Flight | പ്രതികൂല കാലാവസ്ഥ: ദുബൈയിൽ നിന്ന് മംഗ്ളൂറിലേക്കുള്ള വിമാനം വൈകുന്നു; ബെംഗ്ളൂറിൽ ഇറക്കി; ദുരിതത്തിലായി യാത്രക്കാരും സ്വീകരിക്കാൻ എത്തിയവരും
മംഗ്ളൂറിലേക്ക് ബെംഗ്ളൂറിൽ നിന്നുള്ള രണ്ട് വിമാനങ്ങളും മുംബൈയിലേക്കുള്ള ഒരു വിമാനവും റദ്ദാക്കിയിട്ടുണ്ട്
മംഗ്ളുറു: (KasargodVartha) പ്രതികൂല കാലാവസ്ഥയെ തുടർന്ന് ദുബൈയിൽ (Dubai) നിന്ന് മംഗ്ളൂറിലേക്കുള്ള (Mangalore) വിമാനം (Flight) വൈകുന്നു (Delayed). വിമാനം ഇപ്പോൾ ബെംഗ്ളൂറിൽ (Bangalore) ഇറക്കിയിരിക്കുകയാണ്. ഇതോടെ യാത്രക്കാരും മംഗ്ളുറു വിമാനത്തവാളത്തിൽ ഇവരെ സ്വീകരിക്കാൻ എത്തിയവരും ദുരിതത്തിലായി. ദുബൈയിൽ നിന്ന് ഞായറാഴ്ച രാവിലെ 12 മണിയോടെ പുറപ്പെട്ട ഇൻഡിഗോ (Indigo) വിമാനമാണ് (6E 1468) വൈകുന്നത്.
വൈകീട്ട് 4.35നാണ് വിമാനം മംഗ്ളൂറിൽ ലാൻഡ് ചെയ്യേണ്ടിയിരുന്നത്. നിറയെ യാത്രക്കാരുള്ള വിമാനത്തിന് ഇനി ബെംഗ്ളൂറിൽ നിന്ന് എപ്പോൾ പുറപ്പെടാനാകുമെന്ന് വ്യക്തമല്ലെന്ന് യാത്രക്കാരനായ മേൽപറമ്പിലെ സാജിദ് കാസർകോട് വാർത്തയോട് പറഞ്ഞു. ദുബൈയിൽ നിന്ന് മംഗ്ളൂറിൽ ഞായറാഴ്ച വൈകീട്ട് 6.15ന് എത്തേണ്ട ഇൻഡ്യൻ എക്‌സ്പ്രസ് വിമാനവും (IX 384) ബെംഗ്ളൂറിലേക്ക് തിരിച്ചുവിട്ടിട്ടുണ്ട്.
കൂടാതെ മംഗ്ളൂറിലേക്ക് ബെംഗ്ളൂറിൽ നിന്നുള്ള രണ്ട് വിമാനങ്ങളും മുംബൈയിൽ നിന്നുള്ള ഒരു വിമാനവും റദ്ദാക്കിയിട്ടുണ്ട്. ജൂലൈ 17 വരെ കനത്ത മഴയ്ക്ക് സാധ്യത സാധ്യതയുള്ളതിനാൽ ദക്ഷിണ കന്നഡ ജില്ലയിൽ ചുവന്ന ജാഗ്രത (Red Alert) പ്രഖ്യാപിച്ചിരിക്കുകയാണ്. തിങ്കളാഴ്ച മഴ കൂടുതൽ ശക്തമാകുമെന്നാണ് പ്രവചനം.