Fire | മംഗ്ളൂറിൽ പെട്രോൾ പമ്പിൽ കാറിന് തീപ്പിടിച്ച് കത്തിയമർന്നു; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
● ലേഡിഹിൽ നാരായണ ഗുരു സർക്കിളിലെ പെട്രോൾ പമ്പിലാണ് സംഭവം
● മാരുതി 800 കാറിനാണ് തീ പിടിച്ചത്
● കാറിന്റെ എൻജിനിൽ നിന്നാണ് തീ പടർന്നത്
മംഗ്ളുറു: (KasargodVartha) നഗരത്തിലെ ലേഡിഹിൽ നാരായണ ഗുരു സർക്കിളിലെ പെട്രോൾ പമ്പിൽ മാരുതി 800 കാറിന് തീപ്പിടിച്ചത് പ്രദേശവാസികളെ ഞെട്ടിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് 3.30 മണിയോടെയാണ് അപകടം സംഭവിച്ചത്. ബജ്‌പെയിൽ നിന്ന് ഇന്ധനം നിറയ്ക്കാൻ എത്തിയ കാർ പെട്രോൾ പമ്പിന് സമീപം നിർത്തിയ ഉടനെ തീപ്പിടിക്കുകയായിരുന്നു.
കാറിന്റെ എൻജിനിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. കടുത്ത വെയിലും കൂടിയായതോടെ തീ പെട്ടെന്ന് പടർന്നു. നിമിഷനേരം കൊണ്ട് കാർ പൂർണമായും കത്തി. പമ്പിൽ വൈറ്റ് പെട്രോൾ ഉൾപ്പെടെയുള്ള ഇന്ധനം സൂക്ഷിച്ചിരുന്നതിനാൽ ജീവനക്കാരും പ്രദേശവാസികളും ഏറെ ഭയന്നു.
എന്നാൽ, ഉടൻ തന്നെ പമ്പിൽ ഉണ്ടായിരുന്നവർ ബക്കറ്റുകളിൽ വെള്ളം ഒഴിച്ച് തീ അണയ്ക്കാൻ ശ്രമിച്ചു. അഗ്നിശമന സേനയും സ്ഥലത്തെത്തി. സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല. കാറിൽ നിന്ന് പുക ഉയർന്നതോടെ കാറിലുണ്ടായിരുന്നവർ പുറത്തിറങ്ങിയിരുന്നു. എന്നാൽ, കാർ പൂർണമായും കത്തിനശിച്ചു. ഭൂഗർഭ പെട്രോൾ ടാങ്കിലേക്ക് തീ പടർന്നിരുന്നെങ്കിൽ വൻ ദുരന്തത്തിന് വഴിവെക്കുമായിരുന്നുവെന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടി.
#mangaluru #carfire #accident #petrolpump #kerala #india #firesafety #vehiclesafety