Controversy | വിവാദ പ്രസംഗം: ആധ്യാത്മിക പ്രഭാഷക മീനാക്ഷി സെഹ്‌രാവത്തിനെതിരെ കേസ്
● ഉഡുപ്പി പൂർണപ്രജ്ഞ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിലെ പരാമർശങ്ങളാണ് വിവാദമായത്.
● പരിപാടി സംഘടിപ്പിച്ച അടമരു മഠം അഡ്മിനിസ്‌ട്രേറ്റീവ് മാനേജർ ഗോവിന്ദരാജുവാണ് കേസിലെ രണ്ടാം പ്രതി.
● ബിഎൻഎസ് 153 (എ), 505 (2) വകുപ്പുകൾ പ്രകാരമാണ് മീനാക്ഷി സെഹ്‌രാവത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മംഗ്ളുറു: (KasargodVartha) രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ അധിക്ഷേപിക്കുകയും വിദ്വേഷ പ്രസംഗം നടത്തുകയും ചെയ്തുവെന്ന പരാതിയിൽ ഉത്തരേന്ത്യയിൽ നിന്നുള്ള ആധ്യാത്മിക പ്രഭാഷക മീനാക്ഷി സെഹ്‌രാവത്തിനെതിരെ ഉഡുപ്പി പൊലീസ് കേസെടുത്തു. ഉഡുപ്പി പൂർണപ്രജ്ഞ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിലെ പരാമർശങ്ങളാണ് വിവാദമായത്.
പരിപാടി സംഘടിപ്പിച്ച അടമരു മഠം അഡ്മിനിസ്‌ട്രേറ്റീവ് മാനേജർ ഗോവിന്ദരാജുവാണ് കേസിലെ രണ്ടാം പ്രതി. ഉഡുപ്പി സിറ്റി പൊലീസ് സബ് ഇൻസ്‌പെക്ടർ ബി ഇ പുനിത് കുമാർ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. 'വിശ്വാർപ്പണം' എന്ന പരിപാടിയിൽ 'ബംഗ്ലാ പാത' എന്ന വിഷയത്തിലാണ് സെഹ്‌രാവത്ത് ഹിന്ദിയിൽ പ്രഭാഷണം നടത്തിയത്.
പൊലീസ് പറയുന്നത് ഇങ്ങനെ: 'ചരിത്രത്തെക്കുറിച്ച് ശരിയായ അറിവ് നൽകിയില്ലെങ്കിൽ പെൺകുട്ടികൾ ആസിഫുകളുടെ കെണിയിൽ അകപ്പെടുകയും ആസിഫകളായി മാറുകയും ചെയ്യുമെന്നായിരുന്നു സെഹ്‌രാവത്തിന്റെ പ്രസ്താവന. പാകിസ്ഥാൻ രൂപീകരിക്കുന്നതിൽ മുഹമ്മദലി ജിന്നയെ പിന്തുണച്ച മഹാത്മാഗാന്ധിയെ 'രാഷ്ട്രപിതാവ്' എന്ന് വിളിക്കാൻ കഴിയില്ലെന്നും അവർ പറഞ്ഞിരുന്നു.
ജനസംഖ്യയുടെ 20 ശതമാനം പേർക്ക് അനുകൂലമായി മഹാത്മാഗാന്ധി ശിവാജി മഹാരാജിനെ അടിസ്ഥാനമാക്കിയുള്ള ശിവ ഭവാനി കവിത നിരോധിക്കുന്നതിനെ അനുകൂലിച്ചു എന്നും വന്ദേമാതരം നിരോധിച്ചുവെന്നും സെഹ്‌രാവത്ത് ആരോപിച്ചു. ഹിന്ദുക്കളെ ദുർബലപ്പെടുത്താൻ ഗാന്ധി അഹിംസ അഥവാ അഹിംസ പരമോ ധർമ്മ തത്വം വാദിച്ചെന്നും അവർ പ്രസംഗിച്ചു'.
ബിഎൻഎസ് 153 (എ), 505 (2) വകുപ്പുകൾ പ്രകാരമാണ് മീനാക്ഷി സെഹ്‌രാവത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൂടുതൽ അന്വേഷണങ്ങൾ നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
#MeenakshiSehrawat #ControversialSpeech #GandhiControversy #UdupiNews #PublicSpeech #LegalCase