Traders | ക്ഷേത്രങ്ങളിലെ ഉത്സവ പരിസരത്ത് അഹിന്ദുക്കള്‍ വ്യാപാരം നടത്തുന്നത് നിയമത്തിനും ചട്ടത്തിനും വിരുദ്ധം, കച്ചവട അനുമതി നല്‍കിയാല്‍ തടയുമെന്ന് ഹിന്ദു ജാത്ര വ്യാപാര സംഘടന
മംഗളൂരു: (www.kasargodvartha.com) കര്‍ണാടകയില്‍ ഹൈന്ദവ ക്ഷേത്രങ്ങളിലെ ഉത്സവ പരിസരത്ത് അഹിന്ദുക്കള്‍ വ്യാപാരം നടത്തുന്നത് നിയമത്തിനും ചട്ടത്തിനും വിരുദ്ധമെന്ന് വാദം. ഹിന്ദുക്കള്‍ അല്ലാത്തവര്‍ക്ക് കച്ചവട അനുമതി നല്‍കിയാല്‍ തടയുമെന്ന് കര്‍ണാടക ഹിന്ദു ജാത്ര വ്യാപാരസ്ഥര സംഘ പ്രസിഡന്റ് മഹേഷ് ശേഖര്‍ ദാസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഹിന്ദു മത-ചാരിറ്റബ്ള്‍ എന്റോവ്‌മെന്റ് ആക്റ്റില്‍ ഇക്കാര്യം പറയുന്നുണ്ടെന്ന് മഹേഷ് അവകാശപ്പെട്ടു. ഇത് ലംഘിച്ച് വ്യാപാരം നടത്തിയാല്‍ നേരിടും. സംഘത്തിന്റെ സംസ്ഥാനതല രൂപവത്കരണ പ്രഖ്യാപനം ശനിയാഴ്ച നടത്താന്‍ തീരുമാനിച്ചത് ബിജെപിയുടെ മന്ത്രിമാര്‍, എം പി, എംഎല്‍എമാരുടെ അസൗകര്യം കാരണം മാറ്റിവച്ചതാണ്.
കര്‍ണാടകയില്‍ 1.27 ലക്ഷം ഹിന്ദു വ്യാപാരികള്‍ ക്ഷേത്രം ഉത്സവങ്ങളില്‍ കച്ചവടം നടത്തുന്നവരായുണ്ട്. ആ മേഖല തങ്ങള്‍ക്ക് മാത്രം അവകാശപ്പെട്ടതാണ്. ഇതുവരെ 800 വ്യാപാരികള്‍ സംഘവുമായി സഹകരിക്കാന്‍ സന്നദ്ധമായതായി മഹേഷ് പറഞ്ഞു.
വ്യാപാര മേഖലയില്‍ മതവിഭാഗീയത വളര്‍ത്താനുള്ള നീക്കം തടയണമെന്ന് ആവശ്യം
മംഗളൂറു: വ്യാപാര മേഖലയില്‍ മത വിഭാഗീയത സൃഷ്ടിക്കാന്‍ ഒരു വിഭാഗം നടത്തുന്ന കുത്സിത നീക്കങ്ങളുടെ അപകടം മുന്നില്‍ കണ്ട് നടപടി സ്വീകരിക്കണമെന്ന് ദക്ഷിണ കന്നട-ഉടുപ്പി ജില്ല ഉത്സവകാല കച്ചവടക്കാരുടെ കോഓര്‍ഡിനേഷന്‍ കമിറ്റിയും തെരുവ് കച്ചവട വെല്‍ഫേര്‍ അസോസിയേഷനും ആവശ്യപ്പെട്ടു.
കോഓര്‍ഡിനേഷന്‍ ഓണററി പ്രസിഡന്റ് സുനില്‍ കുമാര്‍ ബാജല്‍, വെല്‍ഫേര്‍ അസോസിയേഷന്‍ ഓണററി പ്രസിഡന്റ് ബി കെ ഇംത്യാസ് എന്നിവര്‍ ഇത് സംബന്ധിച്ച് രണ്ട് ജില്ലകളുടേയും ഡിസിമാര്‍, സാമുദായിക വിദ്വേഷ വിരുദ്ധ സ്‌ക്വാഡ് എന്നിവര്‍ക്ക് നിവേദനം നല്‍കി. സദാചാര ഗുണ്ടായിസത്തിനെതിരെ ഒരു ഭാഗത്ത് നടപടി ശക്തമാക്കുന്ന വേളയില്‍ വ്യാപാര രംഗത്ത് സംഘടിത സദാചാര ഗുണ്ടായിസം കൊണ്ടുവരാനുള്ള നീക്കം ചെറുക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
Keywords: Mangalore, News, National, Top-Headlines, ‘Allow Only Hindu Traders to have Stalls during Hindu Fairs’- Hindu Jaatra Vyaparasthara Sangha.