city-gold-ad-for-blogger

മിന്നുന്നതെല്ലാം പൊന്നല്ല! വിജാഗിരി കള്ളക്കടത്ത് സ്വര്‍ണമെന്ന് പറഞ്ഞ് മലയാളി യാത്രക്കാരനെ മംഗളൂരു വിമാനത്താവളത്തില്‍ 3 മണിക്കൂര്‍ തടഞ്ഞുവെച്ചു

EXCLUSIVE REPORT 

മംഗളൂരു: (www.kasargodvartha.com 02/08/2016) വാതിലുകളും ജനലുകളും ഘടിപ്പിക്കാന്‍ ഉപയോഗിക്കുന്ന സ്വര്‍ണ നിറമുള്ള പിച്ചളയുടെ വിജാഗിരി കള്ളക്കടത്ത് സ്വര്‍ണമെന്ന് പറഞ്ഞ് മലയാളി യാത്രക്കാരനെ മംഗളൂരു വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചത് മൂന്ന് മണിക്കൂര്‍. ഒടുവില്‍ സീന്‍ കോണ്‍ട്രയാകുമെന്നറിഞ്ഞതോടെ കസ്റ്റംസ് അധികൃതര്‍ യാത്രക്കാരനെ ഡ്യൂട്ടി അടപ്പിച്ച് വിട്ടു. മംഗളൂരു ബജ്‌പെ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. കാസര്‍കോട് പൊയ്‌നാച്ചി സ്വദേശിയായ മോഹനനാണ് ഈ ദുര്‍ഗതി ഉണ്ടായത്.

ദുബൈയില്‍ ബിസിനസ് നടത്തുന്ന മോഹനന്‍ വീട് നിര്‍മാണത്തിനായി കൊണ്ടുവന്ന 46 വിജാഗിരിയാണ് സ്വര്‍ണമെന്ന് പറഞ്ഞ് ഉദ്യോഗസ്ഥര്‍ പിടിച്ചുവെച്ചത്. പരിശോധനകള്‍ക്ക് ശേഷം ഇത് സ്വര്‍ണമല്ലെന്ന് മനസ്സിലാക്കിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഒരു തുക നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഡ്യൂട്ടി അടക്കാന്‍ താന്‍ തയ്യാറാണെന്നും അതിന് ബില്ല് നല്‍കണമെന്നും മോഹനന്‍ പറഞ്ഞു. എന്നാല്‍ തങ്ങള്‍ പറയുന്ന തുക നല്‍കണമെന്നും അതിന് ബില്ല് ലഭിക്കില്ലെന്നുമായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി.

ഇതോടെ അധിക്ഷേപിക്കുന്ന തരത്തിലായി ഉദ്യോഗസ്ഥരുടെ സംസാരം. നിങ്ങള്‍ മലയാളികളല്ലേ...നിങ്ങള്‍ മുഴുവന്‍ സ്വര്‍ണക്കടത്തുകാരാ എന്നായിരുന്നു ഒരു ഉദ്യോഗസ്ഥന്റെ പരിഹാസമെന്ന് മോഹനന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ഏതെങ്കിലും വ്യക്തികള്‍ ചെയ്യുന്ന കുറ്റത്തിന് ഒരു സംസ്ഥാനത്തെയൊട്ടാകെ അതും മലയാളിയായ താങ്കള്‍ ഇങ്ങിനെ പരിഹസിക്കുന്നതിനെന്തിനെന്ന് ചോദിച്ചപ്പോള്‍, അധികം സംസാരിച്ചാല്‍ തനിക്കെതിരെ ഇവിടെ അതിക്രമം കാട്ടിയതിന് കേസ് നല്‍കുമെന്നാണ് ആ ഉദ്യോഗസ്ഥന്‍ പറഞ്ഞത്. ഇതിനിടയില്‍ മോഹനന്റെ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ചെയ്യിച്ചു. പുറത്തു കാത്തു നിന്ന ബന്ധുക്കളെ ബന്ധപ്പെടാന്‍ പോലും അനുവദിച്ചില്ല. പുറത്ത് കാത്തിരുന്നവര്‍ മോഹനനെ കാണാതായതോടെ നന്നേ പരിഭ്രമിച്ചു. www.kasargodvartha.com

ഇതിനിടയില്‍ ബാത്ത് റൂമില്‍ പോകുമ്പോഴും, വെള്ളം കുടിക്കാന്‍ പോകുമ്പോഴും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്നു. തിങ്കളാഴ്ച വൈകുന്നേരം ആറ് മണിക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് IX384 വിമാനത്തിലാണ് മോഹന്‍ എത്തിയത്. ഒന്നര മണിക്കൂറിന് ശേഷം അടുത്ത വിമാനം എത്തിയപ്പോള്‍ മോഹനനെ തടഞ്ഞുവെച്ച കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കായി പുറത്തുപോയി. ഈ സമയത്ത് അസി. കസ്റ്റംസ് കമ്മീഷണറെ കണ്ട മോഹനന്‍ കാര്യങ്ങള്‍ ധരിപ്പിച്ചു. ഇനിയും തന്നെ ഇവിടെ തടഞ്ഞുവെച്ചാല്‍ താന്‍ പുറത്തുപോകില്ലെന്നും, ഇവിടെ കുത്തിയിരുന്ന് സമരം ചെയ്യുമെന്നും പറഞ്ഞതോടെ ഉദ്യോഗസ്ഥരെ വിളിച്ച് കാര്യം തിരക്കിയ കമ്മീഷണര്‍ ഡ്യൂട്ടി അടപ്പിച്ച് വിടാന്‍ പറഞ്ഞു. എന്നാല്‍ ഡ്യൂട്ടി അടക്കാന്‍ ആദ്യം തന്നെ താന്‍ തയ്യാറായിരുന്നുവെന്നും പിന്നെന്തിനാണ് തന്നെ മൂന്ന് മണിക്കൂര്‍ നേരം തടഞ്ഞുവെച്ചതെന്നുമുള്ള മോഹനന്റെ ചോദ്യത്തിന് ഉദ്യോഗസ്ഥര്‍ മൗനം പാലിച്ചു.

ഒരു വിജാഗിരിക്ക് ഏഴ് ദിര്‍ഹം വെച്ച് 46 എണ്ണത്തിന് 322 ദിര്‍ഹം നല്‍കിയാണ് ദുബൈയില്‍ നിന്നും വാങ്ങിയത്. ഇതിന് 36.5 ശതമാനം ഡ്യൂട്ടിയായി 2,174 രൂപ അടച്ച ശേഷമാണ് മോഹനന് വിമാനത്താവളത്തിന് പുറത്തെത്താന്‍ കഴിഞ്ഞത്. അപ്പോഴേക്കും പുറത്തു കാത്തുനിന്നവര്‍ വീട്ടിലേക്ക് പോയിരുന്നു. പിന്നീട് ടാക്‌സി വിളിച്ചാണ് നാട്ടിലേക്ക് പോയത്. തനിക്കുണ്ടായ ദുരിതം ടാക്‌സി ഡ്രൈവറോട് വിവരിച്ചപ്പോള്‍, ഇത് ഇവിടെ സ്ഥിരം നടക്കുന്നതാ, കൊണ്ടുവന്ന സാധനങ്ങള്‍ മുഴുവനായും തിരിച്ചു കിട്ടിയല്ലോ, അതുതന്നെ ഭാഗ്യമാണ്- എന്നാണ് അയാള്‍ മോഹനനോട് പറഞ്ഞത്. www.kasargodvartha.com

ആറ് ഉദ്യോഗസ്ഥരാണ് തന്നെ പിടിച്ചുവെച്ചത്. അതില്‍ മലയാളിയായ ഉദ്യോഗസ്ഥനാണ് തന്നെ അധിക്ഷേപിച്ച് സംസാരിച്ചതും ഭീഷണിപ്പെടുത്തിയതും. കര്‍ണാടക, തമിഴ്‌നാട് സ്വദേശികളായ ഉദ്യോഗസ്ഥര്‍ അത്ര പ്രശ്‌നം ഉണ്ടാക്കിയില്ലെന്നും, അവസാനം സംഭവം പരാതിപ്പെടരുതെന്നും അവര്‍ പറഞ്ഞതായി മോഹനന്‍ പറഞ്ഞു. തനിക്കുണ്ടായ ദുരവസ്ഥ സംബന്ധിച്ച് ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് മോഹനന്‍.

ഇതിന് മുമ്പും മംഗളൂരു വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിരവധി യാത്രക്കാര്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു.

മിന്നുന്നതെല്ലാം പൊന്നല്ല! വിജാഗിരി കള്ളക്കടത്ത് സ്വര്‍ണമെന്ന് പറഞ്ഞ് മലയാളി യാത്രക്കാരനെ മംഗളൂരു വിമാനത്താവളത്തില്‍ 3 മണിക്കൂര്‍ തടഞ്ഞുവെച്ചു

Keywords : Mangalore, Airport, Kasaragod, Poinachi, Dubai, House, Complaint, Mohanan, Hinge, Gold, Smuggling, Another passenger stopped for bribe in Mangalore Airport. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia