Conflict | 'ദക്ഷിണ കന്നഡയിലെ കോൺഗ്രസ് സ്ഥാനാർഥി മാധ്യമങ്ങളോട് സംസാരിക്കുന്നത് ബിജെപി പ്രവർത്തകൻ തടഞ്ഞു'; സംഘർഷം
* കേസ് ചുമത്തി അറസ്റ്റ് ചെയ്യേണ്ടി വരുമെന്ന് ഇൻസ്പെക്ടർ ബിജെപി പ്രവർത്തകനെ താക്കീത് ചെയ്തതോടെയാണ് പിരിഞ്ഞു പോയത്.
മംഗ്ളുറു: (KasaragodVartha) ദക്ഷിണ കന്നഡ ലോക് സഭ മണ്ഡലം കോൺഗ്രസ് സ്ഥാനാർഥി പത്മരാജ് ആർ പൂജാരി പോളിംഗ് ബൂത്തിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുന്നത് ബിജെപി പ്രവർത്തകൻ തടഞ്ഞത് സംഘർഷ അന്തരീക്ഷം സൃഷ്ടിച്ചു. മംഗ്ളുറു കാപിതാനിയോ സ്കൂളിലെ ബൂത്തിൽ രാവിലെ കുടുംബസമേതം എത്തി വോട്ട് ചെയ്ത് ഇറങ്ങിയതായിരുന്നു സ്ഥാനാർഥി.
ചാനൽ പ്രവർത്തകർ സമീപിച്ച് വിജയപ്രതീക്ഷയെക്കുറിച്ച് ആരാഞ്ഞതിന് അദ്ദേഹം മറുപടി നൽകി. ബിജെപി പ്രവർത്തകൻ സന്ദീപ് എക്കൂർ ഇടയിൽ കയറി തടസപ്പെടുത്തിയെന്നാണ് പരാതി. ബൂത്ത് പരിസരത്ത് രാഷ്ട്രീയം പറയരുതെന്ന ആക്രോശം കേട്ട് ഇൻസ്പെക്ടർ ടി ഡി നാഗരാജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി.
സ്ഥാനാർഥി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്ന് സന്ദീപിനെ അറിയിച്ച ഇൻസ്പെക്ടർ മാറിനിൽക്കാൻ ആവശ്യപ്പെട്ടെങ്കിലും വാക്കേറ്റത്തിലാണ് കലാശിച്ചത്. ദൃശ്യങ്ങൾ പകർത്തുകയായിരുന്ന ചാനൽ പ്രവർത്തകർക്ക് നേരെ തിരിഞ്ഞ സന്ദീപ് ഭീഷണി മുഴക്കിയതായും ആരോപണമുണ്ട്. ബൂത്ത് പരിസരം സംഘർഷഭരിതമാവുന്ന അവസ്ഥയിൽ പിന്മാറിയില്ലെങ്കിൽ കരുതൽ നിയമപ്രകാരം കേസ് ചുമത്തി അറസ്റ്റ് ചെയ്യേണ്ടി വരുമെന്ന് ഇൻസ്പെക്ടർ ബിജെപി പ്രവർത്തകനെ താക്കീത് ചെയ്തതോടെയാണ് പിരിഞ്ഞു പോയത്.