരുക്കാന്‍ തയ്യാറെടുത്തോളൂ...' എന്നാണ് കത്തിലുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി.
കൊന്നുകളയേണ്ട പൊതു, സാംസ്കാരിക രംഗത്തെ 61 പ്രമുഖരുടെ പേരുകള്‍ 'സഹിഷ്ണു ഹിന്ദു'എന്ന പേരില്‍ വിലാസം രേഖപ്പെടുത്താതെ അയച്ച കത്തിലുണ്ട്. പ്രമുഖ സാഹിത്യകാരന് പ്രൊഫ. എം എം കലബുറുഗിയെ 2015 ആഗസ്റ്റ് 30ന് ധാര്‍വാഡിലെ വസതിയില്‍ അതിക്രമിച്ച് കയറി വെടിവച്ച് കൊന്ന സംഭവത്തോടുള്ള പ്രതികരണം മുതല്‍ തീവ്ര ഹിന്ദുത്വ സംഘടനകളുടെ കണ്ണില്‍ കരടാണ് കും വീ. കലബുറുഗി കൊലയെത്തുടര്‍ന്ന് രാജ്യമെങ്ങും സാംസ്കാരിക നായകര്‍ പുരസ്കാരങ്ങള്‍ തിരിച്ചേല്പിച്ച് പ്രകടിപ്പിച്ച പ്രതിഷേധത്തില്‍ കും വീയും പങ്കാളിയായിരുന്നു. തന്റെ അരമനെ എന്ന കൃതിക്ക് 2007ല്‍ ലഭിച്ച കര്‍ണാടക സാഹിത്യ അകാഡമി അവാര്‍ഡും തുകയും തിരിച്ചേല്പിച്ചായിരുന്നു അത്.
നോവലിസ്റ്റ്, കഥാകൃത്ത്, കവി തുടങ്ങിയ നിലകളില്‍ സഹൃദയര്ക്കിടയില് ഏറെ സ്വാധീനമുള്ള വീരഭദ്രപ്പ സംഘ്പരിവാര്‍ നിലപാടുകളെ ശക്തമായി വിമര്‍ശിക്കുന്ന പ്രഭാഷകന്‍ കൂടിയാണ്. ഏറ്റവും ഒടുവില്‍ ഹിജാബ് വിഷയത്തില്‍ വരെ ഫാസിസത്തിനെതിരെയാണ് ഈ 68കാരന് ശബ്ദിക്കുന്നത്. 2017 സെപ്റ്റംബര്‍ അഞ്ചിന് പ്രമുഖ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൂടി തോക്കിന് ഇരയായതോടെ അതിക്രമങ്ങള്‍ക്കെതിരെ നിരവധി എഴുത്തുകാര്‍ ഭീതി കാരണം നിശബ്ദരാണ്. ഭയപ്പെടുത്തലില്‍ കീഴ്പ്പെടാത്തവരുടെ പേരുകളാണ് വധഭീഷണി കത്തില്‍ ഉള്ളതെന്നത് സാംസ്കാരിക പ്രവര്‍ത്തകര്‍ ഗൗരവത്തോടെയാണ് കാണുന്നത്.
Keywords: Mangalore, Karnataka, News, Top-Headlines, Novel, Minister, Writer, Murder-attempt, Death threat against Kum Veerabhadrappa.
< !- START disable copy paste -->











