Yoga Practice | യോഗ ചെയ്യുന്നത് വഴി മനസ്സിനെയും ശരീരത്തെയും ഞൊടിയിടയില്‍ മികച്ചതാക്കി മാറ്റുന്നു; ഒപ്പം ശാരീരിക വഴക്കം നേടിയെടുക്കാന്‍ സഹായിക്കുന്നു
* ദന്താരോഗ്യം മെച്ചപ്പെടുത്തുന്നു
* ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും കഴിയും
കൊച്ചി: (KasargodVartha) ഇന്ന് നമ്മുടെ എല്ലാവരുടേയും ദിനചര്യയുടെ ഒരു ഭാഗമായി തന്നെ യോഗ മാറിയിരിക്കുകയാണ്. മാനസിക ഉന്മേഷം നല്‍കുന്നതിനൊപ്പം ശാരീരിക പോരായ്മകള്‍ പരിഹരിക്കാനും യോഗയിലൂടെ കഴിയുന്നു. വീട്ടില്‍ നിന്നു തന്നെ നമ്മുക്ക് യോഗ ചെയ്യാം. യോഗ ശീലമാക്കുന്നത് വഴി ശാരീരിക വഴക്കം നേടിയെടുക്കാനും കഴിയുന്നു. യോഗ ശീലമാക്കുന്നത് വഴി ആരോഗ്യത്തെ എങ്ങനെ മികച്ചതാക്കാം എന്ന് നോക്കാം.
*മദ്യപാനത്തിന്റെ പ്രതികൂല ഫലങ്ങള്‍ക്കെതിരെ
അടുത്തിടെ മദ്യപാനമോ പുകവലിയോ ഉപേക്ഷിച്ച ആളുകള്‍ക്ക് യോഗ ചെയ്യുന്നത് വളരെ സഹായകമാണെന്ന് അനുഭവസ്ഥര്‍ പറയുന്നു. ദുശീലങ്ങള്‍ ഉപേക്ഷിക്കാന്‍ ശ്രമിക്കുന്ന ആളുകള്‍ക്ക് യോഗ ചെയ്യുന്നത് വളരെ ഗുണം ചെയ്യും. ആദ്യത്തെ കുറച്ച് ദിവസങ്ങളും ആഴ്ചകളുമാണ് അഡിക്ഷനില്‍ നിന്നും രക്ഷ നേടാന്‍ പ്രയാസം.
പതിവായി യോഗ ചെയ്യുന്നത് വഴി അഡിക്ഷന്റെ പ്രേരണകളെ ഒഴിവാക്കാനും ആരോഗ്യകരമായ ജീവിത ശൈലി പിന്തടരാനുള്ള മാനസിക ബലം നല്‍കുകയും ചെയ്യുന്നു. ദീര്‍ഘകാലാടിസ്ഥാനത്തില്‍, നിക്കോട്ടിന്‍ അല്ലെങ്കില്‍ അമിതമായ മദ്യത്തിന്റെ പ്രതികൂല ഫലങ്ങളില്‍ നിന്ന് ശരീരത്തെ വീണ്ടെടുക്കാന്‍ യോഗ സഹായിക്കും.
*ദന്താരോഗ്യം മെച്ചപ്പെടുത്തുന്നു
യോഗ പതിവായി ചെയ്യുന്നത് വഴി ദന്താരോഗ്യം മെച്ചപ്പെടുത്തുന്നു. യോഗ സ്ഥിരമായി ചെയ്യുന്ന ആളുകള്‍ക്ക് പല്ല്, മോണ പ്രശ്‌നങ്ങള്‍ സമാനമായ മറ്റ് രോഗങ്ങള്‍ എന്നിവ വളരെ കുറവായിരിക്കും. കാരണം, വായുടെ ആരോഗ്യത്തെ ബാധിക്കുന്ന മറ്റ് ഘടകങ്ങളെ നിയന്ത്രിക്കാന്‍ യോഗ സഹായിക്കുന്നു
*ആരോഗ്യകരമായ ഭക്ഷണ ശീലത്തിന്
ഇന്നത്തെ തിരക്കിട്ട ജീവിത യാത്രയില്‍ ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്ന കാര്യത്തില്‍ പലര്‍ക്കും വേണ്ടത്ര ശ്രദ്ധ ഉണ്ടാകാറില്ല. എന്നാല്‍ യോഗ ചെയ്യുന്നത് വഴി ആരോഗ്യകരമായ ഭക്ഷണ ശീലത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സഹായിക്കുന്നു. നിരവധി വ്യത്യസ്ത ഗുണങ്ങളെ ശരീരത്തിന് നല്‍കാന്‍ യോഗയ്ക്ക് കഴിയുന്നു. വിശപ്പിനെ കൃത്യമായി തിരിച്ചറിയാനും അതോടൊപ്പം അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും യോഗ സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
*ആരോഗ്യ പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍
മൈഗ്രേന്‍ അടക്കമുള്ള നിരവധി പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും ശരീരത്തിന് ആശ്വാസ ഗുണങ്ങള്‍ പകരാനും തടി കുറയ്ക്കാനും യോഗ സഹായിക്കുന്നു. യോഗ ചെയ്യുന്നത് വഴി ശാരീരിക പ്രവര്‍ത്തനങ്ങള്‍, ശാരീരികബലം, വഴക്കം, ആരോഗ്യകരമായ ശരീരഘടന എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് സഹായിക്കുന്നു. ആരോഗ്യകരമായ ജീവിതശൈലി നയിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ യോഗ പരിശീലനങ്ങളില്‍ ഏര്‍പ്പെടുക.
*ബോഡി പോസ്ചര്‍ മെച്ചപ്പെടുത്താന്‍
ബോഡി ഷെയ്മിംഗ് നേരിടേണ്ടി വന്നിട്ടുള്ളവര്‍ക്ക് യോഗയിലൂടെ ശരീരഭംഗി നിലനിര്‍ത്താം. മോശം ശരീരഘടന ആളുകളുടെ മനോവീര്യം തന്നെ ഇല്ലാതാക്കുന്നു. പുറത്തിറങ്ങി നടക്കാനും വയ്യാത്ത അവസ്ഥയായിരിക്കും. തെറ്റായ ശരീരവിന്യാസം പുറംവേദന, കഴുത്ത് വേദന, മറ്റ് പേശീവേദന, ജോയിന്റ് പ്രശ്‌നങ്ങള്‍ എന്നിവയടക്കം നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു.
എന്നാല്‍ കഴുത്തിനും നട്ടെല്ലിനു ചുറ്റുമുള്ള പേശികളെ ശക്തിപ്പെടുത്തുന്നതിലൂടെ യോഗയ്ക്ക് ശരീരത്തിന്റെ പോസ്ചര്‍ മെച്ചപ്പെടുത്താന്‍ സാധിക്കും. ഇത് പേശികളുടെ വേദനയും സമ്മര്‍ദവും ലഘൂകരിച്ചുകൊണ്ട് ദിവസവും ആരോഗ്യത്തോടെ ദൈന്യദിന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ വഴിയൊരുക്കുകയും ചെയ്യുന്നു.
*മാനസികസമ്മര്‍ദം കുറയ്ക്കാന്‍
സമ്മര്‍ദം പലപ്പോഴും ശരീരത്തെയും മനസ്സിനെയും ഗുരുതരമായി ബാധിക്കാറുണ്ട്. ഇത് ഉറക്കത്തിനും ഭക്ഷണശീലത്തിനുമെല്ലാം തടസമുണ്ടാക്കുകയും, ആ ദിവസം മുഴുവനും മോശപ്പെട്ടതാവുകയും ചെയ്യുന്നു. ഇതിനെ മറികടക്കാന്‍ ആഴ്ചയില്‍ ഒരു തവണ യോഗ സെഷനില്‍ പങ്കെടുക്കുന്നത് നല്ലതാണ്. സ്‌ട്രെസ് ലെവലുകള്‍ കുറച്ചുകൊണ്ട് മികച്ച ഉറക്കം നല്‍കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും ആരോഗ്യകരമായ മെറ്റബോളിസവും രോഗപ്രതിരോധ ശേഷിയും ശാരീരിക വ്യവസ്ഥിതിയില്‍ ഗുണകരമായ മാറ്റങ്ങള്‍ കൊണ്ടുവരാനും സഹായിക്കും.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു പഠനത്തില്‍ സമ്മര്‍ദത്തിന്റെ പ്രശ്‌നങ്ങളുള്ള സ്ത്രീകള്‍ക്ക് യോഗയിലൂടെ ആശ്വാസം ലഭിക്കുന്നതായി കണ്ടെത്തിയിരുന്നു. മാനസിക ക്ലേശങ്ങള്‍ അനുഭവിക്കുന്ന സ്ത്രീകള്‍ മൂന്നുമാസത്തോളം യോഗ ചെയ്തതിനെ തുടര്‍ന്ന് സമ്മര്‍ദത്തിന്റെയും മാനസികാരോഗ്യത്തിന്റെയും ആരോഗ്യഫലങ്ങളില്‍ ഗണ്യമായ പുരോഗതി നേടിയതായും പഠനം വ്യക്തമാക്കുന്നു
*പേശീബലം വര്‍ധിപ്പിക്കാന്‍
ജിമ്മില്‍ പോകാതെ തന്നെ പേശികള്‍ മെച്ചപ്പെടുത്താന്‍ യോഗയിലൂടെ കഴിയുമെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. പലരും ബലമുള്ള പേശികള്‍ നേടുന്നതിനായി യോഗ സെഷനുകളെ ഉപയോഗപ്പെടുത്തുന്നില്ല എന്നും ഇവര്‍ പറയുന്നു.
വ്യത്യസ്ത യോഗ രീതികള്‍ പേശികളിലേക്കുള്ള രക്തചക്രമണം മെച്ചപ്പെടുത്തുന്നത് ഉള്‍പ്പെടെ നിരവധി ഗുണങ്ങള്‍ നല്‍കുന്നു. പേശികളിലേക്കുള്ള രക്തയോട്ടം വര്‍ധിക്കുമ്പോള്‍, ഇവയ്ക്ക് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനും നഷ്ടപ്പെട്ടുപോയ ബലം മികച്ച രീതിയില്‍ വീണ്ടെടുക്കാന്‍ കഴിയുകയും ചെയ്യുമെന്നും ഇവര്‍ പറയുന്നു.
*ശാരീരിക ബാലന്‍സും വഴക്കവും മെച്ചപ്പെടുത്താന്‍
ആരോഗ്യകരമായ നിരവധി സ്‌ട്രെച്ചുകളും പോസുകളും കൊണ്ട് സമ്പന്നമാണ് യോഗ. ഇതില്‍ പലതും ശാരീരിക വഴക്കവും സന്തുലിതാവസ്ഥയും മെച്ചപ്പെടുത്തുന്നതിത് സഹായകമാണ്. ചെയര്‍ പോസ് അല്ലെങ്കില്‍ ട്രയാങ്കിള്‍ പോസ് പോലുള്ളവ കൈകാലുകള്‍ നീണ്ടു നിവര്‍ത്താന്‍ അനുവദിച്ചുകൊണ്ട് വഴക്കവും സന്തുലിതാവസ്ഥയും ചലന വ്യാപ്തിയുമെല്ലാം മെച്ചപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു.
പേശികള്‍ ഉപയോഗിച്ച് ചെയ്യുന്ന യോഗ വ്യായാമങ്ങള്‍ പരുക്കുകള്‍ ഉണ്ടാവുന്നത് തടഞ്ഞ് പേശികള്‍ക്ക് ആരോഗ്യം പകരുകയും കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ആരോഗ്യകരമായ ഒരു മസില്‍ ബില്‍ഡ് ദൈനംദിന പ്രവര്‍ത്തനങ്ങളെ മികച്ച രീതിയില്‍ ആക്കി മാറ്റാന്‍ സഹായിക്കുന്നു. പ്രായമായവരില്‍ ഉണ്ടാകാനിടയുള്ള അപകടങ്ങളും വീഴ്ചകളും തടയാനും യോഗ സഹായിക്കും.
*മെച്ചപ്പെട്ട ഹൃദയാരോഗ്യത്തിന്
സ്ഥിരമായി യോഗ ചെയ്യുന്നത് വഴി ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ കഴിയുമെന്നാണ് അമേരികന്‍ ഹാര്‍ട്ട് അസോസിയേഷന്‍ (AHA) പറയുന്നത്. കൃത്യമായ യോഗ വ്യായാമ ശീലം രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍ എന്നിവയുടെ അളവ് കുറച്ചു ഹൃദയത്തിന് ആവശ്യമായ സംരക്ഷണം നല്‍കും. ആഴത്തിലുള്ള ശ്വസന പ്രക്രിയ ശീലമാക്കുന്നത് വഴി ഹൃദയാരോഗ്യം മെച്ചപ്പെടുകയും ഹൃദയവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മികച്ചതാക്കി മാറ്റികൊണ്ട് നേട്ടങ്ങളില്‍ ഉറച്ചുനില്‍ക്കാന്‍ സഹായിക്കുകയും ചെയ്യും.
ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട ചില നൂതന യോഗ പോസുകളില്‍ ഒരു വ്യക്തി പൂര്‍ണമായും വളയുകയോ അല്ലെങ്കില്‍ ഹൃദയത്തിന് താഴേക്കുള്ള ഭാഗങ്ങളിലേക്ക് തലഭാഗം കൊണ്ടുവരികയോ ചെയ്യേണ്ടതുണ്ട്. ഹൃദ്രോഗമോ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളോ ഉണ്ടെങ്കില്‍ കഠിനമായ യോഗ ചര്യകള്‍ ശീലിക്കാന്‍ തുടങ്ങുന്നതിനു മുന്‍പ്, ഇതില്‍ പ്രാവീണ്യമുള്ളവരോട് അഭിപ്രായം തേടേണ്ടതാണ്.