Vande Bharat | ദക്ഷിണേൻഡ്യയിലും 'വന്ദേ ഭാരത് എക്സ്പ്രസ്'; ചെന്നൈ-ബെംഗ്ളുറു-മൈസുറു സർവീസ് നവംബർ 11 മുതൽ; പരീക്ഷണ ഓട്ടം വിജയകരം; കാസർകോട്ടുകാർക്കും പ്രയോജനം
മംഗ്ളുറു: (www.kasargodvartha.com) രാജ്യത്തെ അഞ്ചാമത്തെയും ദക്ഷിണേൻഡ്യയിലെ ആദ്യത്തെയുമായ 'വന്ദേ ഭാരത് എക്സ്പ്രസ്' ചെന്നൈ-ബെംഗ്ളുറു-മൈസൂറു റൂടിൽ നവംബർ 11 മുതൽ സർവീസ് ആരംഭിക്കും. വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യും. തിങ്കളാഴ്ച ഡോ. എംജിആർ ചെന്നൈ സെൻട്രലിൽ നിന്ന് കെഎസ്ആർ ബെംഗ്ളുറു വഴി മൈസൂറിലേക്ക് നടത്തിയ വന്ദേ ഭാരത് എക്സ്പ്രസിന്റെ പരീക്ഷണ ഓട്ടം വിജയകരമായിരുന്നു.
സൗത് വെസ്റ്റേൺ റെയിൽവേയിലെയും ദക്ഷിണ റെയിൽവേയിലെയും ജെനറൽ മാനജർമാർ, ചെന്നൈ, ബെംഗ്ളുറു, മൈസൂറു ഡിവിഷനുകളിലെ ഡിവിഷണൽ റെയിൽവേ മാനജർമാർ, തുടങ്ങിയ ഉദ്യോഗസ്ഥർ പരീക്ഷണ യാത്രയിൽ പങ്കെടുത്തു. എക്സിക്യൂടീവ് ക്ലാസും ചെയർ കാർ കോചുകളും അടങ്ങുന്ന 16 കോചുകളുള്ള വന്ദേ ഭാരത് എക്സ്പ്രസ്, രാജ്യത്തെ ആദ്യത്തെ സെമി ഹൈസ്പീഡ് ട്രെയിനാണ്. ലോകോത്തര പാസൻജർ സൗകര്യങ്ങളാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്.
Glimpses of the ICF manufactured #MakeInIndia #VandeBharat rake and its exquisite exteriors - At Dr MGR Chennai Central yesterday#SouthernRailway pic.twitter.com/fDCyht2n3l
— Southern Railway (@GMSRailway) November 7, 2022
കൂടാതെ യാത്രാ സമയം 25% മുതൽ 45% വരെ കുറയുകയും ചെയ്യും. വളരെ ഭാരം കുറവാണെന്നതും കുറഞ്ഞ സമയത്തിനുള്ളിൽ ഉയർന്ന വേഗതയിൽ എത്താൻ കഴിവുള്ളതിനാലും യാത്രക്കാർക്ക് പ്രയോജനം ലഭിക്കുന്നു. എല്ലാ കോചുകളിലും ഓടോമാറ്റിക് ഡോറുകളാണുള്ളത്. യാത്ര സുരക്ഷിതവും സുഖകരവുമാക്കാൻ ജിപിഎസ് സംവിധാനങ്ങൾ, വിനോദ ആവശ്യങ്ങൾക്കായി ഓൺ-ബോർഡ് ഹോട്സ്പോട് വൈ-ഫൈ, വളരെ സുഖപ്രദമായ ഇരിപ്പിടങ്ങൾ, എക്സിക്യൂടീവ് ക്ലാസിൽ കറങ്ങുന്ന കസേരകൾ എന്നിവ പ്രത്യേകതകളാണ്. 2023 ഓഗസ്റ്റിൽ 75 വന്ദേ ഭാരത് ട്രെയിനുകൾ നിർമിക്കാനാണ് ഇന്റഗ്രൽ കോച് ഫാക്ടറി ലക്ഷ്യമിടുന്നത്.
പുതിയ ട്രെയിൻ സർവീസ് ആരംഭിക്കുന്നതോടെ ചെന്നൈയിലേക്ക് യാത്ര പോകുന്ന കാസർകോട്ടുകാർക്ക് പ്രയോജനം ലഭിക്കും. നിലവിൽ ഷൊർണൂർ വഴി പോകുന്നതിന് പകരം, മൈസൂറിലോ, ബെംഗ്ളൂറിലോ എത്തിയാൽ അവിടെ നിന്ന് വന്ദേഭാരത് എക്സ്പ്രസിൽ ചെന്നൈയിൽ എത്താനാവും. റെയിൽവേയിൽ നിന്നുള്ള അറിയിപ്പ് അനുസരിച്ച് വണ്ഡേഭാരത് എക്സ്പ്രസ് എംജിആർ ചെന്നൈ സെൻട്രലിൽ നിന്ന് രാവിലെ 5:50 ന് പുറപ്പെട്ട് 10:25 ന് ബെംഗ്ളുറു സിറ്റി ജൻക്ഷനിലെത്തും. ബെംഗളൂരിൽ നിന്ന് രാവിലെ 10:30 ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12:30 ന് മൈസൂരിൽ എത്തും. ആറ് മണിക്കൂർ 40 മിനിറ്റ് കൊണ്ട് 497 കിലോമീറ്റർ ദൂരം ട്രെയിൻ പിന്നിടും.
ഞായർ, തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലായി ആഴ്ചയിൽ ആറ് ദിവസവും സർവീസ് നടത്തും. മടക്കയാത്രയിൽ മൈസൂരു ജൻക്ഷനിൽ നിന്ന് ഉച്ചയ്ക്ക് 1:05 ന് പുറപ്പെട്ട് 2:55 ന് ബെംഗ്ളുറു സിറ്റി ജൻക്ഷനിലെത്തും. ഇവിടെ നിന്ന് നിന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് പുറപ്പെടുന്ന ട്രെയിൻ രാത്രി 7.35ന് എംജിആർ ചെന്നൈ സെൻട്രലിൽ എത്തും.
Keywords: India, Chennai, Mysore, Top-Headlines, News, Train, Mangalore, National,Mangalore,Train,India,Indian-Railway, Chennai-Mysore Vande Bharat Express Services To Begin From November 11.








